ബസ് കാത്തു നില്‍ക്കുകയാണെന്ന വ്യാജേന കഞ്ചാവ് വില്‍പനക്ക് എത്തിയതായിരുന്നു പ്രതി. ചുമലില്‍ തൂക്കിയിട്ടിരുന്ന ഷോള്‍ഡര്‍ ബാഗില്‍ നിന്നാണ് കഞ്ചാവ് കണ്ടെടുത്തതെന്നും എക്സൈസ് വിവരിച്ചു

മലപ്പുറം: ബസ് കാത്തു നില്‍ക്കുകയാണെന്ന വ്യാജേന കഞ്ചാവ് വില്‍പന നടത്തുന്ന പ്രതി മലപ്പുറത്ത് പിടിയിൽ. 1.3 കിലോ കഞ്ചാവുമായി പശ്ചിമ ബംഗാള്‍ സ്വദേശിയെ പെരിന്തല്‍മണ്ണയില്‍ എക്‌സൈസ് സംഘമാണ് അറസ്റ്റ് ചെയ്തത്. പശ്ചിമ ബംഗാള്‍ സ്വദേശി നൂറുല്‍ ഇസ്ലാമാണ് (35) അറസ്റ്റിലായത്. കോഴിക്കോട് - പാലക്കാട് ദേശീയപാതയില്‍ അമ്മിനിക്കാട് കുഞ്ഞാലിപ്പടി ബസ് സ്റ്റോപ്പിന് സമീപത്ത് നിന്നാണ് ഇയാള്‍ പിടിയിലായതെന്ന് എക്‌സൈസ് അധികൃതര്‍ അറിയിച്ചു. ബസ് കാത്തു നില്‍ക്കുകയാണെന്ന വ്യാജേന കഞ്ചാവ് വില്‍പനക്ക് എത്തിയതായിരുന്നു പ്രതി. ചുമലില്‍ തൂക്കിയിട്ടിരുന്ന ഷോള്‍ഡര്‍ ബാഗില്‍ നിന്നാണ് കഞ്ചാവ് കണ്ടെടുത്തതെന്നും എക്സൈസ് വിവരിച്ചു.

ഓടി രക്ഷപ്പെടാന്‍ ശ്രമിച്ചെങ്കിലും സാഹസികമായി പിടികൂടി

ഇയാള്‍ക്ക് മറ്റ് മൂന്നിടങ്ങളില്‍ കഞ്ചാവ് കേസുകളുണ്ടെന്നും എക്സൈസ് വ്യക്തമാക്കി. പെട്രോളിങ്ങിനിടെ അസ്വാഭാവിക പെരുമാറ്റം കാരണം പ്രതിയുടെ ബാഗ് പരിശോധിച്ചപ്പോഴാണ് കള്ളക്കച്ചവടം പിടിയിലായത്. പ്രതി ഓടി രക്ഷപ്പെടാന്‍ ശ്രമിച്ചെങ്കിലും സാഹസികമായി പിടികൂടൂകയായിരുന്നുവെന്ന് എക്സൈസ് ഉദ്യോഗസർ അറിയിച്ചു. എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ പി ഹരിദാസന്‍, അസി. എക്‌സൈസ് ഇന്‍സ്‌പെക്ടര്‍മാരായ യു കുഞ്ഞാലന്‍കുട്ടി, കെ രാമകൃഷ്ണന്‍, സിവില്‍ എക്‌സൈസ് ഓഫിസര്‍മാരായ മുഹമ്മദ് റിയാസ്, സജില്‍കൃഷ്ണ, ശരത്, കെ പുഷ്പരാജ് എന്നിവരാണ് പ്രതിയെ പിടികൂടിയ സംഘത്തിലുണ്ടായിരുന്നത്.

പെരിന്തൽമണ്ണയിൽ ലഹരിക്കടത്തിനായി കുട്ടികളെ കടത്തിക്കൊണ്ടു പോയ സംഘം പിടിയിൽ

അതിനിടെ മലപ്പുറത്ത് നിന്നും പുറത്തുവന്ന മറ്റൊരു വാർത്ത ലഹരിക്കടത്തിനായി കുട്ടികളെ കടത്തിക്കൊണ്ടു പോയ സംഘം പിടിയിലായി എന്നതാണ്. പെരിന്തൽമണ്ണയിലാണ് ലഹരിക്കടത്തിനായി കുട്ടികളെ കടത്തിക്കൊണ്ടു പോയത്. സംഭവത്തില്‍ മൂന്ന് പോണ് പൊലീസിന്‍റെ പിടിയിലായത്. വാഴേങ്കട ബിടാത്തി ചോരമ്പറ്റ മുഹമ്മദ് റാഷിദ് ( 34 ) , ചെർപ്പുളശ്ശേരി കാളിയത്ത്പടി വിഷ്ണു ( 22 ) , കാറൽമണ്ണ പുതുപഴനി അശ്വിൻ ( 20 ) എന്നിവരെയാണ് പെരിന്തൽമണ്ണ പൊലീസ് അറസ്റ്റ് ചെയ്തത്. മൂന്ന് പ്രതികളുടെയും പേരിൽ വിവിധ പൊലീസ് സ്റ്റേഷനുകളിൽ കേസുകൾ നിലവിലുണ്ടെന്ന് പെരിന്തൽമണ്ണ പൊലീസ് അറിയിച്ചു. സെപ്റ്റംബര്‍ 13 നും 23 നും ഇടയിലാണ് പ്രതികൾ കുട്ടികളെ കടത്തി കൊണ്ടുപോയത്. കേസിലെ ഒന്നാം പ്രതി ഷാനിദ് ഒളിവിലാണ്. പണം വാഗ്ദാനം ചെയ്തും കഞ്ചാവ് നൽകാമെന്നും ഒഡീഷയിലെ വിവിധ സ്ഥലങ്ങൾ കാണിച്ചു കൊടുക്കാമെന്നും പ്രലോഭിപ്പിച്ചുമാണ് കുട്ടികളെ കൊണ്ടു പോയതെന്ന് പൊലീസ് പറയുന്നു. പട്ടാമ്പിയിലെ വീട്ടിൽ വച്ചും ഒറീസയിൽ വച്ചും പ്രതികൾ കുട്ടികൾക്ക് കഞ്ചാവ് നൽകിയതായും പൊലീസ് പറഞ്ഞു. സംഭവത്തില്‍ ആലിപ്പറമ്പ് സ്വദേശിയായ 16 വയസ്സുകാരനാണ് പൊലീസിൽ പരാതി നൽകിയത്. ഈ കുട്ടിയും സംഘത്തിന്‍റെ കയ്യില്‍ അകപ്പെട്ടിരുന്നു.