250 ഓളം ഭിന്നശേഷി കുട്ടികളാണ് ഡിഫറൻറ് ആർട് സെൻററിൽ പരിശീലനം നേടിവരുന്നത്

തിരുവനന്തപുരം: ഭിന്നശേഷി പുനരധിവാസത്തിനായി കൈകോര്‍ത്ത് ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ എം എ യൂസഫലി. തിരുവനന്തപുരം കഴക്കൂട്ടത്തെ ഡിഫറന്‍റ് ആര്‍ട് സെന്‍ററിന് നല്‍കുമെന്ന് പ്രഖ്യാപിച്ച തുടര്‍ ധനസഹായ വിതരണത്തിന് തുടക്കമായി. മാജിക് പ്ലാനറ്റിലെ ഫന്‍റാസിയ തീയറ്റര്‍ ഹാളില്‍ നടന്ന ചടങ്ങില്‍ യൂസഫലിയ്ക്ക് വേണ്ടി ലുലു ഗ്രൂപ്പ് റീജിയണല്‍ ഡയറക്ടര്‍ ജോയ് ഷഡാനന്ദന്‍ ഡിഫറന്‍റ് ആര്‍ട് സെന്‍റര്‍ എക്സിക്യൂട്ടീവ് ഡയറക്ടര്‍ ഗോപിനാഥ് മുതുകാടിന് തുക കൈമാറി. ലുലു ഗ്രൂപ്പ് റീജിയണൽ മാനേജർ അനൂപ് വർഗ്ഗീസ്, കടകംപള്ളി സുരേന്ദ്രന്‍ എം എല്‍ എ, മുന്‍ ചീഫ് സെക്രട്ടറി ജിജി തോംസണ്‍, ഡിഫറന്‍റ് ആര്‍ട് സെന്‍ററിലെ കുട്ടികള്‍ തുടങ്ങിയവര്‍ സന്നിഹിതരായിരുന്നു.

സ്വപ്നംപോലൊരു സൗധം, ഇനി സ്വപ്നമല്ല! കറപുരളാത്ത നേതാവിന് നൽകിയ വാക്ക്, പാച്ചേനിയോട് അത്രമേൽ സ്നേഹം; കൈവിട്ടില്ല

250 ഓളം ഭിന്നശേഷി കുട്ടികളാണ് ഡിഫറൻറ് ആർട് സെൻററിൽ പരിശീലനം നേടിവരുന്നത്. കഴിഞ്ഞ സെപ്റ്റംബറില്‍ കാസര്‍ഗോഡ് ഭിന്നശേഷി ഗവേഷണ കേന്ദ്രത്തിന്റെ ലോഗോ പ്രകാശനത്തിനായി ഡിഫറന്‍റ് ആര്‍ട് സെന്‍ററിലെത്തിയപ്പോഴാണ് ഇനി മുതല്‍ എല്ലാക്കൊല്ലവും മുടക്കമില്ലാതെ ഒരു കോടി രൂപ സെന്‍ററിന് കൈമാറുമെന്ന് യൂസഫലി പ്രഖ്യാപിച്ചത്. അന്ന് ഒന്നരക്കോടി രൂപയുടെ ധനസഹായം യൂസഫലി സെന്‍ററിന് കൈമാറിയിരുന്നു. 

ഇപ്പോള്‍ ലഭിച്ച ഒരു കോടി രൂപ ഉപയോഗിച്ച് കുട്ടികള്‍ക്ക് വേണ്ടി ഉടന്‍ ബസ് വാങ്ങുമെന്ന് ഗോപിനാഥ് മുതുകാട് അറിയിച്ചു. ബാക്കി തുക കൊണ്ട് കുട്ടികളുടെ സ്റ്റൈപന്‍ഡും ഈ മാസം ഉയര്‍ത്തും. സമൂഹമാധ്യമങ്ങളിലടക്കം ഉയര്‍ന്ന ആരോപണങ്ങള്‍ കാര്യമാക്കുന്നില്ല. കുട്ടികള്‍ക്ക് വേണ്ടിയുള്ള നല്ല പ്രവര്‍ത്തനങ്ങളുമായി മുന്നോട്ട് പോകുമെന്നും മുതുകാട് വിശദീകരിച്ചു. രാജ്യത്തെ ജ്യുഡീഷ്യറിയിലും സര്‍ക്കാരിലുമാണ് വിശ്വാസമെന്നും സെന്‍ററിന് നല്‍കുമെന്ന് യൂസഫലി പ്രഖ്യാപിച്ച സഹായവിതരണം തുടരുമെന്നും ലുലു ഗ്രൂപ്പ് റീജിയണല്‍ ഡയറക്ടര്‍ ജോയ് ഷഡാനന്ദന്‍ വ്യക്തമാക്കി.

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം