കണ്ണൂർ: ഒടുവിൽ കണ്ണൂർ കോർപ്പറേഷൻ ഭരണം എൽഡിഎഫിന് നഷ്ടമായി. ഭരണം മാറാൻ ഒരു വർഷം മാത്രം ശേഷിക്കേ, മേയർ ഇ പി ലതയ്ക്ക് എതിരെ യുഡിഎഫ് കൊണ്ടുവന്ന അവിശ്വാസപ്രമേയം പാസ്സായി. അവിശ്വാസപ്രമേയത്തിനെ അനുകൂലിച്ച് 28 പേർ വോട്ട് ചെയ്തപ്പോൾ എതിർത്തത് 26 പേർ മാത്രം. 

ഡെപ്യൂട്ടി മേയറായ കോൺഗ്രസ് വിമതൻ പി കെ രാഗേഷിന്‍റെ പിന്തുണയിലാണ് എൽഡിഎഫ് കണ്ണൂർ കോർപ്പറേഷൻ ഭരിച്ചിരുന്നത്. കണ്ണൂർ കോർപ്പറേഷനിൽ 27 വീതമായിരുന്നു ഇരുമുന്നണികൾക്കും ഉണ്ടായിരുന്ന അംഗബലം. ഒരു അംഗം ഈയിടെ മരിച്ചു. ഇതോടെ ഇടതിന്‍റെ പിന്തുണ അംഗബലം 26 ആയി കുറഞ്ഞു. 

ഇടതിന് മേയർ സ്ഥാനം നഷ്ടമായെങ്കിലും ഡെപ്യൂട്ടി മേയർ പദവി പി കെ രാഗേഷിന് തന്നെ നൽകുമെന്നാണ് യുഡിഎഫ് വ്യക്തമാക്കുന്നത്. എന്നാൽ അവിശ്വാസ പ്രമേയം വിജയിച്ച സാഹചര്യത്തിൽ മേയർ ഇ പി ലതയെപ്പോലെ ഡെപ്യൂട്ടി മേയർ പി കെ രാഗേഷും രാജി വയ്ക്കണമെന്ന് കണ്ണൂർ സിപിഎം ജില്ലാ സെക്രട്ടറി എം വി ജയരാജൻ ആവശ്യപ്പെട്ടു. രാഗേഷ് കൂടി അംഗമായ ഭരണസമിതിക്കെതിരായാണ് അവിശ്വാസപ്രമേയം പാസ്സായതെന്നാണ് എം വി ജയരാജൻ വ്യക്തമാക്കുന്നത്. രാഗേഷ് രാജിവച്ചില്ലെങ്കിൽ വീണ്ടും രാഗേഷിനെതിരെ അവിശ്വാസപ്രമേയം കൊണ്ടുവരുമെന്നാണ് എൽഡിഎഫ് ഭീഷണി.

അതേസമയം, കെപിസിസി ജനറൽ സെക്രട്ടറി സുമ ബാലകൃഷ്ണൻ പുതിയ മേയറാകുമെന്നാണ് യുഡിഎഫ് വ്യക്തമാക്കുന്നത്. എൽഡിഎഫിന്‍റെ എതിർപ്പ് വകവയ്ക്കുന്നില്ല. പി കെ രാഗേഷ് ഡെപ്യൂട്ടി മേയറായി തുടരും. ആറ് മാസത്തിന് ശേഷം ഭരണം മുസ്ലീം ലീഗിന് നൽകാമെന്നാണ് ധാരണ. 

കെ സുധാകരനോട് ഇടഞ്ഞ പി കെ രാഗേഷ് ആദ്യം കളം മാറ്റിച്ചവിട്ടിയതോടെയാണ്, കണ്ണൂർ കോർപ്പറേഷൻ ഭരണം എൽഡിഎഫിന് കിട്ടിയത്. പ്രത്യുപകാരമായി ഡെപ്യൂട്ടി മേയർ പദവി പി കെ രാഗേഷിന് സിപിഎം നൽകി. എന്നാലിപ്പോൾ രാഗേഷിനെ സ്വന്തം മുന്നണിയിൽ ഒപ്പം നിർത്താനാകുമെന്ന് ഉറപ്പ് കിട്ടിയതോടെയാണ് യുഡിഎഫ് അവിശ്വാസപ്രമേയത്തിലേക്ക് നീങ്ങിയത്. 

ഏതെങ്കിലും വോട്ട് അസാധുവാകുകയോ സാങ്കേതിക പിഴവുകളോ ഉണ്ടായാൽ തിരിച്ചടിയാകും എന്നതൊഴിച്ചാൽ കണക്കുകളിൽ തികഞ്ഞ ആത്മവിശ്വാസമായിരുന്നു യുഡിഎഫിന്. കഴിഞ്ഞ തവണ വികസന കാര്യ സ്റ്റാന്‍റിംഗ് കമ്മിറ്റി തെരഞ്ഞെടുപ്പിൽ യുഡിഎഫിന് ഇങ്ങനെ പിഴവ് പറ്റി ഇടതുമുന്നണി വിജയിച്ചിരുന്നു. എന്നാൽ ഒരംഗം ഈയിടെ മരിച്ചതാണ് നിർണായകമായത്. ഇടത് കൗൺസിലറുടെ മരണത്തിന് തൊട്ടുപിന്നാലെ അവിശ്വാസം കൊണ്ടുവന്നതിലടക്കം വലിയ വാഗ്വാദമാണ് കൗൺസിൽ യോഗത്തിൽ നടന്നത്.

അതേസമയം, നിർണായക  കൗൺസിൽ യോഗത്തിൽ നിന്നും വോട്ടെടുപ്പിൽ നിന്നും കണ്ണൂർ കളക്ടർ മാധ്യമങ്ങളെ പുറത്താക്കി. വോട്ടെടുപ്പ് നടപടികൾ റിപ്പോർട്ട് ചെയ്യുന്നതിൽ നിന്ന് മാധ്യമങ്ങളെ വിലക്കിയതിൽ പത്രപ്രവർത്തക യൂണിയൻ പ്രതിഷേധിച്ചു.  കനത്ത പൊലീസ് കാവലിലായിരുന്നു നടപടികൾ.