ഊട്ടി സ്വദേശിയാണ് യുവതിയെ മർദ്ദിച്ച് ഓട്ടോയിൽ കയറ്റാൻ ശ്രമിച്ചത്
പാലക്കാട്: പാലക്കാട് നഗരത്തിൽ പട്ടാപ്പകൽ യുവതിക്ക് നേരെ ആക്രമണം. സുൽത്താൻ പേട്ട ജംഗ്ഷനിലൂടെ നടന്ന് പോകുന്ന യുവതിയെ ബലം പ്രയോഗിച്ച് ഓട്ടോറിക്ഷയിൽ കയറ്റാനാണ് ശ്രമിച്ചത്. ഊട്ടി സ്വദേശിയാണ് യുവതിയെ മർദ്ദിച്ച് ഓട്ടോയിൽ കയറ്റാൻ ശ്രമിച്ചത്. സംഭവം കണ്ട നാട്ടുകാർ ഓടിക്കൂടി ഇയാളെ പിടികൂടി പൊലീസിൽ ഏൽപ്പിച്ചു. പ്രതിക്ക് മാനസിക പ്രശ്നങ്ങളുണ്ടെന്നാണ് പൊലീസ് സൂചിപ്പിക്കുന്നത്.
അതിനിടെ പാലക്കാട് നിന്നും പുറത്തുവന്ന മറ്റൊരു വാർത്ത റെയിൽവേ സ്റ്റേഷനിൽ ലൈംഗിക ചുവയോടെ സംസാരിച്ചത് ചോദ്യം ചെയ്ത സ്ത്രീകളെ മർദ്ദിച്ച കേസിൽ 46 കാരൻ അറസ്റ്റിലായി എന്നതാണ്. നൂറണി സ്വദേശി കിരണാണ് അറസ്റ്റിലായത്. 15 വയസുഉള്ള കുട്ടിയോട് ലൈംഗിക ചുവയോടെ സംസാരിച്ചത് ചോദ്യം ചെയ്തതിനാണ് സ്ത്രീകളെ മർദ്ദിച്ചത്. കഴിഞ്ഞ ദിവസം രാത്രി 11 മണിയ്ക്കാണ് സംഭവം. 4 സ്ത്രീകൾ പാലക്കാട് നിന്നും കണ്ണൂരിലേക്ക് ട്രയിൻ കയറാൻ റയിൽവെ സ്റ്റേഷനിൽ വന്നപ്പോഴാണ് ദുരനുഭവം നേരിട്ടത്. ഇവർക്ക് ഒപ്പമുണ്ടായിരുന്ന 15 കാരിയോട് പ്രതി കിരൺ ലൈംഗിക ചുവയോടെ സംസാരിച്ചു. ഇക്കാര്യം പെൺകുട്ടി ഒപ്പമുണ്ടായിരുന്ന മുതിർന്ന സ്ത്രീകളോട് പറഞ്ഞു. ഇത് ചോദിക്കാൻ ചെന്നപ്പോൾ കിരൺ സ്ത്രീകളോട് തട്ടിക്കയറി. പിന്നീട് കൂട്ടത്തിലെ ഒരു സ്ത്രീയെ പിറകെ നടന്ന് മർദ്ദിക്കുകയും ചെയ്തു. പൊലീസ് സ്ഥലത്തെത്തി ഇയാളെ കസ്റ്റഡിയിൽ എടുത്തു. സ്ത്രീകളെ ആക്രമിക്കൽ, പൊതു സ്ഥലത്ത് അശ്ലീലം പറയൽ, ലൈംഗിക ചുവയോടെ ശാരീരിക സ്പർശനം, തടഞ്ഞുവെക്കൽ തുടങ്ങിയ വകുപ്പുകളാണ് പ്രതിക്കെതിരെ ചുമത്തിയിരിക്കുന്നത്. 48 വയസുകാരൻ കിരൺ റിമാൻഡിലാണ്. സംഭവ സമയത്ത് ഇയാൾ മദ്യപിച്ച നിലയിലായിരുന്നു. എന്നാൽ 15 വയസുകാരിയോട് ലൈംഗിക ചുവയോടെ സംസാരിച്ച സംഭവത്തിൽ പോക്സോ വകുപ്പ് ചുമത്തിയിട്ടില്ല. അതിനിടെ റെയിൽവെ സ്റ്റേഷനിൽ നിന്ന് കസ്റ്റഡിയിലെടുത്ത ശേഷം കിരണിനെ മർദ്ദിച്ച 4 യുവാക്കളെയും പൊലീസ് അറസ്റ്റ് ചെയ്തു.


