ഒരുമിച്ച് കഴിഞ്ഞത് 20 ദിവസം, ഫോണിൽ സ്ത്രീധനത്തിനായി തെറിവിളി; യുവതി ജീവനൊടുക്കിയതിൽ ഭര്‍ത്താവ് അറസ്റ്റിൽ
മലപ്പുറം അരീക്കോട് സ്വദേശി ഊര്‍ങ്ങാട്ടീരി അബ്ദുസമദിന്റെ മകന്‍ നസീലി(27)നെയാണ് അറസ്റ്റ് ചെയ്തത്.
കോഴിക്കോട്: ഭര്‍ത്താവിന്റെ മാനസിക പീഡനം മൂലം യുവതി ആത്മഹത്യ ചെയ്‌തെന്ന പരാതിയില്‍ വിദേശത്തായിരുന്ന ഭര്‍ത്താവിനെ പൊലീസ് അറസ്റ്റ് ചെയ്തു. മലപ്പുറം അരീക്കോട് സ്വദേശി ഊര്‍ങ്ങാട്ടീരി അബ്ദുസമദിന്റെ മകന്‍ നസീലി(27)നെയാണ് അറസ്റ്റ് ചെയ്തത്. മുക്കം ഗോതമ്പ് റോഡ് ചിറയില്‍ വീട്ടില്‍ അബ്ദുല്‍ കബീറിന്റെ മകള്‍ ഹഫീഫ ജെബിന്‍(20) ആത്മഹത്യ ചെയ്ത സംഭവത്തിലാണ് നസീലിന്റെ അറസ്റ്റ് രേഖപ്പെടുത്തിയത്.
ഇരുവരും 20 ദിവസം മാത്രമാണ് ഒരുമിച്ച് താമസിച്ചിരുന്നത്. തുടര്‍ന്ന് ജൂലൈ 23ന് നസീല്‍ വിദേശത്തേക്ക് പോവുകയായിരുന്നു. എന്നാല്‍ സ്ത്രീധനം സംബന്ധിച്ച് ഹഫീഫയെ ഇയാള്‍ നിരന്തരം ഫോണില്‍ വിളിച്ച് ഭീഷണിപ്പെടുത്തുകയും ചീത്തവിളിക്കുകയും ചെയ്തിരുന്നതായി പോലീസിന് നല്‍കിയ പരാതിയില്‍ പറയുന്നു. ഓഗസ്റ്റ് ഏഴിനാണ് ഹഫീഫ വീട്ടില്‍ തൂങ്ങിമരിച്ചത്. മുക്കം പോലീസ് കേസെടുത്ത് അന്വേഷണം നടത്തി വരികയായിരുന്നു. ഇതിനിടയില്‍ നാട്ടിലെത്തിയ പ്രതിയെ അറസ്റ്റ് ചെയ്യുകയായിരുന്നു. ഭരതീയ ന്യായ സംഹിതയിലെ വകുപ്പ് 85 പ്രകാരമാണ് നസീലിനെതിരേ കേസെടുത്തിരിക്കുന്നത്. റൂറല്‍ ഡിവൈ എസ് പി പ്രമോദിനാണ് അന്വേഷണ ചുമതല.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം