പുലിയെ പിടികൂടാൻ ശ്രമം തുടരുമെന്ന് വനം വകുപ്പ് അറിയിച്ചു

പാലക്കാട് മലമ്പുഴ ധോണിയിലിറങ്ങിയ പുലിയെ പിടികൂടാനായില്ല. ചത്ത പശുക്കുട്ടിയെ വച്ച് പുലിയെ പിടിക്കാനുള്ള വനം വകുപ്പിന്റെ നീക്കമാണ് പാളിയത്. ഇതോടെ വനം വകുപ്പിനെതിരെ പ്രദേശവാസികൾ രംഗത്തെത്തി. കഴിഞ്ഞ ദിവസം പശുവിനെ പുലി പിടിച്ചിടത്ത് തന്നെയാണ് വനം വകുപ്പ് കൂട് സ്ഥാപിച്ചത്. 

പുലിയുടെ ആക്രമണത്തിൽ ചത്ത പശുവിനെ കൂട്ടിലും വച്ചു. പക്ഷേ വീണ്ടും പുലിയെത്തിയിട്ടും പിടികൂടാനായില്ല. വനം വകുപ്പ് സ്ഥാപിച്ച സിസിടിവി ക്യാമറയിൽ നിന്നും ഇന്നലെ രാത്രി പത്തരയോടെ കൂടിന് സമീപം പുലിയെത്തിയെത്തിയതിന്റെ ദൃശ്യങ്ങൾ ലഭിച്ചു. എന്നാൽ കൂട്ടിൽ കയറാതെ പുലി രക്ഷപെട്ടു. ഇതോടെയാണ് നാട്ടുകാർ വനംവകുപ്പിനെതിരെ തിരിഞ്ഞത്. ജീവനുള്ള മൃഗങ്ങളെ കൂടിനുള്ളിൽ വെക്കണമെന്നാണ് പ്രദേശവാസികൾ ആവശ്യപ്പെടുന്നത്. ഒരു മാസം മുന്പ് ഉമ്മിനിയിൽ ആളൊഴിഞ്ഞ വീട്ടിലാണ് പുലിയെ ആദ്യം കണ്ടെത്തിയത്. ഇത്ര ദിവസമായിട്ടും പുലിയെ പിടികൂടാനാകാത്തത് വനം വകുപ്പിന്റെ വീഴ്ച്ചയാണെന്ന ആക്ഷേപവും ഉയരുന്നുണ്ട്.

കോഴിക്കോട് അപകടം: ശബരിമല തീർത്ഥാടകർ അടക്കം മരിച്ചു

കോഴിക്കോട് പുറക്കാട്ടിരി പാലത്തിൽ ടോറസ് ലോറിയും ടെമ്പോ ട്രാവലറും കൂട്ടിയിടിച്ച് ശബരിമല തീർത്മാടകർ അടക്കം മൂന്ന് പേർ മരിച്ചു. രണ്ട് കർണാടക സ്വദേശികളും ഒരു മലയാളിയുമാണ് മരിച്ചത്. പരിക്കേറ്റ 11 പേരിൽ നാല് പേരുടെ നില ഗുരുതരമാണ്. പുലർച്ചെ അഞ്ച് മണിയോടെയാണ് അപകടം നടന്നത്. 

ടെമ്പോ ട്രാവലറിലെ യാത്രക്കാരും ശബരിമല തീർത്ഥാടകരുമായ കർണാടക സ്വദേശികൾ ശിവണ്ണ, നാഗരാജു ഡ്രൈവറും മലയാളിയുമായ ദിനേശ് എന്നിവരാണ് മരിച്ചത്. ട്രാവലറിലുണ്ടായിരുന്ന പതിനൊന്ന് യാത്രക്കാർക്ക് പരിക്കേറ്റു. ഇതിൽ നാല് യാത്രക്കാരുടെ പരിക്ക് ഗുരുതരമാണ്. ശബരിമലയിലേക്ക് പോവുകയായിരുന്ന ടെമ്പോ ട്രാവലറും വടകര ഭാഗത്തേക്ക് പോകുകയായിരുന്ന ടെമ്പോ ട്രാവലറും പുറക്കാട്ടിരി പാലത്തിൽ വച്ച് കൂട്ടിയിടിക്കുകയായിരുന്നു. 

ടെമ്പോ ട്രാവലറിന്‍റെ ഡ്രൈവർ ഉറങ്ങിപ്പോവുകയായിരുന്നു എന്നാണ് പ്രാഥമിക നിഗമനം. ഡ്രൈവർ അടക്കം രണ്ട് പേർ സംഭവ സ്ഥലത്ത് വച്ച് മരിച്ചു. മറ്റൊരാൾ മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് കൊണ്ട് പോകുന്ന വഴിയാണ് മരിച്ചത്. മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ച നാല് പേരെയും അടിയന്തിര ശസ്ത്രക്രിയക്ക് വിധേയരാക്കി. ലോറി ഡ്രൈവർക്കും ലോറിയിൽ ഉണ്ടായിരുന്ന മറ്റൊരാൾക്കും നിസാര പരിക്കേറ്റു.