മലപ്പുറത്ത് നിർമ്മിച്ച പുതിയ ഷെൽട്ടർ ഹോം ഉദ്ഘാടനത്തിനൊരുങ്ങി. 3.25 കോടി രൂപ ചെലവിൽ നിർമ്മിച്ച ഈ കേന്ദ്രം വയോജനങ്ങൾക്കും ഭവനരഹിതർക്കുമായി തുറന്ന് നൽകും. ഹെൽത്ത് ക്ലബ്ബും ലൈബ്രറിയും ഉൾപ്പെടെയുള്ള അത്യാധുനിക സൗകര്യങ്ങളോടെയാണ് അഭയമൊരുങ്ങുന്നത്. 

മലപ്പുറം: കേന്ദ്രസര്‍ക്കാരിന്റെ സാമ്പത്തിക സഹായത്തോടുകൂടി ദേശീയ നഗര ഉപജീവന ദൗത്യത്തിന്റെ കീഴില്‍ മുണ്ടുപറമ്പ്- കാവുങ്ങല്‍ ബൈപാസിലെ നെച്ചിക്കുറിയില്‍ കുറ്റിയില്‍ നിര്‍മിച്ച നഗരസഭയുടെ ഷെല്‍ട്ടര്‍ ഹോം ഉദ്ഘാടനത്തിനൊരുങ്ങി. ഷെല്‍ട്ടര്‍ ഹോമില്‍ വയോജനങ്ങള്‍, ഭവനരഹിതര്‍ എന്നിവര്‍ ഉള്‍പ്പെടെയുള്ളവര്‍ക്കാണ് താമസ സൗകര്യം ഒരുക്കുന്നത്. ഒറ്റക്ക് താമസിക്കുന്നവരും പരിപാലിക്കാന്‍ ആളുകളില്ലാത്തവരും ഉള്‍പ്പെടെയുള്ളവര്‍ക്ക് കേന്ദ്രത്തില്‍ താമസം ഒരുക്കും. മികച്ച പശ്ചാത്തല സൗകര്യങ്ങളോടു കൂടി നിര്‍മാണം പൂര്‍ത്തിയാക്കിയ കേന്ദ്രത്തില്‍ താമസത്തിനായി മുറികൾ, മെഡിക്കല്‍ സപ്പോര്‍ട്ട് റൂം, ഹെല്‍ത്ത് ക്ലബ്, ലൈബ്രറി, കിച്ചണ്‍ ഹാള്‍, ഡൈനിങ് ഏരിയ ഉള്‍പ്പെടെ പൂര്‍ണ സൗകര്യങ്ങളുണ്ട്.

3.25 കോടി രൂപ ചെലവഴിച്ച് നിര്‍മിച്ച ഷെല്‍ട്ടര്‍ ഹോമില്‍ 2.51 കോടി രൂപ കേന്ദ്രസര്‍ക്കാര്‍ വിഹിതവും ബാക്കി നഗരസഭയുടെ തനത് ഫണ്ടില്‍ നിന്നുമാണ് നിര്‍മാണത്തിനുള്ള തുക കണ്ടത്തിയത്. അത്യാധുനിക സൗകര്യങ്ങളോട് കൂടി തയാറാക്കിയ ഷെല്‍ട്ടര്‍ ഹോമില്‍ അന്ത്യവാസികളുടെ ശാരീരിക, മാനസിക ഉല്ലാസത്തിന് ഉതകുന്ന സംവിധാനങ്ങള്‍ ഉള്‍പ്പെടെയുള്ളവയും കായിക വിനോദങ്ങള്‍ക്കുള്ള സൗകര്യങ്ങളും തയാറാക്കി യിട്ടുണ്ട്. കൂടാതെ കേന്ദ്രസര്‍ക്കാര്‍ അമൃത് പദ്ധതിയില്‍ ഉള്‍പ്പെടുത്തി 75 ലക്ഷം രൂപ ചെലവില്‍ ഗ്രീന്‍ പാര്‍ക്കും പ്രദേശത്ത് നിര്‍മാണം ആരംഭിച്ചിട്ടുണ്ട്. നിര്‍മാണം പൂര്‍ത്തിയായ ഷെല്‍ട്ടര്‍ ഹോമിന്റെ ഉദ്ഘാടനം 28ന് രാവിലെ 10.30ന് ഇ.ടി. മുഹമ്മദ് ബഷീര്‍ എം.പി നി ര്‍വഹിക്കും. പി. ഉബൈദുല്ല എം. എല്‍.എ, നഗരസഭ അധ്യക്ഷന്‍ മുജീബ് കാടേരി തുടങ്ങിയവര്‍ പങ്കെടുക്കും.