തൃശൂര്‍ ഭാഗത്തേക്ക് സവാളയുമായി പോവുകയായിരുന്ന ലോറിയാണ് അപകടത്തില്‍പ്പെട്ടത്
മലപ്പുറം: വട്ടപ്പാറയിൽ ചരക്കുലോറി മറിഞ്ഞ് ഒരാള്‍ മരിച്ചു. കർണാടക സ്വദേശി ഗോപാൽ ജാദവ് (41) ആണ് മരിച്ചത്. വാഹനത്തിൽ നിന്നും തെറിച്ച് വീണ സഹായി കർണാടക സ്വദേശി പ്രകാശിനെ ഹൈവേ പൊലീസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പുലർച്ചെ അഞ്ച് മണിയോടെയാണ് അപകടമുണ്ടായത്.
മറിഞ്ഞ ലോറിക്കടിയില്‍ കുടുങ്ങിയാണ് ഡ്രൈവര്‍ മരിച്ചത്. ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട സഹായി അപകടനില തരണം ചെയ്തു. തൃശൂര്‍ ഭാഗത്തേക്ക് സവാളയുമായി പോവുകയായിരുന്നു കര്‍ണാടകയില്‍ നിന്നുള്ള ലോറി. തിരൂര്‍ പൊലീസും അഗ്നിരക്ഷാ സേനയും എത്തിയാണ് വാഹനത്തിനടിയില്‍ കുടുങ്ങിയ ആളെ രക്ഷപ്പെടുത്തിയത്.
പാപ്പാത്തിചോലയിൽ വാഹനാപകടം: 10 പേര്‍ക്ക് പരിക്ക്
ചിന്നക്കനാൽ സൂര്യനെല്ലി പാപ്പാത്തിചോലയിൽ വാഹനാപകടം. പാപ്പാത്തിച്ചോലയിലെ ഏലമുടി എവർഗ്രീൻ എസ്റ്റേറ്റിലെ തൊഴിലാളികളുടെ വാഹനമാണ് അപകടത്തിൽപെട്ടത്.
നിയന്ത്രണം നഷ്ടപ്പെട്ട വാഹനം 100 അടി താഴ്ചയിലേക്ക് മറിയുകയായിരുന്നു. ഡ്രൈവർ ഉൾപ്പെടെ പത്തോളം പേർക്ക് പരിക്കേറ്റു. രണ്ട് പേരുടെ നില ഗുരുതരമാണ്. പരിക്കേറ്റവരെ വിവിധ ആശുപത്രികളിൽ പ്രവേശിപ്പിച്ചു.
സൂര്യനെല്ലിയിൽ നിന്നും 9 സ്ത്രീ തൊഴിലാളികളുമായി പോയ വാഹനമാണ് നിയന്ത്രണം നഷ്ട്ടപ്പെട്ട് 100 അടി താഴ്ചയിലേക്ക് മറിഞ്ഞത്. ഏലമുടി എവർഗ്രീൻ എസ്റ്റേറ്റിലെ തൊഴിലാളികളുടെ വാഹനമാണ് അപകടത്തിൽപെട്ടത്. ഡ്രൈവർ ഉൾപ്പെടെ 10 പേരാണ് വാഹനത്തിൽ ഉണ്ടായിരുന്നത്.
രാവിലെ എട്ട് മണിയോടെ ഏലത്തോട്ടത്തില്‍ ജോലിക്കായി പോയതായിരുന്നു ഇവർ. ഒറ്റപ്പെട്ട പ്രദേശമായതിനാൽ മണിക്കൂറുകൾക്ക് ശേഷമാണ് വാഹനം അപകടത്തിൽപെട്ടത് പുറത്തറിഞ്ഞത്. തോട്ടങ്ങളിൽ ജോലി ചെയ്യുന്ന തൊഴിലാളികൾ ഓടിയെത്തി രക്ഷാപ്രവർത്തനം ആരംഭിച്ചു. തൊഴിലാളികളായ പൂമാരി, മാല മനോഹരം എന്നിവർക്കാണ് ഗുരുതരമായി പരിക്കേറ്റത്. ഇരുവരെയും അടിമാലി താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി. ശാന്തൻപാറ പൊലീസ് സ്ഥലത്തെത്തി തുടര്‍ നടപടികൾ സ്വീകരിച്ചു.
