Asianet News MalayalamAsianet News Malayalam

ലോക്‌സഭാ തെരഞ്ഞെടുപ്പ്: തൃശൂർ ജില്ലയിൽ പൊതുയോഗവും റാലിയും നിരോധിച്ച് ഉത്തരവിറങ്ങി, ലംഘിച്ചാൽ തടവും പിഴയും

പൊതുയോഗം, ജാഥ എന്നിവ വിളിച്ചു ചേര്‍ക്കുകയോ നടത്തുകയോ, പങ്കെടുക്കുകയോ ചെയ്യരുതെന്ന് ഉത്തരവിൽ പറയുന്നു.

Loksabha elections 2024 District collector bans public meeting and procession in Thrissur district
Author
First Published Apr 23, 2024, 6:05 PM IST

തൃശ്ശൂർ: ലോക്‌സഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് വോട്ടെടുപ്പ് അവസാനിക്കുന്നതിന് 48 മണിക്കൂര്‍ മുമ്പ് തൃശൂര്‍ ജില്ലയില്‍ പൊതുയോഗം, ഘോഷയാത്ര എന്നിവ നിരോധിച്ച് ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസര്‍ കൂടിയായ ജില്ലാ കലക്ടര്‍ ഉത്തരവിട്ടു. നാളെ (ഏപ്രില്‍ 24) വൈകിട്ട് ആറുമുതല്‍ 26ന് വൈകിട്ട് ആറുവരെയാണ് നിരോധനം ഏര്‍പ്പെടുത്തിയിട്ടുള്ളത്.  പൊതുയോഗം, ജാഥ എന്നിവ വിളിച്ചു ചേര്‍ക്കുകയോ നടത്തുകയോ, പങ്കെടുക്കുകയോ ചെയ്യരുത്. 

ടെലിവിഷന്‍, സിനിമ, റേഡിയോ, സമാനമായ മറ്റ് ഉപകരണങ്ങള്‍ ഉള്‍പ്പെടെ മറ്റു മാധ്യമങ്ങളിലൂടെയുള്ള പ്രചാരണങ്ങളും നിരോധിച്ചു. സംഗീത കച്ചേരി, നാടകാവതരണം, മറ്റേതെങ്കിലും വിനോദ പരിപാടികളോ സംഘടിപ്പിച്ച് പൊതുജനങ്ങളെ അതുവഴി ആകര്‍ഷിച്ച് തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ പ്രചരിപ്പിക്കരുത്. ഈ സാഹചര്യത്തില്‍ 1951-ലെ ജനപ്രാതിനിധ്യ നിയമത്തിന്റെ 126-ലെ വ്യവസ്ഥകള്‍ പ്രകാരമുള്ള നിര്‍ദേശങ്ങള്‍ ലംഘിക്കുന്ന ഏതൊരു വ്യക്തിയും രണ്ടുവര്‍ഷം വരെ തടവിനും പിഴയും അല്ലെങ്കില്‍ രണ്ടും കൂടി ലഭിക്കുന്ന തരത്തില്‍ ശിക്ഷിക്കപ്പെടും. 

'തെരഞ്ഞെടുപ്പ് സംബന്ധിച്ച കാര്യം' (election matter) എന്ന പ്രയോഗം തിരഞ്ഞെടുപ്പ് ഫലത്തെ സ്വാധീനിക്കുന്നതോ/ സ്വാധീനിക്കുന്നതിന് വേണ്ടി കണക്കുകൂട്ടുന്നതുമായ ഏതൊരു കാര്യവും അര്‍ഥമാക്കുന്നു. ഇലക്ട്രോണിക് മാധ്യമങ്ങളില്‍ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ഏതെങ്കിലും അഭിപ്രായ വോട്ടെടുപ്പിന്റെ/ സര്‍വേയുടെ ഫലമോ സംബന്ധിച്ച് പ്രദര്‍ശിപ്പിക്കുന്നതും നിരോധിച്ചിട്ടുണ്ട്. മത്സരിക്കുന്ന എല്ലാ സ്ഥാനാര്‍ഥികളും നിര്‍ദേശ വ്യവസ്ഥകള്‍ പാലിക്കണമെന്നും ഉത്തരവില്‍ വ്യക്തമാക്കുന്നു.

Read More : അടുത്ത 3 മണിക്കൂറിൽ 9 ജില്ലകളിൽ ഇടിമിന്നലോടെ മഴ, കടലാക്രമണ സാധ്യത, നാളെ 10 ജില്ലകളിൽ മഴ; പുതിയ മുന്നറിയിപ്പ്

Follow Us:
Download App:
  • android
  • ios