കോയമ്പത്തൂരിൽ നിന്നും തൃശൂരിലേക്ക് പോവുകയായിരുന്ന കെ എസ് ആർ ടി സി ബസിൽ നിന്നാണ് ഒരാളെ പിടികൂടിയത്

പാലക്കാട്: പാലക്കാട് ജില്ലയിൽ രണ്ടിടങ്ങളിൽ നിന്നായി വൻ എം ഡി എം എ ശേഖരം പിടികൂടി. നഗരത്തിൽ നിന്നും വാളയാറിൽ നിന്നുമായി ഒന്നര കിലോയോളം രാസലഹരിയാണ് പിടികൂടിയത്. 900 ഗ്രാം എം ഡി എം എയുമായി തൃശൂർ സ്വദേശി ദീക്ഷിത് ആണ് വാളയാറിൽ എക്സൈസ് പിടിയിലായത്. കോയമ്പത്തൂരിൽ നിന്നും തൃശൂരിലേക്ക് പോവുകയായിരുന്ന കെ എസ് ആർ ടി സി ബസിൽ നിന്നാണ് ഇയാളെ പിടികൂടിയത്.

നഗരത്തിൽ 600 ഗ്രാം എം ഡി എം എയുമായി പട്ടാമ്പി സ്വദേശികളായ ഇല്യാസ്, ഫഹദ് അലവി എന്നിവരെയാണ് ടൗൺ സൗത്ത് പൊലീസ് പിടികൂടിയത്. കെ എസ് ആർ ടി സി പരിസരത്ത് വച്ച് ലഹരി ഇടപാടിന് ശ്രമിക്കുന്നതിനിടെയാണ് ഇരുവരും കുടുങ്ങിയത്. 

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം

അതിനിടെ പുറത്തുവന്ന മറ്റൊരു വാർത്ത തൃശൂര്‍ പുതുക്കാട് തലോരില്‍ മൊബൈല്‍ ഷോപ്പിന്റെ ഷട്ടര്‍ തകര്‍ത്ത് ലക്ഷങ്ങളുടെ മൊബൈല്‍ ഫോണുകള്‍ കവര്‍ന്ന കേസില്‍ സഹോദരങ്ങള്‍ അറസ്റ്റിലായി എന്നതാണ്. അന്നമനട കല്ലൂര്‍ ഊളക്കല്‍ വീട്ടില്‍ സെയ്ത് മൊഹസീന്‍, സഹോദരന്‍ മൊഹത്ത് അസീം എന്നിവരെയാണ് പുതുക്കാട് പൊലീസ് അറസ്റ്റ് ചെയ്തത്. സംഭവത്തില്‍ രണ്ടുപേരെ കൂടി പിടികൂടാനുണ്ടെന്ന് പൊലീസ് പറഞ്ഞു. മാര്‍ച്ച് 31 ന് അതിരാവിലെ സംസ്ഥാന പാതയോരത്തെ അഫാത്ത് മൊബൈല്‍ ഷോപ്പിന്റെ ഷട്ടറിന്റെ താഴ് ഗ്യാസ് കട്ടര്‍ ഉപയോഗിച്ച് അറുത്തുമാറ്റിയാണ് സംഘം മോഷണം നടത്തിയത്. 10 ലക്ഷം രൂപയുടെ മൊബൈല്‍ ഫോണുകളാണ് മോഷണം പോയത്. കടയുടെ ഉള്ളില്‍ കയറി 2 പേര്‍ ചേര്‍ന്ന് ഫോണുകള്‍ ചാക്കുകളില്‍ നിറച്ച് കാറില്‍ രക്ഷപ്പെടുന്ന നിരീക്ഷണ ക്യാമറ ദൃശ്യങ്ങള്‍ പൊലീസിന് ലഭിച്ചിരുന്നു. മോഷണം പോയ ഫോണുകളുടെ ഐ എം ഇ ഐ നമ്പറുകളെ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതികളെ കുടുക്കിയത്. ഇവര്‍ ഇത്തരത്തിലുള്ള മോഷണങ്ങള്‍ മുന്‍പ് നടത്തിയതായും പൊലീസ് സംശയിക്കുന്നുണ്ട്.