ബൈപ്പാസിൽ നിയന്ത്രണംവിട്ട ലോറി താഴ്ചയിലേക്ക് മറിഞ്ഞ് ഡ്രൈവർ മരിച്ചു
ശബ്ദംകേട്ട് ഓടിയെത്തിയ പ്രദേശവാസികൾ വാഹനത്തിൽ കുടുങ്ങിയ ജസ്റ്റിനെ ലോറിയിൽനിന്ന് പുറത്തെടുത്ത് ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
ആലപ്പുഴ: ആലപ്പുഴ ബൈപ്പാസിൽ നിയന്ത്രണംവിട്ട ലോറി താഴ്ചയിലേക്ക് മറിഞ്ഞ് ഡ്രൈവർ മരിച്ചു. കൊല്ലം കൊട്ടിയം ആദിച്ചനെല്ലൂർ ജിലി ഭവനത്തിൽ ജസ്റ്റിനാണ് (50) മരിച്ചത്. ബുധനാഴ്ച പുലർച്ച 5.30ന് കുതിരപ്പന്തി ഭാഗത്തായിരുന്നു അപകടം. പാലക്കാട് കഞ്ചിക്കോട് നിന്ന് കമ്പിയുമായി കൊല്ലം കൊട്ടിയത്തേക്ക് വന്ന ലോറിയാണ് അപകടത്തിൽപെട്ടത്. ബൈപാസ് കുതിരപ്പന്തി ഭാഗത്ത് എത്തിയപ്പോൾ ലോറി നിയന്ത്രണം വിട്ട് തെരുവ് വിളക്ക് സ്ഥാപിച്ച ഒന്നിലധികം വൈദ്യുതി പോസ്റ്റുകളും റോഡ് സുരക്ഷക്കായി സ്ഥാപിച്ച കോൺക്രീറ്റ് കുറ്റികളും ഇടിച്ച് തകർത്ത് സമീപത്തെ ആഴം കുറുഞ്ഞ അഴുക്ക് ചാലിലേക്ക് മറിഞ്ഞു.
Read More.... അപകടത്തിൽ രണ്ട് പേർ തൽക്ഷണം മരിച്ചിട്ടും കാറോടിച്ച കോടീശ്വരന്റെ ഭാര്യയുടെ ചിരിയും ഭീഷണിയും -വീഡിയോ
സമീപത്തെ മതിലിൽ ഇടിച്ചാണ് നിന്നത്. ശബ്ദംകേട്ട് ഓടിയെത്തിയ പ്രദേശവാസികൾ വാഹനത്തിൽ കുടുങ്ങിയ ജസ്റ്റിനെ ലോറിയിൽനിന്ന് പുറത്തെടുത്ത് ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ആലപ്പുഴ സൗത്ത് പൊലീസും അഗ്നിരക്ഷാസേനയും സ്ഥലത്ത് എത്തി. ഡ്രൈവർ ഉറങ്ങിപ്പോയതാണ് അപകടകാരണമെന്ന് സൗത്ത് പൊലീസ് പറഞ്ഞു. വണ്ടാനം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പോസ്റ്റുമോർട്ടത്തിനുശേഷം ബന്ധുക്കൾക്ക് വിട്ടുനൽകി. സംസ്കാരം പിന്നീട് കൊട്ടിയം നിത്യസഹായം മാതദേവാലയ സെമിത്തേരിയിൽ. ഭാര്യ: എലിസബത്ത് ജസ്റ്റിൻ. മക്കൾ: ജിലി ജസ്റ്റിൻ, ജിത്തു ജസ്റ്റിൻ (ഇരുവരും വിദ്യാർഥികൾ).