രണ്ടു ബസുകളിലുമായി മുപ്പതോളം കുട്ടികൾ ഉണ്ടായിരുന്നു, ഇവരിൽ 10 കുട്ടികൾക്കും ഡ്രൈവർക്കും പരിക്കേറ്റു

മഞ്ചേരി: മലപ്പുറം മഞ്ചേരിയിൽ സ്കൂൾ ബസ് അപകടം. ഒരേ സ്കൂളിലെ ബസുകളാണ് അപകടത്തിൽപ്പെട്ടത്. മലപ്പുറം മഞ്ചേരി പട്ടർക്കുളത്താണ് സ്കൂൾ ബസ് അപകടത്തിൽപ്പെട്ടത്. പത്തു വിദ്യാർഥികൾക്ക് അപകടത്തിൽ പരിക്കേറ്റിട്ടുണ്ട്. എന്നാൽ വിദ്യാർഥികളുടെ പരിക്കുകൾ സാരമുള്ളതല്ലെന്നാണ് വിവരം. അൽ ഹുദ ഇംഗ്ലീഷ് മീഡിയം സ്കൂളിലെ കുട്ടികൾക്കാണ് പരിക്കേറ്റത്. പട്ടർകുളം ഇറക്കത്തിലാണ് അപകടമുണ്ടായത്. അൽ ഹുദ സ്കൂളിലെ ബസ് മുന്നിൽ സഞ്ചരിക്കുകയായിരുന്ന അതേ സ്കൂളിലെ മറ്റൊരു ബസിന്‍റെ പിൻവശത്ത് ഇടിച്ചാണ് അപകടം ഉണ്ടായത്. ഇടിയുടെ ആഘാതത്തിൽ മുന്നിൽ സഞ്ചരിച്ച ബസ് ഇലക്ട്രിക് പോസ്റ്റിൽ ഇടിച്ചു മറിഞ്ഞു. അപകടത്തിൽ ബസ് ഡ്രൈവർക്കും പരിക്കുണ്ട്. രണ്ടു ബസുകളിലുമായി മുപ്പതോളം കുട്ടികൾ ഉണ്ടായിരുന്നു. ആർക്കും വലിയ പരിക്കുകളില്ലാത്തത് ഭാഗ്യമായി.

കൊല്ലത്ത് തടികൂപ്പിൽ നടുക്കുന്ന അപകടം, ട്രാക്ടർ നിയന്ത്രണം വിട്ടു മറിഞ്ഞു; 29 കാരന് ദാരുണാന്ത്യം

അതേസമയം കഴിഞ്ഞ ദിവസം തിരുവനന്തപുരത്ത് നിന്ന് പുറത്തുന്ന മറ്റൊരു വാർത്ത തിരുവനന്തപുരം കല്ലമ്പലത്ത് ദേശീയപാതയിൽ നിയന്ത്രണം വിട്ട കാര്‍ പാഞ്ഞുകയറി കോളേജ് വിദ്യാര്‍ത്ഥിനിക്ക് ദാരുണാന്ത്യം സംഭവിച്ചു എന്നതാണ്. കല്ലമ്പലം കെ ടി സി ടി കോളജിലെ എം എ ഇംഗ്ലീഷ് വിദ്യാർത്ഥിനിയും ആറ്റിങ്ങൽ മാമം സ്വദേശിനിയുമായ ശ്രേഷ്ഠ എം വിജയ് ആണ് മരിച്ചത്. 22 വയസായിരുന്നു. ഈ അപകടത്തിൽ പരിക്കേറ്റ 12 വിദ്യാര്‍ത്ഥികളിൽ ഒരാളുടെ നില ഗുരുതരമാണ്. മണമ്പൂർ ജംഗ്ഷനിൽ കഴിഞ്ഞ ദിവസം വൈകീട്ട് മൂന്നരയോടെയായിരുന്നു അപകടം. കോളേജ് ക്ലാസ് കഴിഞ്ഞു വീടുകളിലേക്ക് മടങ്ങാൻ റോഡരികിൽ ബസ് കാത്ത് നിൽക്കുന്നതിനിടെയാണ് കൊല്ലം ഭാഗത്ത് നിന്നെത്തിയ കാര്‍ ഇടിച്ചുകയറിയത്. മൂന്ന് വിദ്യാർത്ഥികൾ വാഹനത്തിന് അടിയിൽപ്പെട്ടു. നിരവധിപേര്‍ ഇടിയുടെ ആഘാതത്തിൽ പല ഭാഗത്തേക്ക് തെറിച്ചു വീണു. പരുക്കേറ്റവരെ ഉടൻ തന്നെ ചാത്തമ്പറയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചു. കാർ ഓടിച്ച കൊല്ലം അഞ്ചാലുംമൂട് സ്വദേശി അനിയെ പൊലീസ് കസ്റ്റഡിയിലെടുത്തു. കാറിന്‍റെ ഉടമ റഹീമും കാറിലുണ്ടായിരുന്നു.