12 വോട്ടിന്‍റെ ഭൂരിപക്ഷത്തിനാണ് എൽ.ഡി.എഫ് സ്ഥാനാർഥി സി. ഷിജു  മലപ്പുറം നഗരസഭയിലെ 31 -ാം വാര്‍ഡിലേക്ക് നടന്ന് ഉപതെരഞ്ഞെടുപ്പില്‍ വിജയിച്ചത്. 

മലപ്പുറം: മലപ്പുറം നഗരസഭയിലെ 31-ാം വാർഡ് കൈനോട് ഉപതെരഞ്ഞെടുപ്പിൽ എൽ ഡി എഫ് സിറ്റിംഗ് സീറ്റിന് വിള്ളൽ. ഭൂരിപക്ഷം കുത്തനെ കുറഞ്ഞു. 12 വോട്ടിന്‍റെ ഭൂരിപക്ഷത്തിനാണ് എൽ.ഡി.എഫ് സ്ഥാനാർഥി സി. ഷിജു മലപ്പുറം നഗരസഭയിലെ 31 -ാം വാര്‍ഡിലേക്ക് നടന്ന് ഉപതെരഞ്ഞെടുപ്പില്‍ വിജയിച്ചത്. 1019 വോട്ടാണ് സി.ഷിജുവിന് ലഭിച്ചത്. യു ഡി എഫ് സ്വതന്ത്ര സ്ഥാനാർഥി സി. സുജാത പരമേശ്വരന് 1007 വോട്ടും ലഭിച്ചു. സ്വതന്ത്ര സ്ഥാനാർഥികളായ കെ. ഷിജുമോന് ഏഴ് വോട്ടുകളും സുജാതയ്ക്ക് ഏഴ് വോട്ടുകളും ലഭിച്ചു.

കഴിഞ്ഞ തവണ 362 വോട്ടിന്‍റെ ഭൂരിപക്ഷമാണ് ഈ വാര്‍ഡില്‍ എൽഡിഎഫിന് ഉണ്ടായിരുന്നത്. ഇതാണ് ഇത്തവണ കുത്തനെ ഇടിഞ്ഞത്. വാർഡിലെ 2306 വോട്ടർമാരിൽ 2040 വോട്ടർമാർ വോട്ട് ചെയ്തിരുന്നു. എൽ ഡി എഫ് കൗൺസിലർ വി.കെ റിറ്റുവിന്‍റെ നിര്യാണത്തെ തുടർന്നാണ് ഉപതെരഞ്ഞെടുപ്പ് വേണ്ടി വന്നത്. 2020 ൽ ആകെ പോൾ ചെയ്ത വോട്ട് 1875 എണ്ണമായിരുന്നു. എൽ ഡി എഫ് 1112 ഉം യു ഡി എഫ് 749 ഉം മറ്റുള്ളവർ 14 ഉം വോട്ടുകൾ നേടി 362 വോട്ടിന്‍റെ ഭൂരിപക്ഷത്തിനാണ് അന്ന് എൽ ഡി എഫ് സ്ഥാനാർഥിയായിരുന്ന വി.കെ റിറ്റു ജയിച്ച് കയറിയത്. മലപ്പുറം നഗരസഭയിൽ യു ഡി എഫ് ഭരണസമിതിയാണ്. ആകെയുള്ള 40 വാർഡുകളിൽ 25 എണ്ണത്തിൽ യു ഡി എഫ്, 15 എൽ ഡി എഫ് എന്നിങ്ങനെയാണ് കക്ഷി നില. 25 യു ഡി എഫ് സീറ്റിൽ 23 എണ്ണം മുസ്‌ലിം ലീഗിന്‍റെ കൗൺസിലർമാരാണ്.