വിതുരയിലും പരിസരങ്ങളിലും ഡ്രൈഡേയിലടക്കം അനധികൃതമായി മദ്യം വിറ്റിരുന്ന 'കൂടം ബാബു' എന്നറിയപ്പെടുന്നയാളെ എക്സൈസ് പിടികൂടി. ഇയാളുടെ വീട്ടിൽ നിന്ന് 25 ലിറ്റർ വിദേശമദ്യവും പണവും ബൈക്കും പിടിച്ചെടുത്തു. 

തിരുവനന്തപുരം: വിതുരയിലും പരിസരങ്ങളിലുമായി ഡ്രൈഡേയിലടക്കം മദ്യവിൽപ്പന നടത്തുന്നയാളെ പിടികൂടി എക്സൈസ്. കൂടം ബാബു എന്ന് വിളിക്കുന്ന ബാബുവിനെ(60) യാണ് നെടുമങ്ങാട് റേഞ്ച് എക്സൈസ് സംഘം പിടികൂടിയത്. പ്രദേശത്ത് മദ്യഷോപ്പുകൾ അടച്ച ശേഷവും ബാബുവിനെ സമീപിച്ചാൽ ബ്ലാക്കിൽ മദ്യം ലഭിക്കുമായിരുന്നു. ആവശ്യക്കാർക്ക് ബൈക്കിലെത്തിച്ചും മദ്യം നൽകുമായിരുന്നു.

ബ്ലാക്കിലെ മദ്യവിൽ‌പ്പനയുടെ വിവരം സ്ത്രീകളുടെ കൂട്ടായ്മകളിലും സ്കൂളുകളിലും വരെ പരാതികളായെത്തിയതോടെയാണ് നെടുമങ്ങാട് റേഞ്ച് എക്സൈസ് ഇൻസ്പെക്ടർ പ്രവീണിന്‍റെ നേതൃത്വത്തിൽ പരിശോധന നടത്തിയത്. മരുതാമല പോസ്റ്റ് ഓഫീസ് ജംഗ്ഷന് സമീപമുള്ള വീട്ടിൽ നിന്നും 25 ലിറ്റർ ഇന്ത്യൻ നിർമ്മിത വിദേശ മദ്യം വിൽപ്പനയ്ക്കായി സൂക്ഷിച്ച നിലയിൽ കണ്ടെത്തിയതോടെയാണ് ബാബുവിനെ അറസ്റ്റ് ചെയ്തത്. മദ്യം കടത്തുവാനുപയോഗിച്ച ബൈക്കും മദ്യവിൽപ്പനയിലൂടെ ലഭിച്ച 10000 രൂപയും പിടിച്ചെടുത്തു. കോടതിയിൽ ഹാജരാക്കിയ ഇയാളെ റിമാൻഡ് ചെയ്തു.