യോഗ മിനിറ്റ്സിൽ കൃത്രിമം കാണിച്ചെന്ന് ആരോപിച്ച് കൊടുവള്ളി നഗരസഭാ കൗൺസിൽ യോഗം എൽഡിഎഫ് കൗൺസിലർമാർ ബഹിഷ്കരിച്ചു

കൊടുവള്ളി: യോഗ മിനിറ്റ്സിൽ കൃത്രിമം കാണിച്ചെന്ന് ആരോപിച്ച് കൊടുവള്ളി നഗരസഭാ കൗൺസിൽ യോഗം എൽഡിഎഫ് കൗൺസിലർമാർ ബഹിഷ്കരിച്ചു. മിനിറ്റ്സിൽ കൃത്രിമം കാണിച്ച നഗരസഭാ ചെയർമാന്റെ നടപടിയിൽ പ്രതിഷേധിച്ച് തങ്ങൾ കൗൺസിൽ യോഗം ബഹിഷ്കരിച്ചതായി കൊടുവള്ളി നഗരസഭയിലെ എൽഡിഎഫ് കൗൺസിലർമാർ അറിയിക്കുകയായിരുന്നു. നഗരസഭയിൽ കഴിഞ്ഞ ഭരണസമിതി കാലയളവിൽ സ്ഥാപിച്ച 5,000 തെരുവ് വിളക്കുകൾ റിപ്പയർ ചെയ്യുന്നതുമായി ബന്ധപ്പെട്ട് 6-10-- 2022 ന് ചേർന്ന യോഗത്തിലെ മിനിറ്റ്സിലാണ് കൂട്ടിച്ചേർക്കലുകളും തിരുത്തലുകളും വരുത്തിയത്. 

ലക്ഷങ്ങൾ കൈക്കൂലിയായി വാങ്ങുന്നതിന് തയ്യാറാക്കിയ തിരക്കഥയുടെ അടിസ്ഥാനത്തിൽ നഗരസഭാ ചെയർമാനും ലീഗ് നേതൃത്വവും സ്വകാര്യ കരാറുകാരിൽ നിന്ന് സംഘടിപ്പിച്ച ക്വട്ടേഷൻ അംഗീകരിക്കാൻ കഴിയില്ലെന്ന് കൗൺസിൽ യോഗത്തിൽ എൽഡിഎഫ് കൗൺസിലർമാർ നിലപാടെടുത്തിരുന്നു. തുടർന്ന് ഇക്കാര്യം പരിശോധിക്കുന്നതിന് ഫൈസൽ കാരാട്ട് ചെയർമാനായി അഞ്ചംഗ ഉപസമിതിയെ നിശ്ചയിക്കാൻ യോഗം ഐക്യകണ്ഠേന തീരുമാനിക്കുകയും കൗൺസിലർ കെ. ശിവദാസന്റെ നിർദ്ദേശപ്രകാരം സബ് കമ്മിറ്റിയിൽ ചെയർമാനെയും, വൈസ് ചെയർമാനെയും എക്സ് ഒഫീഷ്യോ മെമ്പർമാരായ ഉൾപ്പെടുകയും ചെയ്തിരുന്നു. 

എന്നാൽ രണ്ട് ദിവസത്തിന് ശേഷം സബ് കമ്മിറ്റിയുടെ ചെയർമാൻ താനാണെന്നും ചെയർമാൻ ഉൾപ്പെടുന്ന സബ് കമ്മിറ്റികളിൽ കൗൺസിലർ ചെയർമാനാകുന്നത് സാമാന്യബുദ്ധിക്ക് നിരക്കാത്തതും അസ്വാഭാവികവുമാണെന്ന വിചിത്ര വാദവുമായി മുനിസിപ്പൽ ചെയർമാൻ രംഗത്ത് വരികയായിരുന്നെന്ന് എൽഡിഎഫ്. കൗൺസിലർമാർ പറഞ്ഞു. പിന്നീട് ലഭിച്ച യോഗ മിനിറ്റ്സിൽ കൗൺസിൽ തീരുമാനത്തിന് വിരുദ്ധമായി റംസിയ മോൾ, ഇ. ബാലൻ എന്നിവരെ സബ് കമ്മിറ്റിയിൽ കൂട്ടിച്ചേർക്കുകയും അഹമ്മദ് ഉനൈസിനെ ഒഴിവാക്കുകയും നഗരസഭാ ചെയർമാനെ സബ് കമ്മിറ്റി ചെയർമാനാക്കുന്നതാണ് ഉചിതമെന്ന് രേഖപ്പെടുത്തുകയും ചെയ്തിരിക്കുകയാണ്. 

