Asianet News MalayalamAsianet News Malayalam

ഫീസടയ്ക്കാൻ വൈകി; മലയാളി വിദ്യാര്‍ഥിനി മംഗളൂരുവിലെ ഹോസ്റ്റലില്‍ തൂങ്ങിമരിച്ചു

കൊവിഡ് മൂലം സാമ്പത്തിക പ്രതിസന്ധി നേരിടുന്നതിനാല്‍ ഫീസ് അടയ്ക്കാന്‍ വൈകിയിരുന്നു. വീട്ടുകാരെ കൂടുതല്‍ ബുദ്ധിമുട്ടിക്കാന്‍ ആഗ്രഹിക്കുന്നില്ലെന്ന് നാന്‍സി എഴുതിയ കുറിപ്പ് ഹോസ്റ്റല്‍ മുറിയില്‍ നിന്നും കണ്ടെത്തിയിട്ടുണ്ട്.

Malayalee nursing student committed suicide at a college hostel in Mangalore
Author
Mangalore, First Published Oct 7, 2021, 8:03 AM IST

കാസര്‍ഗോഡ്: മലയാളി നഴ്സിംഗ് വിദ്യാര്‍ഥിനിയെ(Nursing student) മംഗളൂരുവില്‍ തൂങ്ങിമരിച്ച(suicide) നിലയിൽ കണ്ടെത്തി. ചിറ്റാരിക്കാല്‍ തൂമ്പുങ്കല്‍ സ്വദേശിനി നീന സതീഷാണ് (19) കോളേജ് ഹോസ്റ്റലില്‍(college hostel) ജീവനൊടുക്കിയത്. മംഗളൂരുവിലെ ഹോസ്റ്റല്‍ മുറിയിലെ കുളിമുറിയിൽ തൂങ്ങിയ നിലയിലായിരുന്നു മൃതദേഹം. മംഗളൂരു കൊളാസോ കോളജിലെ ഒന്നാം വർഷ നഴ്‌സിങ് വിദ്യാര്‍ഥിനിയാണ് നീന സതീഷ്.

ചിറ്റാരിക്കാല്‍ അരിമ്പയിലെ തൂമ്പുങ്കല്‍ സതീഷിന്‍റെയും ജാന്‍സിയുടേയും മകളാണ് നാന്‍സി. കൊവിഡ് മൂലം സാമ്പത്തിക പ്രതിസന്ധി നേരിടുന്നതിനാല്‍ ഫീസ് അടയ്ക്കാന്‍ വൈകിയിരുന്നു. വീട്ടുകാരെ കൂടുതല്‍ ബുദ്ധിമുട്ടിക്കാന്‍ ആഗ്രഹിക്കുന്നില്ലെന്ന് നാന്‍സി എഴുതിയ കുറിപ്പ് ഹോസ്റ്റല്‍ മുറിയില്‍ നിന്നും കണ്ടെത്തിയിട്ടുണ്ട്. ഫീസടയ്ക്കാന്‍ വൈകിയതിന്റെ പേരില്‍ കോളജ് അധികൃതര്‍ ശകാരിച്ചതില്‍ നാന്‍സി മാനസികമായി തളര്‍ന്നിരുന്നുവെന്ന് കൂട്ടുകാരികള്‍ ആരോപിക്കുന്നു.

കഴിഞ്ഞ ദിവസം രാത്രിയാണ് കോളേജ് ഹോസ്റ്റലിലെ കുളിമുറിയിലാണ് പെണ്‍കുട്ടിയെ തൂങ്ങിയ നിലയിൽ കണ്ടെത്തിയത്. ഒപ്പം താമസിക്കുന്നവര്‍ ഉടന്‍ നാന്‍സിയെ മംഗളൂരിലെ സിറ്റി ആസ്പത്രിയില്‍ പ്രവേശിപ്പിച്ചു. ഗുരുതരാവസ്ഥയിലായിരുന്ന പെണ്‍കുട്ടി ഐസിയുവില്‍ ചികിത്സയില്‍ കഴിയവെ ഇന്ന് രാവിലെയോടെ മരണപ്പെടുകയായിരുന്നു.  

കോളേജ് അധികൃതര്‍ ദിവസവും അരമണിക്കൂര്‍ നേരം മാത്രമേ കുട്ടികള്‍ക്ക് ഫോണ്‍ ഉപയോഗിക്കാന്‍ അനുവാദം നല്‍കാറുള്ളൂവെന്നും അമ്മയോട് സംസാരിക്കാന്‍ കഴിയാത്തതില്‍ നാന്‍സി കടുത്ത നിരാശയിലായിരുന്നുവെന്നും സുഹൃത്തുക്കള്‍ വ്യക്തമാക്കി. നേരത്തെ കണ്ണൂരില്‍ താമസിച്ച് വന്നിരുന്ന പെണ്‍കുട്ടിയും കുടുംബവും സമീപ കാലത്താണ് കാസര്‍കോട് ചിറ്റാരിക്കാലിലേക്ക് താമസം മാറിയത്. പെണ്‍കുട്ടിയുടെ ആത്മഹത്യയുമായി ബന്ധപ്പെട്ട് മംഗളൂരു പൊലീസ് അന്വേഷണം ആരംഭിച്ചു.

(ആത്മഹത്യ ഒരു പ്രശ്നത്തിനും പരിഹാരമല്ല. പ്രതിസന്ധികൾ അത്തരം തോന്നൽ ഉണ്ടാക്കിയാൽ കൗൺസലിംഗ് പിന്തുണക്കായി ഈ നമ്പറുകളിൽ വിളിക്കാം 1056, 0471- 2552056)

Follow Us:
Download App:
  • android
  • ios