യാത്രാസംഘത്തിന്റെ പരാതിയില്‍ ആരോഗ്യ വകുപ്പും ഭക്ഷ്യ സുരക്ഷാ വിഭാഗവും കടയില്‍ പരിശോധന നടത്തി. തുടര്‍ന്ന് തട്ടുകടയിലേക്കുള്ള ഭക്ഷണം ഒരുക്കുന്ന നെന്മണിക്കരയിലും ചെങ്ങാലൂരുമുള്ള കടയുടമസ്ഥരുടെ വീടുകളിലും പരിശോധന നടത്തി.

തൃശൂർ: ഭക്ഷണത്തിൽ പുഴുവിനെ കണ്ടെത്തിയതിനെ തുടർന്ന് പുതുക്കാട് സെൻ്ററിലെ തട്ടുകട അടപ്പിച്ചു. പുതുക്കാട് സെന്ററില്‍ പ്രവര്‍ത്തിക്കുന്ന കാന്താരി തട്ടുകടയില്‍ നിന്നും വാങ്ങിയ മാംസാഹാരത്തിലാണ് ജീവനുള്ള പുഴുവിനെ കണ്ടെത്തിയത്. തുടർന്ന് ആരോഗ്യവിഭാഗവും പഞ്ചായത്തും ചേർന്ന് തട്ടുകട അടപ്പിച്ചു. കഴിഞ്ഞ വെള്ളിയാഴ്ച രാത്രിയായിരുന്നു സംഭവം. യാത്രാ സംഘം വാങ്ങിയ മാംസാഹാരത്തില്‍ ജീവനുള്ള പുഴുവിനെ കണ്ടെത്തുകയായിരുന്നു. കുട്ടികള്‍ അടക്കമുള്ളവര്‍ ഈ ഭക്ഷണം കഴിച്ചു.

യാത്രാസംഘത്തിന്റെ പരാതിയില്‍ ആരോഗ്യ വകുപ്പും ഭക്ഷ്യ സുരക്ഷാ വിഭാഗവും കടയില്‍ പരിശോധന നടത്തി. തുടര്‍ന്ന് തട്ടുകടയിലേക്കുള്ള ഭക്ഷണം ഒരുക്കുന്ന നെന്മണിക്കരയിലും ചെങ്ങാലൂരുമുള്ള കടയുടമസ്ഥരുടെ വീടുകളിലും പരിശോധന നടത്തി. ഹെല്‍ത്ത് ഇന്‍സ്‌പെകടര്‍, ഗ്രാമപഞ്ചായത്ത് അധികൃതരടങ്ങുന്ന സ്‌ക്വാഡും ഭക്ഷ്യസുരക്ഷാ ഉദ്യോഗസ്ഥര്‍ എന്നിവരടങ്ങിയ സംഘമാണ് പരിശോധന നടത്തിയത്.

വളരെ മോശമായതും വൃത്തിഹീനമായതുമായ സാഹചര്യത്തിലാണ് ഭക്ഷണം പാചകം ചെയ്യുന്നതെന്ന് അധികൃതര്‍ കണ്ടെത്തി. വൃത്തിഹീനമായ സാഹചര്യത്തില്‍ പ്രവര്‍ത്തിക്കുന്ന തട്ടുകടയില്‍ അപാകതകള്‍ പരിഹരിക്കുന്നതുവരെ തുറക്കാന്‍ പാടില്ലെന്നും അധികൃതര്‍ ഉത്തരവ് നല്‍കി.