അഞ്ചലില്‍ സിവില്‍ പൊലീസ് ഓഫീസറുടെ ബുള്ളറ്റ് കത്തിച്ച സംഭവത്തിൽ രണ്ട് യുവതികൾ അറസ്റ്റിൽ. കസ്റ്റഡിയിലിരിക്കെ യുവതികളിലൊരാൾ വിഷം കഴിച്ച് ജീവനൊടുക്കാൻ ശ്രമിച്ചു.

കൊല്ലം: അഞ്ചലില്‍ സിവില്‍ പൊലീസ് ഓഫീസറുടെ ബുള്ളറ്റ് കത്തിച്ചതിന് പിന്നിൽ വ്യക്തിവിരോധമെന്ന് കണ്ടെത്തൽ. സംഭവത്തിന് പിന്നിൽ രണ്ട് യുവതികളാണെന്ന് പൊലീസ് പറഞ്ഞു. കസ്റ്റഡിയിലിരിക്കെ യുവതികളിൽ ഒരാൾ വിഷം കഴിച്ച് ജീവനൊടുക്കാൻ ശ്രമിച്ചു. ആർച്ചൽ സ്വദേശി വിവേകിന്റെ ബൈക്ക് കത്തിച്ച സംഭവത്തിലാണ് കൊല്ലം സ്വദേശിനിയും സുഹൃത്തായ വയനാട് സ്വദേശിനിയും പിടിയിലായത്. യുവതികളിൽ ഒരാൾ കസ്റ്റഡിയിലിരിക്കെ വിഷം കഴിച്ചു. യുവതിയെ പാരിപ്പള്ളി മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പുനലൂർ താലൂക്ക് ആശുപത്രിയിൽ വൈദ്യ പരിശോധന കഴിഞ്ഞ് മടങ്ങുമ്പോഴാണ് യുവതി വിഷം കഴിച്ചത്.

Add Asianetnews as a Preferred SourcegooglePreferred

മുൻകൂട്ടി ആസൂത്രണം ചെയ്താണ് യുവതികൾ ബൈക്ക് കത്തിച്ചതെന്ന് പൊലീസ് പറഞ്ഞു. സിസിടിവി കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണത്തിലാണ് പിടിയിലായത്. യുവതികളിലൊരാളുമായി പോലീസുദ്യോഗസ്ഥന്റെ വിവാഹ നിശ്ചയം നടന്നിരുന്നു. പിന്നീട് അദ്ദേഹം ഇതിൽ നിന്നും പിന്മാറിയതിന്‍റെ വൈരാഗ്യമാണ് ബൈക്ക് കത്തിക്കാൻ കാരണമെന്നാണ് വിവരം. പുനലൂര്‍ എഎസ്പി യുവതികളെ വിശദമായി ചോദ്യം ചെയ്തു. യുവതികൾക്ക് മറ്റാരുടെയെങ്കിലും സഹായം ലഭിച്ചിട്ടുണ്ടോ എന്നതടക്കം പൊലീസ് പരിശോധിക്കുകയാണ്. 

ആറന്മുള സ്റ്റേഷനില്‍ ജോലി ചെയ്യുന്ന വിവേകിന്റെ ബൈക്ക് കഴിഞ്ഞ ദിവസമാണ് കത്തിച്ചത്. വീടിന്റെ ഭിത്തിയില്‍ കരി ഓയിലും ഒഴിച്ചു. അന്വേഷണം വഴി തിരിച്ചുവിടാൻ വീട്ടിൽ ഊമക്കത്തും എഴുതി വെച്ചിരുന്നു- "നീ സൂക്ഷിച്ചോ, നിൻ്റെ നാറിയ കഥകള്‍ ലോകം അറിയാന്‍ പോകുന്നു. നിന്‍റെ മാന്യതയുടെ മുഖംമൂടി വലിച്ചുകീറാന്‍ കുറച്ചു നാളുകള്‍ മാത്രം. ഞങ്ങള്‍ ഭരണത്തില്‍ വരില്ലെന്ന് നീ വിചാരിച്ചോ. നീ കുറച്ച് നാള്‍ ലീവെടുത്തതുള്‍പ്പെടെ നിന്റെ അടൂര്‍ ക്യാമ്പിലെ ഓരോ ചലനവും ഞങ്ങളറിയും. നീ ആ കോളേജിലിട്ട് ഞങ്ങടെ പിള്ളാരെ തൊട്ടത് ഞങ്ങള്‍ മറക്കില്ല" - എന്നെല്ലാമാണ് കത്തിലെ ഭീഷണികൾ.