ഇക്കഴിഞ്ഞ 14 നായിരുന്നു പെരുമ്പാമ്പിനെയും മുട്ടകളെയും ലഭിച്ചത്. വീട്ടിൽ കൊണ്ട് വന്ന് 14 ദിവസം കൊണ്ട് മുട്ടകൾ വിരിയിച്ചെടുത്തു. 30 മുട്ടകളായിരുന്നു കിട്ടിയിരുന്നത്, അതിൽ 23 മുട്ടകൾ കഴിഞ്ഞ ദിവസം വിരിഞ്ഞു.
മലപ്പുറം: ചേളാരി സ്വദേശി ശിഹാബിന് പാമ്പുകൾ വെറും ഒരു ജീവി മാത്രമല്ല. തന്റെ കൂടെപ്പിറപ്പിനെ പോലെ ഇവയേയും ശിഹാബ് പോറ്റുന്നുണ്ട്. വീട്ടിൽ വിരിയിച്ച പെരുമ്പാമ്പിന്റെ കുഞ്ഞുങ്ങളെ വനം വകുപ്പിന് കൈമാറാനൊരുങ്ങുകയാണ് പാമ്പുപിടുത്തക്കാരൻ കൂടിയായ തോട്ടത്തിൽ ശിഹാബ്. കാലിക്കറ്റ് സർവകലാശാല എഞ്ചിനീയറിംഗ് കോളേജ് പരിസരത്തു നിന്നാണ് പെരുമ്പാമ്പിനെയും അതിന്റെ മുട്ടകളും ശിഹാബിന് ലഭിച്ചത്. ഇവിടെ നിന്നും നിരവധി പെരുമ്പാമ്പുകളെ മുമ്പും ശിഹാബ് പിടികൂടി വനംവകുപ്പ് അധികൃതർക്ക് കൈമാറിയിട്ടുണ്ട്.
ഇക്കഴിഞ്ഞ 14 നായിരുന്നു പെരുമ്പാമ്പിനെയും മുട്ടകളെയും ലഭിച്ചത്. പിന്നീട് വീട്ടിൽ കൊണ്ട് വന്ന് 14 ദിവസം കൊണ്ട് മുട്ടകൾ വിരിയിച്ചെടുത്തു. 30 മുട്ടകളായിരുന്നു കിട്ടിയിരുന്നത്, അതിൽ 23 മുട്ടകൾ കഴിഞ്ഞ ദിവസം വിരിഞ്ഞു. ഒരു കുഞ്ഞിന് 60 സെന്റിമീറ്റർ നീളമുണ്ട്. അടുത്ത ദിവസം തന്നെ ഇവയെ വനം വകുപ്പിന് കൈമാറുമെന്ന് ശിഹാബ് പറഞ്ഞു.
പെരുമ്പാമ്പിന്റെ മുട്ടകൾ വിരിയാൻ 60 മുതൽ 90 ദിവസം വേണം. പാമ്പിന്റെ മുട്ടകൾ വിരിയാൻ അമ്മ പാമ്പിന്റെ ആവശ്യമില്ല. കേരള ഫോറെസ്റ്റ് ഡിപ്പാർട്ട്മെന്റിന് കീഴിലുള്ള സ്‌നേക്ക് റെസ്‌ക്യൂർ കൂടിയായ ശിഹാബ് ഇതിനോടകം തന്നെ നൂറുക്കണക്കിന് പാമ്പുകളെ പിടികൂടിയിട്ടുണ്ട്. കൂടാതെ ദേശീയ ദുരന്ത നിവാരണ അതോറിറ്റി യുടെ ഭാഗമായ ആപ്താ മിത്ര വളണ്ടിയർ കൂടിയാണ് ശിഹാബ്.


