Asianet News MalayalamAsianet News Malayalam

തലപ്പുഴയില്‍ ഉരുള്‍പ്പൊട്ടി അഞ്ച് ഏക്കറോളം വനം നശിച്ചു; അരുവിയില്‍ രൂപപ്പെട്ടത് വന്‍തടാകം

അഞ്ച് ഏക്കറോളം വനഭൂമി ഉരുള്‍പ്പൊട്ടലില്‍ നശിച്ചിച്ചതായാണ് പ്രാഥമിക വിലയിരുത്തല്‍. ഒരു മല ഏതാണ്ട് പൂര്‍ണമായും ഇടിഞ്ഞു നിരന്നിട്ടുണ്ട്. ഉരുള്‍പ്പൊട്ടലില്‍ പാറക്കല്ലിനും മണ്ണിനുമൊപ്പം വന്‍ മരങ്ങളും കടപുഴകി ഒരു കിലോമീറ്റര്‍ താഴോട്ട് പതിച്ചു. 

land slider in wayanad forest
Author
Wayanad, First Published Sep 7, 2018, 6:07 PM IST

കല്‍പ്പറ്റ: വയനാട് തലപ്പുഴ നാല്‍പ്പത്തിമൂന്നാം മൈലില്‍ രണ്ട് കിലോമീറ്റര്‍ അകലെ ഉള്‍വനത്തിനുള്ളില്‍ ഉരുള്‍പ്പൊട്ടി അഞ്ച് ഏക്കറോളം വനഭൂമി നശിച്ചു. രണ്ടാഴ്ച മുമ്പാണ് ഉരുള്‍പ്പൊട്ടലുണ്ടായതെന്നാണ് കരുതുന്നുത്. ദുരന്തമേഖലകളിലെ ഭൂമിയുടെ മാറ്റവു മറ്റും അധികൃതര്‍ നിരീക്ഷിച്ചു വരികയാണ്.  കഴിഞ്ഞ ദിവസമാണ് സംഭവം വനംവകുപ്പിന്റെയും നാട്ടുകാരുടെയും ശ്രദ്ധയില്‍പ്പെട്ടത്. 

അഞ്ച് ഏക്കറോളം വനഭൂമി ഉരുള്‍പ്പൊട്ടലില്‍ നശിച്ചിച്ചതായാണ് പ്രാഥമിക വിലയിരുത്തല്‍. ഒരു മല ഏതാണ്ട് പൂര്‍ണമായും ഇടിഞ്ഞു നിരന്നിട്ടുണ്ട്. ഉരുള്‍പ്പൊട്ടലില്‍ പാറക്കല്ലിനും മണ്ണിനുമൊപ്പം വന്‍ മരങ്ങളും കടപുഴകി ഒരു കിലോമീറ്റര്‍ താഴോട്ട് പതിച്ചു. ഒലിച്ചെത്തിയ മണ്ണ് സമീപത്തെ മറ്റൊരു മലയോട് തട്ടിയാണ് നിന്നത്. മണ്ണ് നിരങ്ങി വനത്തിന് നടുവിലൂടെ ഒഴുകുന്ന അരുവിയിലേക്കാണ് പതിച്ചിട്ടുള്ളത്. 

land slider in wayanad forest

കൊട്ടിയൂരിലെ പുഴയിലേക്ക് എത്തുന്ന അരുവിയുടെ ഒഴുക്ക് തടസപ്പെട്ടതിനാല്‍ ഒരു ഏക്കറിലധികം വിസ്തൃതിയില്‍ ഇവിടെ തടാകം രൂപപ്പെട്ടിട്ടുണ്ട്. ഉള്‍വനവനമായതിനാല്‍ ആനയുള്‍പ്പെടെയുള്ള മൃഗങ്ങള്‍ വിഹരിക്കുന്ന പ്രദേശം കൂടിയാണിത്. അതിനാല്‍ മഴമാറി നാളുകള്‍ക്ക് ശേഷമാണ് അധികൃതര്‍ ഇക്കാര്യമറിയുന്നത്. കൊട്ടിയൂര്‍ വനമേഖലയുമായി ബന്ധപ്പെട്ട് കിടക്കുന്ന ഈ വനം വയനാട് ബേഗൂര്‍ റെയ്ഞ്ചിന്റെ കീഴിലാണ്. 

സംഭവം ആദ്യം അറിഞ്ഞത് പ്രദേശവാസികളായിരുന്നെങ്കിലും വനംവകുപ്പ് ഉദ്യോഗസ്ഥര്‍ കൂടിയെത്തിയതിന് ശേഷമാണ് കൂടുതല്‍ പരിശോധന നടത്തിയത്. സ്വാഭാവിക വനത്തിനുള്ളിലെ ഉരുള്‍പ്പൊട്ടലിനെ കുറിച്ച് അറിയാന്‍ ജിയോളജി വകുപ്പിന്റെ സഹായം തേടുമെന്ന് ബേഗൂര്‍ റെയ്ഞ്ച് ഓഫീസര്‍ കെ.പി.അബ്ദുല്‍സമദ് പറഞ്ഞു. 

land slider in wayanad forest

Follow Us:
Download App:
  • android
  • ios