ഇടുക്കി: പുസ്തകങ്ങളൊന്നുമില്ലാതെ അടഞ്ഞുകിടക്കുന്ന പഞ്ചായത്ത് ലൈബ്രറിയുടെ പേരില്‍ ജീവനക്കാരിക്ക് പ്രതിമാസം 6000 രൂപ ശമ്പളം കൊടക്കുന്നതായി ആരോപണം. മൂന്നാര്‍ പഞ്ചായത്ത് ലൈബ്രറിയാണ് പുസ്തകങ്ങളില്ലാതിരുന്നിട്ടും ലൈബ്രേറിയനെ ശമ്പളം കൊടുത്ത് നിര്‍ത്തിയിരിക്കുന്നത്. അടഞ്ഞ് കിടക്കുന്ന ലൈബ്രറിയില്‍ ആകെയുള്ളത് ചാക്കുകെട്ടുകള്‍ മാത്രം. മൂന്നാര്‍ ഗ്രാമപഞ്ചായത്തിന്‍റെ നേതൃത്വത്തില്‍ നടപ്പിലാക്കുന്ന പദ്ധതികളിലും പ്രവര്‍ത്തനങ്ങളിലും വന്‍ അഴിമതി നടക്കുന്നുണ്ടെന്ന ആക്ഷേപമുയരുന്ന സാഹചര്യത്തിലാണ് പഞ്ചായത്ത് ലൈബ്രറിയുടെ പേരില്‍ ജീവനക്കാരി പ്രതിമാസം ശമ്പളം കൈപ്പറ്റുന്നുണ്ടെന്ന ആരോപണവുമായി നാട്ടുകാര്‍ രംഗത്തെത്തിയിരിക്കുന്നത്.

ആദ്യത്തെ ലൈബ്രറി ജീവനക്കാരുന്ന അബ്ദുള്‍ ഖാദര്‍ അസുഖം മൂലം ജോലിയില്‍ നിന്നും പിരിഞ്ഞുപോയിരുന്നു. തുടര്‍ന്നാണ് വനിതാ ജീവനക്കാരിയെ നിയമിച്ചത്. 21-02-2018 ലാണ് നിയമനം നടത്തിയിരിക്കുന്നത്. എന്നാല്‍ ഇവര്‍ 2018 ജനുവരി മുതലുള്ള ശമ്പളം  ഒപ്പിട്ട് കൈപ്പറ്റിയിരിക്കുന്നതായി നാട്ടുകാരനായ മതിയഴകന്‍ ആരോപിക്കുന്നു. ഒരു മാസത്തെ ശമ്പളം അധികം കൈപ്പറ്റുക മാത്രമല്ല, ഒരു ദിവസം പോലും തുറക്കാത്ത ലൈബ്രറിയുടെ രജിസ്റ്ററില്‍ ഇവര്‍ അവധി ദിവസങ്ങളിലടക്കം ഒപ്പ് രേഖപ്പെടുത്തിയിട്ടുണ്ടെന്നും ആരോപണമുണ്ട്. 
 
പൊതുജനങ്ങള്‍ക്ക് പ്രയോജനമില്ലാതെ അടഞ്ഞുകിടക്കുന്ന ലൈബ്രറിയുടെ പേരില്‍ വന്‍ അഴിമതിയാണ് മൂന്നാര്‍ ഗ്രാമപഞ്ചായത്തില്‍ നടക്കുന്നതെന്ന് മതിയഴകന്‍ ആരോപിച്ചു. അനധികൃത രജിസ്റ്ററുണ്ടാക്കി ആയിരക്കണക്കിന് രൂപ ശമ്പളയിനത്തില്‍ കൈപ്പറ്റുന്ന ജീവനക്കാരിക്കും ഇതിന് ഒത്താശ ചെയ്യുന്ന പഞ്ചായത്ത് അധികൃതര്‍ക്കുമെതിരേ നടപടി സ്വീകരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം. 

എന്നാല്‍ പഞ്ചായത്ത് കോംമ്പൗണ്ടിലുള്ള ലൈബ്രറിയുടെ കെട്ടിടം വാടകയ്ക്ക് കൊടുക്കാന്‍ സമ്മര്‍ദ്ദം ഉണ്ടായെന്നും ഇതിന് തയ്യാറാകാത്തതിനാലാണ് ഇത്തരമൊരു ആരോപണം ഉയരുന്നതെന്നും പഞ്ചായത്ത് പ്രസിഡന്‍റ് കറുപ്പുസ്വാമി ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനോട് പറഞ്ഞു. മുമ്പുണ്ടായിരുന്ന ജീവനക്കാരന്‍ ലൈബ്രറിയുടെയും വേയ്സ്റ്റ് മാനേജ്മന്‍റിന്‍റെയും ചുമതലയുണ്ടായിരുന്നു. രണ്ട് ജോലിക്കും കൂടി അദ്ദേഹം പ്രതിമാസം 12,000 രൂപ ശമ്പളം വാങ്ങിയിരുന്നു. ഇപ്പോഴത്തെ ലൈബ്രേറിയന് 6,000 രൂപയാണ് ശമ്പളം.

ലൈബ്രറി എല്ലാ ദിവസവും തുറക്കാറുണ്ടെന്നും എന്നാല്‍ പുസ്തകങ്ങള്‍ കുറവാണെന്നും പത്രങ്ങള്‍ ലൈബ്രറിയിലുണ്ടെന്നും പഞ്ചായത്ത് പ്രസിഡന്‍റ് പറഞ്ഞു. ഇവരെ പറഞ്ഞ് വിട്ടാല്‍ പിന്നെ ലൈബ്രറി ഉണ്ടാകില്ല. അപ്പോള്‍ ആ കെട്ടിടം പുറത്ത് വാടകയ്ക്ക് കൊടുക്കേണ്ടിവരും. രണ്ട് മാസത്തിനുള്ളില്‍ പൂര്‍ണ്ണസജ്ജമായി ലൈബ്രറി പ്രവര്‍ത്തിപ്പിക്കാനാണ് പഞ്ചായത്ത് തീരുമാനമെന്നും പഞ്ചായത്ത് പ്രസിഡന്‍റ് കുറുപ്പു സ്വാമി പറഞ്ഞു. ലൈബ്രറി അവധി ദിവസങ്ങളിലും തുറക്കാറുണ്ട്. അതിനാലാണ് അവധി ദിവസത്തെ ഒപ്പ് ഇട്ടിരിക്കുന്നത്. എല്ലാ ദിവസവും വൈകീട്ട് ലൈബ്രറി തുറന്ന് പ്രവര്‍ത്തിക്കാറുണ്ടെന്നും പഞ്ചായത്ത് സെക്രട്ടറി ഉണ്ണിത്താനും ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനോട് പറഞ്ഞു.