ഇടുക്കി: ഇടുക്കി ചീയപ്പാറയില്‍  135 ലിറ്റർ കോടയും മൂന്ന് ലിറ്റർ ചാരായവും വാറ്റുപകരണങ്ങളും പിടികൂടി. ചൊവ്വാഴ്ച രാവിലെ ആറ് മണിയോടെയാണ് ചീയപ്പാറ കമ്പിലൈൻ കരയിൽ മണലേൽ ജോസ്(60) സുഹൃത്തിന്‍റെ ഷെഡിൽ ചാരായം വാറ്റുന്നതായി അടിമാലി നാർകോട്ടിക് എൻഫോഴ്സ്മെന്റ് സ്ക്വാഡിന് രഹസ്യവിവരം ലഭിച്ചത്. ഇതിന്റെ അടിസ്ഥാനത്തിൽ  എൻഫോഴ്സ്മെന്റ് സ്ക്വാഡ് സംഘം നടത്തിയ പരിശോധനയിലാണ് 35 ലിറ്റർ കോടയും മൂന്ന് ലിറ്റർ  ചാരായവും വാറ്റുപകരണങ്ങളും കണ്ടെത്തിയത്. 

ചാരായം വാറ്റുകയായിരുന്ന മണലേൽ ജോസ് എക്സൈസ് സംഘത്തെ വെട്ടിച്ച്  ഓടി രക്ഷപ്പെട്ടു. തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് ഉച്ചയ്ക്ക് 12 മണിയോടു കൂടി അടിമാലി ചാറ്റുപാറക്കുടിക്ക് സമീപമുള്ള തോടുപുറമ്പോക്കിൽ നിന്നുമാണ് വാറ്റുന്നതിന് പാകമായ നിലയിൽ 135 ലിറ്റർ കോട എക്സൈസ് സംഘം കണ്ടെടുത്തത്. കേസ് രജിസ്റ്റർ ചെയ്ത്   അന്വേഷണമാരംഭിച്ചതായി എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ എം കെ പ്രസാദ് അറിയിച്ചു.  റെയ്ഡിൽ പ്രിവന്റീവ് ഓഫീസറായ കെ എച്ച് രാജീവ്, സിവിൽ എക്സൈസ് ഓഫീസർമാരായ മീരാൻ കെ എസ് ,സാന്റി തോമസ്, ഹാരിഷ് മൈതീൻ, രഞ്ജിത്ത് കവിദാസ്, സച്ചു ശശി എന്നിവരും പങ്കെടുത്തു.