അപകടത്തെ തുടര്‍ന്ന് പലയിടങ്ങളിലേക്ക് ചിതറി തെറിച്ച പാചക വാതക സിലിണ്ടറുകള്‍ ക്രെയിന്‍ ഉപയോഗിച്ചാണ് മുകളിലെത്തിച്ചത്. 342 സിലിണ്ടറുകളാണ് വാഹനത്തിലുണ്ടായിരുന്നത്. ഇവയില്‍ മുന്നൂറ് എണ്ണം മാത്രമാണ് ഇതുവരെ വീണ്ടെടുക്കാനായിട്ടുള്ളത്. 

കല്‍പ്പറ്റ: പത്ത് മണിക്കൂര്‍ നീണ്ട പ്രയത്നത്തിനൊടുവില്‍ താമരശ്ശേരി ചുരത്തില്‍ നിന്ന് താഴ്ചയിലേക്ക് വീണ ലോറി മുകളിലെത്തിച്ചു. രണ്ട് ക്രെയിനുകളും മറ്റൊരു ലോറിയും ഉപയോഗിച്ച് ചൊവാഴ്ച രാത്രി ഒമ്പത് മണിക്ക് ആരംഭിച്ച ദൗത്യം ബുധനാഴ്ച രാവിലെ എട്ട് മണിയോടെയാണ് പൂര്‍ത്തിയാക്കാനായത്. അപകടത്തെ തുടര്‍ന്ന് പലയിടങ്ങളിലേക്ക് ചിതറി തെറിച്ച പാചക വാതക സിലിണ്ടറുകള്‍ ക്രെയിന്‍ ഉപയോഗിച്ചാണ് മുകളിലെത്തിച്ചത്. 342 സിലിണ്ടറുകളാണ് വാഹനത്തിലുണ്ടായിരുന്നത്. ഇവയില്‍ മുന്നൂറ് എണ്ണം മാത്രമാണ് ഇതുവരെ വീണ്ടെടുക്കാനായിട്ടുള്ളത്. 

അടിവാരത്ത് നിന്നുള്ള പോര്‍ട്ടര്‍മാരുടെ സഹായത്തോടെ ബാക്കിയുള്ള സിലിണ്ടറുകള്‍ കൂടി അടുത്ത ദിവസം വീണ്ടെടുക്കാനാകുമെന്നാണ് ബന്ധപ്പെട്ടവര്‍ അറിയിക്കുന്നത്. ഹിന്ദുസ്ഥാന്‍ പെട്രോളിയത്തിന്റെ പാചക വാതക സിലിണ്ടറുകളുമായി മൈസുരുവില്‍ നിന്ന് കോഴിക്കോട്ടോക്ക് പോകുകയായിരുന്ന ലോറിയാണ് തിങ്കളാഴ്ച രാത്രി ചുരത്തിലെ ഒമ്പതാം വളവില്‍ അപകടത്തില്‍പ്പെട്ടത്. സംരക്ഷണ ഭിത്തി തകര്‍ത്ത് അമ്പത് മീറ്ററോളം താഴ്ചയിലേക്കാണ് ലോറി പതിച്ചത്. 

എതിരെ വന്ന കാറില്‍ ഇടിക്കാതിരിക്കാന്‍ വാഹനം വെട്ടിക്കുന്നതിനിടെ നിയന്ത്രണം നഷ്ടപ്പെട്ട് കൊക്കയിലേക്ക് വീഴുകയായിരുന്നുവെന്നാണ് തമിഴ്‌നാട് സ്വദേശിയായ ഡ്രൈവര്‍ രവികുമാര്‍ പറയുന്നത്. വാഹനത്തിന്റെ പിറകുവശം കുത്തി വീണതിനാല്‍ മാത്രമാണ് ഡ്രൈവര്‍ക്ക് പരിക്കുകളോടെ രക്ഷപ്പെടാനായത്. താഴെ വനപ്രദേശമായതിനാല്‍ ഇവിടെയുണ്ടായിരുന്ന വലിയ മരത്തില്‍ തട്ടി നിന്നതിനാല്‍ മാത്രമാണ് കൂടുതല്‍ താഴ്ചയിലേക്ക് വാഹനം വീഴാതിരുന്നത്. എന്നാല്‍ അപകടം മറ്റ് യാത്രക്കാരുടെ ശ്രദ്ധയില്‍പ്പെട്ടിരുന്നില്ല.

 ഡ്രൈവര്‍ രവികുമാര്‍ സാഹസികമായി മുകളിലെത്തി അറിയിച്ചപ്പോള്‍ മാത്രമാണ് അപകടമുണ്ടായ വിവരം മറ്റുള്ളവര്‍ അറിഞ്ഞത്. തലക്ക് പരിക്കേറ്റ് വൈത്തിരി താലൂക്ക് ആശുപത്രിയില്‍ ചികിത്സയിലായിരുന്നെങ്കിലും രവികുമാറിനെ പിന്നീട് ബന്ധുക്കളെത്തി നാട്ടിലേക്ക് കൊണ്ടുപോയി.
ചുരം സംരക്ഷണ സമിതി സെക്രട്ടറി ഷൗക്കത്തിന്റെ നേതൃത്വത്തിലുള്ള പ്രവര്‍ത്തകരും പോലീസും മണിക്കൂറുകളോളം പണിപ്പെട്ടാണ് ലോറി റോഡിലേക്ക് എത്തിച്ചത്. ചുരത്തില്‍ ഗതാഗതം തടസ്സമൊഴിവാക്കാനാണ് രക്ഷാപ്രവര്‍ത്തനം രാത്രിയിലാക്കിയത്.