തിരുവനന്തപുരം: തദ്ദേശ ഉപതെരഞ്ഞെടുപ്പ് നടന്ന പാലക്കാട് ജില്ലയിലെ ആറ് വാര്‍ഡുകളില്‍ നാലിടത്ത് എല്‍ഡിഎഫിന് ജയം. പാലക്കാട് നഗരസഭയിലെ 17ാം വാര്‍ഡും ഷൊര്‍ണൂര്‍ നഗരസഭയിലെ 17ാം വാര്‍ഡും യുഡിഎഫ് നിലനിര്‍ത്തി. പല്ലശന മഠത്തില്‍ക്കളം ആറാം വാര്‍ഡ്, തെങ്കര പഞ്ചായത്തിലെ 12ാം വാര്‍ഡ്, നെല്ലിയാമ്പതിയിലെ പുലയമ്പാറയിലെ ഒന്നാം വാര്‍ഡ്, പൂങ്കോട്ട് കാവ് പഞ്ചായത്തിലെ 12ാം വാര്‍ഡ് എന്നിവയിലാണ് എല്‍ഡിഎഫ് ജയിച്ചത്. 

പത്ത് ജില്ലകളിലെ വാര്‍ഡുകളിലാണ് ഇന്നലെ വോട്ടെടുപ്പ് നടന്നത്. തിരുവനന്തപുരം ജില്ലാ പഞ്ചായത്തിലെ മണമ്പൂര്‍ ഡിവിഷനിലും തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, എറണാകുളം, തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, കാസര്‍കോട് ജില്ലകളിലെ 19 ഗ്രാമപഞ്ചായത്ത് വാര്‍ഡുകളിലുമാണ് വോട്ടെടുപ്പ് നടന്നത്.

കോട്ടൂർ ഗ്രാമപഞ്ചായത്ത് 17 - വാർഡ് എൽഡിഎഫ് നിലനിർത്തി. സിപിഎം സ്ഥാനാർത്ഥി അനിത പറക്കുന്നത്ത് 255 വോട്ടിനാണ് ഇവിടെ ജയിച്ചത്. പോത്തൻകോട് പഞ്ചായത്ത് മണലകം വാർഡ് എൽഡിഎഫ് നിലനിർത്തി.ഇവിടെ എൻ രാജേന്ദ്രൻ 27 വോട്ടിനാണ് ജയിച്ചത്. തിരുവനന്തപുരം ചെങ്കൽ പഞ്ചായത്ത് ഭരണം എൽഡിഎഫിന് നഷ്ടമായി. 14 ാം വാർഡിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പിൽ  എല്‍ഡിഎഫ് സീറ്റ് യുഡിഎഫ് പിടിച്ചെടുത്തു.