90 പേരടങ്ങുന്ന ഒരു കമ്പനി ഇന്‍ഡോ ടിബറ്റന്‍ ബോര്‍ഡര്‍ പൊലീസ് സംഘമാണ് എത്തിയത്. 

കല്‍പ്പറ്റ: ലോക്‌സഭ തെരഞ്ഞെടുപ്പിന് സുരക്ഷ ഒരുക്കാന്‍ ഇന്‍ഡോ ടിബറ്റന്‍ ബോര്‍ഡര്‍ പൊലീസ് വയനാട്ടിലെത്തി. 90 പേരടങ്ങുന്ന ഒരു കമ്പനി ഇന്‍ഡോ ടിബറ്റന്‍ ബോര്‍ഡര്‍ പൊലീസ് സംഘമാണ് എത്തിയത്. കോണ്‍ഗ്രസിന്‍റെ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയായ രാഹുല്‍ ഗാന്ധി അമേഠിക്ക് പുറമേ വയനാടും മത്സരിക്കാന്‍ തയ്യാറായതോടെ വയനാട് മണ്ഡലവും അന്താരാഷ്ട്രാ തലത്തില്‍ ശ്രദ്ധയാകാര്‍ഷിച്ചിരുന്നു. 

മാസങ്ങള്‍ക്ക് മുമ്പ് മാവോയിസ്റ്റും പൊലീസും തമ്മിലുള്ള ഏറ്റുമുട്ടലില്‍ മാവോയിസ്റ്റ് നേതാവ് സി പി ജലീലില്‍ വയനാട്ടിലെ ഉപവന്‍ റിസോട്ടില്‍ വച്ച് കൊല്ലപ്പെട്ടിരുന്നു. മാത്രമല്ല പലതവണയായി തെരഞ്ഞെടുപ്പ് ബഹിഷ്കരിക്കാന്‍ ആവശ്യപ്പെട്ട് മാവോയിസ്റ്റുകള്‍ പോസ്റ്ററുകള്‍ പതിക്കുന്നത് പതിവാണ്. ഇതിന്‍റെയടിസ്ഥാനത്തില്‍ മണ്ഡലത്തിലെ സുരക്ഷ വര്‍ദ്ധിപ്പിക്കാന്‍ തീരുമാനിക്കുകയായിരുന്നു. 

മാനന്തവാടി, സുല്‍ത്താന്‍ ബത്തേരി, കല്‍പ്പറ്റ, ലക്കിടി, മീനങ്ങാടി, പുല്‍പ്പള്ളി, തൊണ്ടര്‍നാട് എന്നിവിടങ്ങളില്‍ വിവിധ ദിവസങ്ങളിലായി സേനയുടെ നേതൃത്വത്തില്‍ റൂട്ട്മാര്‍ച്ച് നടത്തും. പ്രശ്‌ന ബാധിത പ്രദേശങ്ങളില്‍ പൊലീസിന്‍റെ സഹായത്തോടെ ചെറുസംഘങ്ങളായി തിരിഞ്ഞ് പട്രോളിങും ശക്തമാക്കിയിട്ടുണ്ട്. ജില്ലയില്‍ സുരക്ഷിതവും സുതാര്യവുമായ തെരഞ്ഞെടുപ്പ് ഉറപ്പാക്കുകയാണ് ലക്ഷ്യം.