ജയിലിൽ കഴിയവെ പരിചയത്തിലായ സഹതടവുകാരന്‍റെ ഭാര്യയെ പീഡിപ്പിച്ചു, മലപ്പുറം സ്വദേശിക്ക് 15 വർഷം കഠിന തടവ്
വിചാരണ തടവുകാരനായി മഞ്ചേരി സബ്ജയിലിൽ കഴിയുന്നതിനിടെ പരിചയത്തിലായ ഇരുമ്പുഴി സ്വദേശിയുടെ ഭാര്യയെയാണ് ജാമ്യത്തിൽ ഇറങ്ങിയപ്പോൾ മുഹമ്മദ് പീഡിപ്പിച്ചത്.
മലപ്പുറം: ജയിലിൽ ഒപ്പം കഴിഞ്ഞിരുന്ന തടവുകാരൻറെ ഭാര്യയെ പീഡിപ്പിച്ച കേസിൽ പ്രതിക്ക് 15 വർഷം തടവും 15,000 രൂപയും ശിക്ഷ വിധിച്ചു. മലപ്പുറം മഞ്ചേരി കരുവമ്പ്രം ചാടിക്കല്ല് മങ്കരത്തൊടി മുഹമ്മദിനെയാണ് (45) ജഡ്ജി എസ്. രശ്മി ശിക്ഷ വിധിച്ചത്. പീഡനത്തിന് പത്ത് വർഷം കഠിന തടവ്, 10,000 രൂപ പിഴ, വീട്ടിൽ അതിക്രമിച്ച് കയറിയതിന് മൂന്ന് വർഷം കഠിന തടവ്, 5000 രൂപ പിഴ, ഭീഷണിപ്പെടുത്തിയതിനും തടഞ്ഞുവെച്ചതിനും ഒരു വർഷം വീതം തടവ് എന്നിങ്ങനെയാണ് ശിക്ഷ. ശിക്ഷ ഒന്നിച്ച് അനുഭവിച്ചാൽ മതി. പിഴ അടക്കുന്ന പക്ഷം അതിജീവിതക്ക് നൽകണം.
സഹോദരന്‍റെ ഒൻപതുവസ്സുകാരനായ മകനെ ആനക്കയത്ത് പുഴയിലെറിഞ്ഞ് കൊന്ന കേസിലെ പ്രതിയാണ് മുഹമ്മദ്. വിചാരണ തടവുകാരനായി മഞ്ചേരി സബ്ജയിലിൽ കഴിയുന്നതിനിടെ പരിചയത്തിലായ ഇരുമ്പുഴി സ്വദേശിയുടെ ഭാര്യയെയാണ് ജാമ്യത്തിൽ ഇറങ്ങിയപ്പോൾ മുഹമ്മദ് പീഡിപ്പിച്ചത്. യുവതിയുടെ ഭർത്താവ് ജയിലിലായപ്പോൾ ജാമ്യത്തിലിറങ്ങിയ മുഹമ്മദ് യുവതിക്ക് മഞ്ചേരിയിൽ വാടക വീട് എടുത്തുനൽകിയിരുന്നു.
അതിനുശേഷം ഇവിടെയെത്തിയ പ്രതി വീട്ടിൽ അതിക്രമിച്ചുകയറി യുവതിയെ ലൈംഗികമായി പീഡിപ്പിക്കുകയായിരുന്നു. തുടർന്ന് യുവതിയുടെ പരാതിയിൽ കേസെടുത്ത പോലീസ് കാസർകോടുനിന്നാണ് പ്രതിയെ പിടികൂടിയത്. 2018 ഓഗസ്റ്റ് 13ന് ആനക്കയം പാലത്തിൽനിന്നാണ് മുഹമ്മദ് സഹോദരന്‍റെ പുത്രൻ മുഹമ്മദ് ഷഹീനെ പുഴയിലേക്ക് എറിഞ്ഞുകൊന്നത്. കുട്ടിയെ തട്ടിക്കൊണ്ടുപോയി പണം ആവശ്യപ്പെടാനുള്ള ശ്രമം പാളിയതോടെയാണ് പാലത്തിൽനിന്ന് പുഴയിലേക്ക് എറിഞ്ഞത്.
Read More : റോഡ് സൈഡിൽ ഒരു കാർ, തമിഴ്നാട് പൊലീസിന് സംശയം; അകത്ത് 36 കോടിയുടെ തിമിംഗല ഛർദ്ദി, 6 മലയാളികളും!