പരാതിക്കാരനെ സ്‌കൂള്‍ ഇല്ലാത്ത ദിവസങ്ങളില്‍ വിളിച്ച് വരുത്തിയായിരുന്നു ലൈംഗിക ചൂഷണം. കുട്ടിക്ക് ഷാനു പാരിതോഷികമായി പണവും മറ്റും കൊടുക്കുകയും പുറത്ത് പറഞ്ഞാല്‍ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തായി പൊലീസ് അന്വേഷണത്തില്‍ കണ്ടെത്തി.

മലപ്പുറം: പ്രായപൂര്‍ത്തിയാകാത്ത ആണ്‍കുട്ടിയെ ലൈംഗിക പീഡനത്തിന് ഇരയാക്കിയ 34 വയസുകാരന് 51 വര്‍ഷം കഠിന തടവിനും 35000 രൂപ പിഴ വിധിച്ച് കോടതി. വണ്ടൂര്‍ കരുണാലയപ്പടി ചെമ്പന്‍ വീട്ടില്‍ അബ്ദുള്‍ റഹിമാന്‍ എന്ന ഷാനുവിനെയാണ് നിലമ്പൂര്‍ ഫാസ്റ്റ് ട്രാക്ക് സ്‌പെഷല്‍ കോടതി ജഡ്ജ് കെ.പി. ജോയ് ശിക്ഷ വിധിച്ചത്. പരാതിക്കാരന്റെ പരാതിയിലാണ് നിലമ്പൂര്‍ പൊലീസ് സ്റ്റേഷനില്‍ പരാതി രജിസ്റ്റര്‍ ചെയ്തത്. പരാതിയുടെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തിൽ പ്രതി കുറ്റം ചെയ്തതായി പൊലീസ് കണ്ടെത്തുകയായിരുന്നു.

2019 മുതല്‍ 2020 മാര്‍ച്ച് വരെയുള്ള കാലയളവിലാണ് പ്രതി ആൺകുട്ടിയെ പീഡിപ്പിച്ചത്. പരാതിക്കാരനെ സ്‌കൂള്‍ ഇല്ലാത്ത ദിവസങ്ങളില്‍ വിളിച്ച് വരുത്തിയായിരുന്നു ലൈംഗിക ചൂഷണം. കുട്ടിക്ക് ഷാനു പാരിതോഷികമായി പണവും മറ്റും കൊടുക്കുകയും പുറത്ത് പറഞ്ഞാല്‍ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തായി പൊലീസ് അന്വേഷണത്തില്‍ കണ്ടെത്തി. നിലമ്പൂര്‍ പൊലീസ് സ്റ്റേഷന്‍ ഇന്‍സ്‌പെക്ടറായിരുന്ന പി.വിഷ്ണുവിന്റെ നേത്യത്വത്തിലാണ് അന്വേക്ഷണം നടന്നത്.

പ്രോസിക്യൂഷന് വേണ്ടി സ്‌പെഷല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ അഡ്വ. സാം കെ. ഫ്രാന്‍സിസ് ഹാജരായി. പ്രോസിക്യൂഷന്‍ ലൈസണ്‍ വിംഗിലെ സീനിയര്‍ സിവില്‍ പൊലീസ് ഓഫീസര്‍ പി.സി. ഷീബ പ്രോസിക്യൂഷനെ സഹായിച്ചു. അസിസ്റ്റന്റ് സബ് ഇന്‍സ്പക്ടര്‍ അന്‍വര്‍ സാദത്ത് ഇല്ലിക്കല്‍ കേസന്വേഷണത്തിന് സഹായിച്ചു. പ്രതി പിഴ അടച്ചില്ലെങ്കില്‍ മൂന്ന് മാസം കൂടി അധിക ശിക്ഷ അനുഭവിക്കണമെന്ന് കോടതി ഉത്തരവിട്ടിട്ടുണ്ട്.

Read More : 'പപ്പ മമ്മിയെ കൊന്നു, കെട്ടിത്തൂക്കി'; 4 വയസുകാരി വരച്ച ചിത്രത്തിൽ ദുരൂഹത, യുവതിയുടെ മരണത്തിൽ അന്വേഷണം