Asianet News MalayalamAsianet News Malayalam

വാട്ടർ അതോറിറ്റിയുടെ ടാങ്ക് ജീവന് ഭീഷണി, പൊളിച്ചുമാറ്റണമെന്ന് നാട്ടുകാർ; ഏത് ടാങ്കെന്ന് കൈമലർത്തി ഉദ്യോഗസ്ഥർ

നിർമ്മാണത്തിൽ അപാകതയുണ്ടെന്ന് കണ്ടെത്തിയതിന് തുടർന്ന് പാതിയിൽ നിർത്തിയ പദ്ധതിയാണിത്. എന്നാൽ ഇങ്ങനെയൊരു പദ്ധതിയെക്കുറിച്ച് തന്നെ അറിയില്ലെന്ന വിചിത്ര മറുപടിയാണ് വാട്ടർ അതോറിറ്റി നൽകുന്നത്

Locals at Kanjoor demands to demolish water authority tank
Author
First Published Jan 25, 2023, 2:23 PM IST

കൊച്ചി: കുടിവെള്ള ക്ഷാമം പരിഹരിക്കാൻ വാട്ടർ അതോറിറ്റി സ്ഥാപിച്ച ടാങ്ക് , ജീവന് തന്നെ ഭീഷണിയായ അവസ്ഥയിലാണ് എറണാകുളം കാഞ്ഞൂർ നിവാസികൾ. ബലക്ഷയം കണ്ടെത്തിയതിനെ തുടർന്ന് പണി പാതിയിൽ അവസാനിപ്പിച്ച ടാങ്ക് ഏത് നിമിഷവും തങ്ങളുടെ മേലെ തകർന്ന് വീഴുമെന്നാണ് കാഞ്ഞൂർ തിരുനാരായണപുരത്തെ കോളനിയിലെ ജനം ഭയക്കുന്നത്. പതിനാല് വർഷം മുൻപ് നിർമ്മിച്ച ടാങ്കിൽ നിന്ന് ഒരു തുള്ളി വെള്ളം പോലും ഇവർക്ക് കിട്ടിയിട്ടുമില്ല. 

നിർമ്മാണത്തിൽ അപാകതയുണ്ടെന്ന് കണ്ടെത്തിയതിന് തുടർന്ന് പാതിയിൽ നിർത്തിയ പദ്ധതിയാണിത്. എന്നാൽ ഇങ്ങനെയൊരു പദ്ധതിയെക്കുറിച്ച് തന്നെ അറിയില്ലെന്ന വിചിത്ര മറുപടിയാണ് വാട്ടർ അതോറിറ്റി നൽകുന്നത്. ഇരുനൂറോളം കുടുംബങ്ങൾക്ക് കുടിവെള്ളമെത്തിക്കാനാണ് 2008 ൽ തിരുനാരായണപുരത്ത് വാട്ടർ ടാങ്ക് പണിതത്. ഏറെ കാലം ജനം ആവശ്യമുന്നയിച്ചിട്ടാണ് കുടിവെള്ള പദ്ധതിയെത്തിയത്. ടാങ്കിന്റെ പണി പൂർത്തിയാക്കി ആദ്യ ദിവസത്തെ പരിശോധനക്ക് ശേഷം തന്നെ ലക്ഷങ്ങൾ മുടക്കി നിർമ്മിച്ച ടാങ്കിനെ അധികൃതർ ഉപേക്ഷിച്ചു. നിർമ്മാണത്തിൽ പിഴവുണ്ടെന്ന് കണ്ടെത്തിയതോടെ ഉദ്യോഗസ്ഥർ തടിയൂരിയെന്നാണ് നാട്ടുകാരുടെ ആരോപണം.

അന്ന് ടാങ്കിൽ വെള്ളം നിറച്ചപ്പോൾ ടാങ്കിന് ഇളക്കമുണ്ടെന്ന് പറഞ്ഞ്, വെള്ളം മുഴുവൻ പുറത്തേക്ക് ഒഴുക്കിവിടുകയായിരുന്നുവെന്ന് പ്രദേശവാസിയായ ജിൽമോൻ പറഞ്ഞു. ഏരിയ റൂറൽ വാട്ടർ സപ്ലൈ സ്കീമിന്റെ ഭാഗമായാണ് ടാങ്ക് നിർമ്മിച്ചത്. നിരവധി തവണ പല ഓഫീസുകളിലും നാട്ടുകാർ കയറിയിറങ്ങി. ഉദ്യോഗസ്ഥർ കൃത്യമായ മറുപടി നൽകിയില്ല. പദ്ധതിക്കായി ഇട്ട പൈപ്പുകൾ മണ്ണിനടിയിൽ തുരുമ്പെടുക്കുന്ന സ്ഥിതിയാണ്.

നാട്ടുകാർ വിവരാവകാശ നിയമ പ്രകാരം നൽകിയ ചോദ്യത്തിന് അങ്കമാലി വാട്ടർ അതോറിറ്റി മറുപടി നൽകിയതിൽ മിക്ക ചോദ്യങ്ങൾക്കും ഫയൽ കാണാനില്ലെന്നാണ് എഴുതിയത്. വർഷങ്ങൾ കടന്നുപോയതോടെ വെള്ളം വേണ്ട, ജീവൻ മതിയെന്ന നിലപാടിലാണ് നാട്ടുകാർ. വാട്ടർ അതോറിറ്റി പൂർണമായും കൈയ്യൊഴിഞ്ഞ സാഹചര്യത്തിൽ ടാങ്ക് പൊളിച്ച് മാറ്റണം എന്നാവശ്യപ്പെട്ട് മുഖ്യമന്ത്രി അടക്കമുള്ളവരെ സമീപിക്കാനാണ് നാട്ടുകാരുടെ തീരുമാനം.

Follow Us:
Download App:
  • android
  • ios