ഇനി മുതല്‍ നഗരസഭയുടെ പരിപാടികളില്‍ ടിഷ്യൂ പേപ്പര്‍ കാണരുതെന്ന് ചെയര്‍മാന്‍ എം കൃഷ്ണദാസ് ജീവനക്കാര്‍ക്കും ഉദ്യോഗസ്ഥര്‍ക്കും നിര്‍ദ്ദേശം നല്‍കിക്കഴിഞ്ഞു
തൃശൂര്‍: ഗുരുവായൂര്‍ നഗരസഭാ കൗണ്‍സില്‍ ഹാളിനോട് വിട പറഞ്ഞ് ടിഷ്യൂ പേപ്പര്‍ പടിയിറങ്ങുകയാണ്. ഇനി ടിഷ്യൂപേപ്പര്‍ ഉപയോഗം പടിക്ക് പുറത്തു മാത്രമാകും. ഇനി മുതല്‍ നഗരസഭയുടെ പരിപാടികളില്‍ ടിഷ്യൂ പേപ്പര്‍ കാണരുതെന്ന് ചെയര്‍മാന്‍ എം കൃഷ്ണദാസ് ജീവനക്കാര്‍ക്കും ഉദ്യോഗസ്ഥര്‍ക്കും നിര്‍ദ്ദേശം നല്‍കിക്കഴിഞ്ഞു. ഇന്നലെ നടന്ന കൗണ്‍സില്‍ യോഗത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. സംസ്ഥാനത്ത് പ്ലാസ്റ്റിക് കാരിബാഗുകള്‍ ആദ്യമായി നിരോധിച്ചത് ഗുരുവായൂര്‍ നഗരസഭയിലാണ്. ഇപ്പോള്‍ ടിഷ്യൂ ഉപയോഗം വേണ്ടെന്നു വച്ചതും കേരളത്തില്‍ മറ്റൊരു മാതൃകയ്ക്ക് തുടക്കമിടാന്‍ സാഹചര്യമൊരുങ്ങുകയാണ്.
കൗണ്‍സിലില്‍ ചായയുടെ പലഹാരത്തിനൊപ്പം ടിഷ്യൂ പേപ്പര്‍ നല്‍കുന്നത് പതിവായിരുന്നു. ഒറ്റത്തവണ ഉപയോഗിക്കുന്ന വസ്തുക്കളുടെ നിരോധനം കര്‍ശനമാക്കിയതോടെ ടിഷ്യൂ പേപ്പര്‍ കൗണ്‍സിലില്‍ കാണാറില്ല. കൗണ്‍സില്‍ യോഗത്തിനിടെ ആരോഗ്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ എ.എസ്. മനോജ് ചായ കുടിച്ച ശേഷം ജീവനക്കാരോട് ടിഷ്യൂ പേപ്പര്‍ ആവശ്യപ്പെട്ടു. ആരോഗ്യ വിഭാഗം ജീവനക്കാര്‍ ടിഷ്യൂ പേപ്പര്‍ നല്‍കിയതോടെ ചെയര്‍മാന്‍ അത് തടഞ്ഞു. അവ പുറത്ത് കൊണ്ടുപോകാനും നിര്‍ദ്ദേശിച്ചു.
പകരമായി ഉടന്‍ തന്നെ തുണി തൂവാല കൊണ്ടുവരാനും ആവശ്യപ്പെട്ടു. കൗണ്‍സിലര്‍മാര്‍ക്കും ഉദ്യോഗസ്ഥര്‍ക്കും മാധ്യമ പ്രവര്‍ത്തകര്‍ക്കും തൂവാലകള്‍ സമ്മാനിച്ചു. ഇനി മുതല്‍ കൗണ്‍സില്‍ യോഗത്തില്‍ വരുമ്പേള്‍ ഈ തൂവാല കൈയില്‍ കരുതണമെന്നും ചെയര്‍മാന്‍ ഓര്‍മിപ്പിച്ചു. ഒറ്റത്തവണ ഉപയോഗിക്കുന്ന ഗ്ലാസ്, പ്ലേറ്റ് എന്നിവക്കും നേരത്തെ നിരോധനമുണ്ടായിരുന്നു. സംസ്ഥാനത്ത് പ്ലാസ്റ്റിക് നിരോധനം കര്‍ശനമാക്കുന്നതിന് മുമ്പ് തന്നെ ഗുരുവായൂര്‍ നഗരസഭയില്‍ സ്റ്റീല്‍ കപ്പുകളും സ്റ്റീല്‍ പ്ലേറ്റുകളുമാണ് ഉപയോഗിക്കുന്നത് എന്ന് ചെയര്‍മാന്‍ അവ ഉയര്‍ത്തിക്കാണിച്ച് അഭിപ്രായപ്പെട്ടു. നിയമം നടപ്പാക്കേണ്ടവര്‍ തന്നെ ലംഘിക്കുന്ന സാഹചര്യം ഒഴിവാക്കക്കണമെന്നും അദ്ദേഹം വ്യക്തമാക്കി.