ലീഗ് നേതൃത്വത്തിനും തനിക്കും സാമ്പത്തിക നേട്ടം ഉണ്ടാക്കുന്നതിന് തയ്യാറാക്കിയ നാടകം പൊളിയുകയും ലൈറ്റ് അഴിമതിയുടെ ഞെട്ടിക്കുന്ന പിന്നാമ്പുറ വിവരങ്ങൾ പുറത്തെത്തുമെന്നുള്ള ഭയപ്പാടുമാണ് നഗരസഭാ ചെയർമാനെ അന്തസ്സിന് നിരക്കാത്ത മിനിറ്റ്സ് കൃത്രിമത്വത്തിന് പ്രേരിപ്പിച്ചതെന്ന് എൽഡിഎഫ് ആരോപിക്കുന്നു. നഗരസഭാ ചെയർമാൻ ഉൾപ്പെടുന്ന കമ്മിറ്റികളുടെയെല്ലാം അധ്യക്ഷൻ താനായിരിക്കുമെന്ന വാദമുയർത്തുന്നവർ സ്റ്റാൻഡിങ് കമ്മിറ്റികൾക്ക് എന്തിനാണ് പ്രത്യേകം ചെയർമാൻമാരെ നിശ്ചയിക്കുന്നതെന്നും എക്സ് ഒഫീഷ്യോ മെമ്പർ എന്നതിന്റെ അർത്ഥമെന്താണെന്നും വിശദീകരിക്കുന്നത് നന്നായിരിക്കുമെന്നും പ്രതിപക്ഷം.

Read more:ശ്രീകണ്ഠാപുരത്ത് റാഗിങ് ആക്രമണം നേരത്തെയും, ഭയത്തിൽ പരാതിയുണ്ടായില്ല, വിദ്യാര്‍ത്ഥികളെ സസ്പെൻഡ് ചെയ്തേക്കും

കൊടുവള്ളിയിലെ മുസ്ലിം ലീഗ് നേതൃത്വവും മുനിസിപ്പൽ ചെയർമാനും ചേർന്ന് നടത്തിവരുന്ന തീവെട്ടിക്കൊള്ളയിലൂടെ ലക്ഷങ്ങളുടെ നികുതിപ്പണമാണ് ചോർന്ന് പോകുന്നതെന്നും ലൈറ്റ് സ്ഥാപിക്കൽ ഉൾപ്പെടെ നഗരസഭയിൽ നടന്നുവരുന്ന മുഴുവൻ പദ്ധതികൾ സംബന്ധിച്ചും സമഗ്രമായ അന്വേഷണം നടത്തി കുറ്റക്കാർക്കെതിരായ മാതൃകാപരമായ ശിക്ഷാ നടപടികൾ സ്വീകരിക്കണമെന്നും യോഗം ബഹിഷ്കരിച്ച എൽഡിഎഫ് കൗൺസിലർമാരായ വായോളി മുഹമ്മദ് മാസ്റ്റർ, പിസി ജമീല, ഇ ബാലൻ, ഫൈസൽ കാരാട്ട്, കെ. സുരേന്ദ്രൻ, കെ.സി. സോജിത്ത്, അഡ്വ. അർഷ അശോകൻ, ടി.കെ. ശംസുദ്ദീൻ, ആയിഷ അബ്ദുല്ല എന്നിവർ സംയുക്ത പ്രസ്താവനയിൽ ആവശ്യപ്പെട്ടു.