ഇടുക്കി: സൈലന്‍റ് വാലി എസ്‌റ്റേറ്റില്‍ നാല് ടണ്ണോളം അരി കയറ്റിവന്ന ലോറി അപകടത്തില്‍പ്പെട്ടു. അപകടത്തില്‍പ്പെട്ട റേഷന്‍ അരിയെന്ന് ആരോപണവുമായി തൊഴിലാളികള്‍ രംഗത്തെത്തിയത് സ്ഥലത്ത് തര്‍ക്കത്തിനിടയാക്കി. ദേവികുളം സപ്ലൈ ഓഫീസറുടെ നേത്യത്വത്തില്‍ നടത്തിയ പരിശോധനയില്‍ റേഷന്‍ അരിയല്ലെന്ന് കണ്ടെത്തി. ബുധനാഴ്ച രാത്രി രണ്ട് മണിയോടെയാണ് മൂന്നാര്‍ സൈലന്റുവാലി എസ്‌റ്റേറ്റില്‍ അരി കയറ്റിവന്ന ലോറി അപടത്തില്‍പ്പെട്ടത്. 

വാഹനത്തിന്‍റെ ഹോണ്‍ സൗണ്ട് കേട്ടെത്തിയ തൊഴിലാളികളാണ് ഡ്രൈവറടക്കമുള്ളവരെ രക്ഷപ്പെടുത്തിയത്. സര്‍ക്കാര്‍ റേഷന്‍കടവഴി വിതരണം ചെയ്യുന്നതിന് എത്തിച്ച അരി കടയുടമ ലോറിയില്‍ കടത്താന്‍ ശ്രമിച്ചതാണെന്ന് തൊഴിലാളികള്‍ ആരോപിച്ചു. സംഭവത്തില്‍ അന്വേഷണം നടത്തണമെന്ന് ആവശ്യപ്പെട്ട് നിരവധിപേര്‍ രംഗത്തെത്തുകയും ചെയ്തു. 

ആരോപണം ശക്തമായതോടെ ദേവികുളം സപ്ലൈ ഓഫീസര്‍ എന്‍ ശ്രീകുമാറിന്‍റെ നേത്യത്വത്തില്‍ സംഘം സംഭസ്ഥലത്തെത്തി പരിശോധ നടത്തി. വാഹനത്തിലുള്ളത് റേഷന്‍ അരിയല്ലെന്നും സമീപങ്ങളിലെ കച്ചവടസ്ഥാപനങ്ങളില്‍ വില്‍ക്കാനെത്തിച്ച അരിയാണെന്നും കണ്ടെത്തി. സൈലന്‍റ് വാലി കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന റേഷന്‍ കടകളില്‍ നടത്തിയ പരിശോധനയില്‍ സ്‌റ്റോക്കില്‍ കുറവില്ലെന്നും അദ്ദേഹം പറഞ്ഞു. 

ഇതോടെയാണ് വാഹനം പുറത്തെടുക്കാന്‍ തൊഴിലാളികള്‍ അനുവദിച്ചത്. മൂന്നാര്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന റേഷന്‍ കടകളില്‍ പരിശോധനകള്‍ ശക്തമാണ്. റേഷന്‍ അരി കരിചന്തയില്‍ വ്യാപകമായി വില്ക്കുന്നതായി ആരോപണമുയര്‍ന്ന സാഹചര്യത്തില്‍ നടത്തിയ പരിശോധനയില്‍ നല്ലതണ്ണിയിലും മൂന്നാര്‍ കോളനിയും രണ്ട് റേഷന്‍ കടകള്‍ക്കെതിരെ നടപടികള്‍ സ്വീകരിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.