കോഴിക്കോട്‌: യുവാവിനെ ട്രാവലറിടിച്ച്‌ കൊലപ്പെടുത്തിയ കേസിലെ പ്രതിക്ക്‌ ജീവപര്യന്തം തടവും ഒരുലക്ഷം രൂപ പിഴയും ശിക്ഷ. കൂരാച്ചുണ്ട്‌ സ്വദേശി വിനോബ ഗോപാലിനെ വധിച്ച കേസിലെ പ്രതി ലിജി ജോൺ(46)നെയാണ്‌ കോഴിക്കോട്‌ ജില്ലാ സെഷൻസ്‌ ജഡ്‌ജ്‌ കെ എസ്‌ അംബിക ജീവപര്യന്തം ശിക്ഷിച്ചത്‌‌. പിഴയൊടുക്കിയില്ലെങ്കിൽ രണ്ട്‌ വർഷം കൂടുതൽ തടവനുഭവിക്കണം. പിഴത്തുക വിനോബയുടെ കുടുംബത്തിന്‌ നൽകണമെന്നും വിധിയിൽ പറയുന്നു.

2013 ഓഗസ്‌റ്റ് 20നാണ്‌ കേസിനാസ്‌പദമായ സംഭവം. ലിജി ജോൺ ഓടിച്ചുവന്ന ട്രാവലർ കൂരാച്ചുണ്ട്‌ കാളങ്ങാലിമുക്കിൽ വെച്ച്‌ വിനോബയുടെ നിർത്തിയിട്ട മോട്ടോർ സൈക്കിളിൽ ഇടിച്ച്‌ നിർത്താതെ പോയി. രണ്ട്‌ സുഹൃത്തുക്കൾക്കൊപ്പം വിനോബ ട്രാവലറിനെ പിൻതുടർന്നു. ചക്കിട്ടപാറ നരിനടയിൽ വെച്ച്‌ ട്രാവലർ കണ്ടെത്തി.‌ വാഹനം നിർത്താതെ പോയതിനെ ഇവർ ചോദ്യം ചെയ്‌തു. 

ഈ സമയം അതിവേഗത്തിൽ മുന്നോട്ടെടുത്ത ട്രാവലിറനടിയിൽ വിനോബ കുടുങ്ങി. നിർത്താതെ റോഡിലൂടെ വിനോബയെ വലിച്ചിഴച്ചു. ചോരയിൽ കുളിച്ചുകിടന്ന വിനോബയെ ബാലുശേരിയിലെ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. പെരുവണ്ണാമുഴി പൊലീസാണ് അന്വേഷണം നടത്തിയത്. പ്രോസിക്യൂഷന്‌ വേണ്ടി അഡീഷണൽ പബ്ലിക്‌ പ്രോസിക്യൂട്ടർ കെ റൈഹാനത്ത്‌ ഹാജരായി. കേസിൽ 25 സാക്ഷികളെ വിസ്‌തരിച്ചു.

കോഴിക്കോട് ജില്ലയില്‍ ഇന്ന് എട്ട് പേര്‍ക്ക് കൊവിഡ്; ഒരാള്‍ക്ക് രോഗമുക്തി