പ്രാൺ ഇവൻറ് മാനേജ്മെൻറ് എന്ന സ്ഥാപനത്തിൽ അനാശാസ്യ വ്യാപാരം നടക്കുന്നു എന്ന വിവരം ലഭിച്ചതനുസരിച്ച് വിയ്യൂർ പൊലീസ് നടത്തിയ പരിശോധനയിൽ ഇവൻറ് മാനേജ്മെൻറ് സ്ഥാപനത്തിന്‍റെ നടത്തിപ്പുകാരനായ ഷാബു പിടിയിലായിരുന്നു.

തൃശൂർ: ഇവൻറ് മാനേജ്മെന്‍റ് സ്ഥാപനത്തിന്‍റെ മറവിൽ ആനാശാസ്യ കേന്ദ്രം നടത്തിയ കേസിൽ ഒരു പ്രതി കൂടി പിടിയിൽ. പെരിങ്ങാവ് മൈത്രിനഗറിൽ പ്രവർത്തിച്ചിരുന്ന പ്രാൺ ഇവൻറ് മാനേജ്മെന്‍റിന്‍റെ മറവിലാണ് അനാശാസ്യ വ്യാപാരം നടത്തിയത്. സംഭവത്തിൽ ഒളിവിലായിരുന്ന വീടിന്‍റെ ഉടമസ്ഥൻ തൃശൂർ, നമ്പർ 2 ടോപ്പ് അഷ്ടപദി, നിവാസിയായ ഗോപിക്കുട്ടൻ (51) ആണ് പൊലീസിന്‍റെ പിടിയിലായത്. മറ്റൊരു പ്രതിയായ കൂർക്കഞ്ചേരി വടൂക്കര സ്വദേശിയായ പൂങ്കുന്നത്ത് വീട്ടിൽ ഷാബു (48) വിനെ പൊലീസ് നേരത്തെ പിടികൂടിയിരുന്നു.

കഴിഞ്ഞ ഡിസംബർ 30നാണ് കേസിനാസ്പദമായ സംഭവം നടന്നത്. പ്രാൺ ഇവൻറ് മാനേജ്മെൻറ് എന്ന സ്ഥാപനത്തിൽ അനാശാസ്യ വ്യാപാരം നടക്കുന്നു എന്ന വിവരം ലഭിച്ചതനുസരിച്ച് വിയ്യൂർ പൊലീസ് നടത്തിയ പരിശോധനയിൽ ഇവൻറ് മാനേജ്മെൻറ് സ്ഥാപനത്തിന്‍റെ നടത്തിപ്പുകാരനായ ഷാബു പിടിയിലായിരുന്നു. എന്നാൽ വീടിന്‍റെ ഉടമസ്ഥനും മറ്റൊരു പ്രതിയുമായ ഗോപിക്കുട്ടൻ ഒളിവിൽ പോവുകയായിരുന്നു. വാടക ഉടമസ്ഥനായ ഗോപിക്കുട്ടൻ ഷാബുവുമായി ചേർന്നാണ് അനാശാസ്യവ്യാപാരം നടത്തിയിരുന്നത്.

വിയ്യൂർ പൊലീസ് നടത്തിയ അന്വേഷണത്തിനൊടുവിൽ ഒളിവിൽ പോയ പ്രതി ഗോപിക്കുട്ടൻ പൂങ്കുന്നത്ത് എത്തിയതായി വിവരം ലഭിച്ചു. തുടർന്ന് സ്റ്റേഷൻ ഇൻസ്പെക്ടർ കെ.പി മിഥുൻറെ നേതൃത്വത്തിൽ ഇൻസ്പെക്ടർ മഹേഷ്കുമാർ, സബ് ഇൻസ്പെക്ടർ മനുകൃഷ്ണൻ, സീനിയർ സിവിൽ പൊലീസ് ഓഫീസർ ജോൺസൻ, സിവിൽ പൊലീസ് ഓഫീസർമാരായ വിമൽരാജ്, ശ്യാം ചെമ്പകം, കൃഷ്ണപ്രസാദ് എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്. പ്രതിക്കെതിരെ തൃശൂർ വെസ്റ്റ് പൊലീസ് സ്റ്റേഷൻ, വടക്കാഞ്ചേരി പൊലീസ് സ്റ്റേഷൻ എന്നിവിടങ്ങളിൽ രണ്ട് ക്രിമിനൽ കേസുകൾ നിലവിലുണ്ട് എന്നും അന്വേഷണത്തിൽ വ്യക്തമായി. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻറ് ചെയ്തു.