തൃശൂരിൽ സ്കൂളിൽ കയറി അധ്യാപകനെ മർദ്ദിച്ച കേസിൽ രക്ഷിതാവ് അറസ്റ്റിലായി. അനുവാദമില്ലാതെ വീട്ടിലേക്ക് പോയ കുട്ടിയെ തിരികെ സ്കൂളിലെത്തിച്ചതിനാണ് ധനേഷ് എന്നയാൾ അധ്യാപകനെ ആക്രമിച്ചത്. കൊലക്കേസ് ഉൾപ്പെടെ നിരവധി കേസുകളിൽ പ്രതിയാണ് ഇയാൾ

തൃശൂർ: സ്കൂളിൽ കയറി അധ്യാപകനെ മർദ്ദിച്ച കേസിൽ രക്ഷിതാവ് അറസ്റ്റിൽ. ശ്രീനാരായണപുരം പോഴങ്കാവ് സ്വദേശി ചെന്നറ വീട്ടിൽ ധനേഷ് (40) നെയാണ് റൂറൽ എസ് പി ബി കൃഷ്ണ കുമാറിന്റെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തത്. പോഴങ്കാവ് സെന്റ് ജോർജ് മിക്സഡ് എൽ പി സ്കൂളിലെ അധ്യാപകൻ ആല സ്വദേശി തയ്യിൽ ഭരത് കൃഷ്ണയെയാണ് (25) ധനേഷ് മർദിച്ചത്. തിങ്കളാഴ്ച്ച വൈകിട്ട് 3.30 ഓടെ ആയിരുന്നു സംഭവം. ധനേഷിന്‍റെ മകൻ നാലാം ക്ലാസ് വിദ്യാർഥിയാണ്.

ആക്രമണത്തിന്‍റെ കാരണം

തിങ്കളാഴ്ച്ച സ്കൂ‌ളിൽ എത്തിയ കുട്ടി അധ്യാപകരോട് പറയാതെ വീട്ടിലേക്ക് മടങ്ങിപ്പോയിരുന്നു. സ്‌കൂൾ വിടും മുൻപ് പോയ വിദ്യാർഥിയെ അധ്യാപകനായ ഭരത് കൃഷ്ണ വീട്ടിൽ ചെന്ന് സ്‌കൂളിലേക്ക് തിരിച്ചു കൊണ്ടുവന്നു. ഇതാണ് ആക്രമണത്തിനു കാരണമെന്നു പൊലീസ് പറഞ്ഞു.

കൊലക്കേസിലടക്കം പ്രതി

വൈകീട്ട് സ്‌കൂളിൽ എത്തിയ ധനേഷ് ഓഫിസിലേക്ക് അതിക്രമിച്ച് കയറി അധ്യാപകന്‍റെ മുഖത്തടിക്കുകയും തള്ളിയിടുകയും ചെയ്തു‌. കൊലക്കേസ് ഉൾപ്പെടെ നാല് ക്രിമിനൽ കേസുകളിൽ പ്രതിയാണ് ധനേഷെന്ന് പൊലീസ് വ്യക്തമാക്കി. അധ്യാപകനെ ആക്രമിച്ചതിന് ശേഷം മുങ്ങിയ ധനേഷിനെ നെടുമ്പാശേരിയിൽ നിന്നാണ് അറസ്‌റ്റ് ചെയ്ത‌ത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.