മലപ്പുറം: കൊവിഡ് ഭീഷണിയെ തുടർന്ന് രണ്ട് മാസത്തിലേറെയായി പട്ടിണിയെ മുഖാമുഖം കണ്ട സർക്കസ് കൂടാരത്തിലെ കലാകാരൻമാർക്കും പക്ഷി മൃഗാദികൾക്കും തുണയായി ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ യുസഫലി. തിരൂർ കോട്ടക്കലിൽ ആരംഭിച്ച ജംബോ സർക്കസ് പ്രദർശനം കൊവിഡ് ഭീഷണിയെ തുടർന്ന് ഫെബ്രുവരി അവസാനം നിർത്തിവെച്ചതോടെ നൂറോളം വരുന്ന കലാകാരൻമാരും നടത്തിപ്പുകാരും നിരവധി പക്ഷികളും മൃഗങ്ങളും കടുത്ത ദുരിതത്തിലായി. 

സർക്കസ് സംഘത്തിന്റെ ദുരവസ്ഥയെക്കുറിച്ചുള്ള വാർത്ത കാണാനിടയായ എം എ യൂസഫലി അബുദാബിയിൽ നിന്ന് ലുലു ഗ്രൂപ്പിന്റെ കേരളത്തിലെ മാനേജർമാരെ വിളിച്ച് അടിയന്തരമായി സഹായമെത്തിക്കാൻ നിർദേശിക്കുകയായിരുന്നു. ഇന്നലെ കൊച്ചിയിൽ നിന്ന് രണ്ടു ലക്ഷം രൂപയുടെ ഭക്ഷണ സാമഗ്രികളും മൂന്നു ലക്ഷം രൂപയുമായി ലുലു ഗ്രൂപ്പ് മീഡിയാ കോ-ഓർഡിനേറ്റർ എൻ ബി സ്വരാജിന്റെ നേതൃത്വത്തിലുള്ള ടീം കോട്ടക്കൽ പുത്തൂർപാടത്തെ സർക്കസ് കൂടാരത്തിലെത്തി.

സർക്കസ് സംഘത്തിൽ പെട്ട 100 ഓളം പേർക്കും 40 ഓളം പക്ഷിമൃഗാദികൾക്കും ഒരു മാസത്തേക്ക് ആവശ്യമായ എല്ലാതരം ഭക്ഷണ സാധനങ്ങളും ലോറി നിറയെ ലുലു ഗ്രൂപ്പ് എത്തിച്ചു. വിലപിടിപ്പുള്ള മൃഗങ്ങൾക്കും പക്ഷികൾക്കും ആവശ്യമായ പ്രത്യേക ഭക്ഷണ സാധനങ്ങൾ ഇക്കൂട്ടത്തിലുണ്ടായിരുന്നു. എത്യോപ്യ, താൻസാനിയ തുടങ്ങിയ വിദേശ രാജ്യങ്ങളിൽ നിന്നും ഇതര സംസ്ഥാനങ്ങളിൽ നിന്നും കേരളത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുമുള്ള കലാകാരൻമാരുടെ സംഘം നിറകണ്ണുകളോടെയാണ് എം.എ.യൂസഫലിയുടെ സഹായം ഏറ്റുവാങ്ങിയത്. 

വറുതിയുടെ ദിനങ്ങൾ അവസാനിച്ചതിന്റെ ആഹ്ളാദം സർക്കസ് കൂടാരത്തിൽ നിറഞ്ഞു നിന്നു. എം എ യൂസഫലിക്കുള്ള കൃതജ്ഞത അറിയിച്ചാണ് ലുലു ഗ്രൂപ്പ് സംഘത്തെ സർക്കസ് സംഘാടകർ യാത്രയാക്കിയത്. മൂന്ന് ലക്ഷം രൂപ ജീവനക്കാർക്ക് എൻ.ബി.സ്വരാജ് കൈമാറി.