Asianet News MalayalamAsianet News Malayalam

വെട്ടുകാട് തിരുന്നാൾ; 17ന് ഉച്ചയ്ക്ക് ശേഷം പ്രാദേശിക അവധി പ്രഖ്യാപിച്ചു

ജില്ലാ കളക്ടര്‍ പ്രാദേശിക അവധി പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും മുന്‍നിശ്ചയിച്ച പൊതുപരീക്ഷകള്‍ക്ക് മാറ്റമുണ്ടാകില്ലെന്നും അറിയിപ്പിലുണ്ട്.

local holiday announced for afternoon of november 17th  for Vettukad thirunal afe
Author
First Published Nov 8, 2023, 3:00 PM IST

തിരുവനന്തപുരം: വെട്ടുകാട് മാദ്രെ ദെ ദേവൂസ് ദേവാലയത്തിലെ തിരുനാൾ പ്രമാണിച്ച് ഈ മാസം 17ന് ഉച്ചയ്ക്ക് ശേഷം പ്രാദേശിക അവധി പ്രഖ്യാപിച്ചു. തിരുവനന്തപുരം, നെയ്യാറ്റിൻകര താലൂക്കുകളിലെ എല്ലാ സർക്കാർ ഓഫീസുകൾക്കും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും, മുൻപ് നെയ്യാറ്റിൻകര താലൂക്കിൽ ഉൾപ്പെട്ടിരുന്നതും ഇപ്പോൾ കാട്ടാക്കട താലൂക്കിൽ ഉൾപ്പെടുന്നതുമായ അമ്പൂരി, വാഴിച്ചൽ, കള്ളിക്കാട്, ഒറ്റശേഖരമംഗലം, കീഴാറൂർ, കുളത്തുമ്മൽ, മാറനല്ലൂർ, മലയിൻകീഴ്, വിളവൂർക്കൽ, വിളപ്പിൽ വില്ലേജ് പരിധികളിലുൾപ്പെടുന്ന സർക്കാർ ഓഫീസുകൾക്കും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കുമാണ് ജില്ലാ കളക്ടർ ജെറോമിക് ജോർജ് പ്രാദേശിക അവധി പ്രഖ്യാപിച്ചത്. എന്നാല്‍ മുൻ നിശ്ചയ പ്രകാരമുള്ള പൊതു പരീക്ഷകൾക്ക് മാറ്റമുണ്ടായിരിക്കില്ല.

Read also:മിഷന്‍ 2030, വരാൻ പോകുന്നത് വൻ മാറ്റങ്ങൾ; കേരളത്തിന്റെ കുതിപ്പിന് മാസ്റ്റർ പ്ലാൻ, പ്രഖ്യാപിച്ച് ടൂറിസം മന്ത്രി

വെട്ടുകാട് മാദ്രെ ദെ ദേവൂസ് ദേവാലയത്തിലെ ഈ വര്‍ഷത്തെ ക്രിസ്തുരാജത്വ തിരുന്നാളിനോടനുബന്ധിച്ചുള്ള മുന്നൊരുക്കങ്ങള്‍ വിലയിരുത്താന്‍ ഗതാഗത വകുപ്പ് മന്ത്രി ആന്റണി രാജുവിന്റെ നേതൃത്വത്തില്‍ കഴിഞ്ഞയാഴ്ച അവലോകന യോഗം ചേര്‍ന്നിരുന്നു. നവംബര്‍ 17  മുതല്‍ 26 വരെ നടക്കുന്ന പെരുന്നാളിന് മുന്നോടിയായി സര്‍ക്കാര്‍ വകുപ്പുകള്‍ ഒരുക്കുന്ന അടിസ്ഥാന സൗകര്യങ്ങളെല്ലാം ഇതിനോടകം പൂർണമായിട്ടുണ്ട്. പെരുന്നാള്‍ ദിവസങ്ങളില്‍ വാഹനത്തിരക്ക് നിയന്ത്രിക്കുന്നതിനായി കെ.എസ്.ആര്‍.ടി.സിയുടെ ഇലക്ട്രിക്ക് ബസ് സര്‍വീസ് ഏര്‍പ്പെടുത്തുന്നത് പരിഗണനയിലാണെന്ന് മന്ത്രി ആന്റണി രാജു പറഞ്ഞു. ശംഖുമുഖം മുതല്‍ വേളി ടൂറിസം വില്ലേജ് വരെയുള്ള റോഡില്‍ വലിയ വാഹനങ്ങളെ നിയന്ത്രിച്ച്, തീര്‍ത്ഥാടകരെ കെ എസ് ആർ ടി സി ബസില്‍ പള്ളിയിലേക്കും തിരിച്ചും എത്തിക്കാനാണ് പദ്ധതി. ഇതുകൂടാതെ ഉത്സവ ദിവസങ്ങളിലെ തിരക്ക് കണക്കിലെടുത്ത് ജില്ലകളിലെ വിവിധ ഡിപ്പോകളില്‍ നിന്നും കിഴക്കേക്കോട്ട, തമ്പാനൂര്‍ എന്നിവിടങ്ങളില്‍ നിന്നും പ്രത്യേക സര്‍വീസും നടത്തും. 

ട്രാഫിക് നിയന്ത്രണത്തിനും സുരക്ഷക്കും പോലീസ് പ്രത്യേക പദ്ധതികള്‍ തയ്യാറാക്കിയിട്ടുണ്ട്. സുരക്ഷയ്ക്കായി കൂടുതല്‍ സി.സി.ടി.വി ക്യാമറകളും മഫ്തിയിലും യൂണിഫോമിലും പോലീസ് ഉദ്യോഗസ്ഥരെയും നിയമിക്കും. പോലീസ് കണ്‍ട്രോള്‍ റൂമും സ്ഥാപിക്കും. നിരോധിത ലഹരിമരുന്നിന്റെ ഉപയോഗം തടയാന്‍ പോലീസും എക്‌സൈസ് വകുപ്പും പ്രത്യേക പരിശോധനകള്‍ നടത്തുന്നുണ്ട്. പള്ളിയുടെ പരിസരത്തും കടല്‍ത്തീരത്തും തിരുവനന്തപുരം കോര്‍പ്പറേഷന്റെ നേതൃത്വത്തിലുള്ള ശുചീകരണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയായി. ജീവനക്കാരെ ഷിഫ്റ്റ് അടിസ്ഥാനത്തില്‍ നിയോഗിച്ചാണ് ശുചീകരണം നടത്തുന്നത്. ഉത്സവ ദിവസങ്ങളില്‍ കടല്‍ത്തീരത്ത് അടി്ഞ്ഞുകൂടുന്ന മാലിന്യങ്ങള്‍ നീക്കാനും ഹരിത പ്രോട്ടോക്കോള്‍ പാലിക്കുന്നുണ്ടെന്ന് ഉറപ്പു വരുത്താനും പ്രത്യേക സജ്ജീകരണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. തെരുവ് നായ പ്രശ്‌നം പരിഹരിക്കുന്നതിനുള്ള ക്രമീകരണങ്ങളും പുരോഗമിക്കുകയാണ്. വെട്ടുകാട് പരിസരത്തെ റോഡുകളുടെ അറ്റക്കുറ്റപ്പണികൾ ഉടൻ പൂർത്തിയാകും. കേടായ തെരുവുവിളക്കുകളെല്ലാം മാറ്റിസ്ഥാപിച്ചിട്ടുണ്ട്. ഉത്സവ ദിവസങ്ങളില്‍ പ്രത്യേക ട്രെയിനുകള്‍ക്ക് കൊച്ചുവേളി, പേട്ട സ്റ്റേഷനുകളില്‍ സ്റ്റോപ്പ് അനുവദിക്കുകയും കൊച്ചുവേളി റെയില്‍വേ സ്റ്റേഷനില്‍ പ്രത്യേക കൗണ്ടര്‍ ഏര്‍പ്പെടുത്തുകയും ചെയ്യും. ആരോഗ്യവകുപ്പിന്റെ നേതൃത്വത്തില്‍ മെഡിക്കല്‍ സംഘവും ആംബുലന്‍സ് സൗകര്യവുമുണ്ടാകും. 

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബില്‍ കാണാം...

Follow Us:
Download App:
  • android
  • ios