ആലപ്പുഴയിലെ കുറത്തികാട് ഫിനാൻസ് സ്ഥാപനത്തിലേക്ക് ലോൺ തിരിച്ചടവിനായി നൽകിയ തുക തന്ത്രപരമായി സ്വന്തം അക്കൗണ്ടിലേക്ക് വാങ്ങിയെടുത്ത ശേഷം സ്ഥാപനത്തിൽ അടയ്ക്കാതെയാണ് യുവാവ് മുങ്ങിയത്

ആലപ്പുഴ: സ്വകാര്യ ഫിനാൻസ് സ്ഥാപനത്തിൽ നിന്ന് ലോൺ എടുത്ത ആളുകൾ തിരിച്ചടവിന് നൽകിയ പണവുമായി യുവാവ് മുങ്ങി. ആലപ്പുഴയിലെ കുറത്തികാട് ഫിനാൻസ് സ്ഥാപനത്തിലേക്ക് ലോൺ തിരിച്ചടവിനായി നൽകിയ തുക തന്ത്രപരമായി സ്വന്തം അക്കൗണ്ടിലേക്ക് വാങ്ങിയെടുത്ത ശേഷം സ്ഥാപനത്തിൽ അടയ്ക്കാതെയാണ് യുവാവ് മുങ്ങിയത്. സംഭവത്തിൽ തട്ടിപ്പ് നടത്തിയ കേസിലെ പ്രതിയെ കുറത്തികാട് പൊലീസ് അറസ്റ്റ് ചെയ്തു. പുതുപ്പള്ളി പ്രയാർ ഉത്രംവീട്ടിൽ മനു രവീന്ദ്രൻ ആണ് അറസ്റ്റിലായത്. അറസ്റ്റിലായ പ്രതിയെ റിമാൻഡ് ചെയ്തു. കുറത്തികാട് ഇൻസ്പെക്ടർ എസ്എച്ച്ഒ മോഹിത് പി കെ, സബ്ഇൻസ്പെക്ടർ ഉദയകുമാർ, എബി, സിപി ഓ മാരായ അരുൺകുമാർ, ഷിദിൻ രാജ് എന്നിവരാണ് അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നത്. 

സമാനമായ മറ്റൊരു സംഭവത്തിൽ തൃശൂരിൽ ഏഴ് ലക്ഷം രൂപയുമായി മുങ്ങിയ കളക്ഷൻ ഏജന്റിനെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. കെട്ടിട നിര്‍മ്മാണ സ്ഥാപനത്തിലെ കളക്ഷന്‍ തുക തട്ടിയെടുത്ത കളക്ഷന്‍ ഏജന്റിനെ വലപ്പാട് പൊലീസാണ് അറസ്റ്റ് ചെയ്തത്. പഴുവില്‍ കുറുമ്പിലാവ് കല്ലാട്ട്കിരണ്‍ (34) ആണ് അറസ്റ്റിലായത്. ട്രാവന്‍കൂര്‍ ബില്‍ഡ് വെയര്‍ എന്ന സ്ഥാപനത്തിലെ കളക്ഷന്‍ ഏജന്റാണ് ഇയാള്‍ കഴിഞ്ഞ മാര്‍ച്ച് ഒന്നുമുതല്‍ സ്ഥാപനത്തിലെ കെട്ടിട നിര്‍മ്മാണ സാമഗ്രികള്‍ വിറ്റവകയിലുള്ള കളക്ഷന്‍ തുകയായ ഏഴുലക്ഷം തിരികെ നല്‍കാതിരിക്കുകയും ജോലിസമയം ഉപയോഗിക്കാന്‍ കൊടുത്ത യൂണികോണ്‍ ബൈക്കും, മൊബൈല്‍ ഫോണുമായി കടന്നു കളയുകയുമായിരുന്നു. 

ഒളിവില്‍ പോയ കിരണ്‍ ഇടുക്കിയിലുണ്ടെന്ന രഹസ്യ വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ വലപ്പാട് പൊലീസ് സംഘം കിരണിനെ പിടികൂടുകയായിരുന്നു. വലപ്പാട് പൊലീസ് ഇന്‍സ്‌പെക്ടര്‍ എം.കെ. രമേഷ്, സബ് ഇന്‍സ്‌പെക്ടര്‍ എബിന്‍ സി.എന്‍., എ.എസ്.ഐ. ഭരതനുണ്ണി, സീനിയര്‍ സിവില്‍ പൊലീസ് ഓഫീസര്‍മാരായ സുനീഷ് കുമാര്‍, സോഷി എന്നിവരാണ് അന്വേഷണ സംഘത്തില്‍ ഉണ്ടായിരുന്നത്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം