കുട്ടികൾക്കായി ഗ്രൗണ്ട് തുറന്നുകൊടുക്കുന്നതിനുമുൻപേ ഉമ്മമാരുടെ ആഗ്രഹത്തിനു മാനേജർ സമ്മതം മൂളുകയും ചെയ്തു. ഇതോടെ കളി തുടങ്ങി.
മലപ്പുറം: പന്തുകണ്ടാൽ തട്ടിനോക്കാത്തവർ വിരളമായിരിക്കും. അതുപോലെ പന്ത് തട്ടി വൈറലായിരിക്കുകയാണ് മലപ്പുറത്തെ കുറച്ചു വീട്ടമ്മമാർ. മങ്കട പുളിക്കൽപറമ്പ് എഎംഎൽപി സ്‌കൂളിലെ ടർഫ് ഗ്രൗണ്ടിൽ നിന്നാണ് വൈറൽ വീഡിയോയുടെ പിറവി. പുതിയ മാനേജർ സ്‌കൂൾ ഏറ്റെടുത്തതോടെ കുട്ടികൾക്കായി പുതിയ പാർക്കും ടർഫും ഒരുക്കി. പുതിയ ടർഫ് ഗ്രൗണ്ട് കണ്ട് മാത്രം പരിജയമുള്ള ഉമ്മമാർക്ക് ഒരാഗ്രഹം.അതിലൊന്ന് ഇറങ്ങി കളിക്കണം. മോഹമുദിച്ച ഉമ്മമാർ മാനേജരോടെ ഫുട്‌ബോൾ കളിക്കാനൊരു ആഗ്രഹം പ്രകടിപ്പിച്ചു. കുട്ടികൾക്കായി ഗ്രൗണ്ട് തുറന്നുകൊടുക്കുന്നതിനുമുൻപേ ഉമ്മമാരുടെ ആഗ്രഹത്തിനു മാനേജർ സമ്മതം മൂളുകയും ചെയ്തു. ഇതോടെ കളി തുടങ്ങി.
വീറും വാശിയും പന്തടക്കവും സ്‌കില്ലും ഗ്രൗണ്ടിൽ പിറന്നു. സ്‌കൂൾ മാനേജർ വി. മരക്കാറിന്റെ മകൻ ദിൽഷാദ് കൗതുകത്തിനു വീഡിയോയും പകർത്തി. ഇതാണ് സാമൂഹ്യ മാധ്യമങ്ങളിൽ കളിക്കമ്പക്കാർ ഏറ്റെടുത്തത്. വിഡിയോ നാല് ദിവസം കണ്ടത് പത്ത് ലക്ഷത്തോളം ആളുകളാണ്. ആറര ലക്ഷം ഫോളോവേഴ്‌സ് ഉള്ള മലപ്പുറം ഫുട്‌ബോൾ ഒഫീഷ്യൽ എന്ന എന്ന പേജിലേക്ക് വിഡിയോ ഷെയർ ചെയ്തോടെയാണ് ഉമ്മമാരുടെ ഫുട്ട്‌ബോൾ പ്രാവീണ്യം നാടറിഞ്ഞത്.
