കംബോഡിയ ആസ്ഥാനമായുള്ള അന്തർദേശീയ സൈബർ തട്ടിപ്പ് ശൃംഖലയിലെ പ്രധാനിയായ മലയാളി അബ്ദു റഹ്മാൻ അറസ്റ്റിൽ. ടീം ലീഡർ പദവിയിലുണ്ടായിരുന്ന ഇയാൾ, മാട്രിമോണിയൽ സൈറ്റുകളിലൂടെ വ്യാജ പ്രൊഫൈലുണ്ടാക്കി ആളുകളെ കബളിപ്പിച്ച് നിക്ഷേപ തട്ടിപ്പുകൾക്ക് ഇരയാക്കുകയായിരുന്നു. തട്ടിയെടുത്ത പണം കുഴൽപ്പണമായും ക്രിപ്റ്റോ കറൻസിയായും മാറ്റിയിരുന്നതായി അന്വേഷണത്തിൽ കണ്ടെത്തി.
കൊച്ചി: കംബോഡിയ ആസ്ഥാനമായി പ്രവർത്തിക്കുന്ന അന്തർദേശീയ സൈബർ തട്ടിപ്പ് ശൃംഖലയിൽ കൊച്ചി സിറ്റി സൈബർ പൊലീസിന്റെ അന്വേഷണത്തിൽ പിടിയിലായ മലയാളി അബ്ദു റഹ്മാന്റെ പങ്ക് നിർണായകമെന്ന് കണ്ടെത്തൽ. തൂത സ്വദേശിയായ ഇയാൾ കംബോഡിയൻ തട്ടിപ്പ് സംഘത്തിൽ ടീം ലീഡർ പദവി വരെ എത്തിയിരുന്നുവെന്നാണ് അന്വേഷണ വിവരങ്ങൾ.
നാല് വർഷം മുമ്പ് തൊഴിൽ തേടിയാണ് അബ്ദു റഹ്മാൻ കംബോഡിയയിലെത്തിയത്. തുടക്കത്തിൽ ചൈനീസ് സംഘങ്ങളുടെ നിയന്ത്രണത്തിലുള്ള തട്ടിപ്പ് കേന്ദ്രങ്ങളിൽ ഇരകളെ കണ്ടെത്തുക, സന്ദേശങ്ങൾ അയയ്ക്കുക, ഫോൺവിളികളിലൂടെ ബന്ധപ്പെടുക തുടങ്ങിയ ചുമതലകളായിരുന്നു ഇയാൾക്കുണ്ടായിരുന്നത്. പ്രവർത്തനത്തിലെ മികവ് തെളിയിച്ചതോടെ പിന്നീട് സംഘത്തിന്റെ 'ടീം ലീഡർ' സ്ഥാനത്തേക്ക് ഉയർത്തിയതായും പൊലീസ് പറയുന്നു. തുടർന്ന് ഇന്ത്യയിൽ നിന്ന് ആളുകളെ റിക്രൂട്ട് ചെയ്യുന്നതിനുള്ള ചുമതലയും ഇയാൾ ഏറ്റെടുത്തു. ഒരാളെ കംബോഡിയയിലെത്തിക്കാൻ സാധിച്ചാൽ 3,000 ഡോളർ വരെ ലഭിച്ചിരുന്നുവെന്ന് അന്വേഷണത്തിൽ ഇയാൾ മൊഴി നൽകിയിട്ടുണ്ട്.
കൊച്ചിയിലെ ഒരു ഡോക്ടറിൽ നിന്ന് പണം തട്ടിയെടുത്ത സംഭവത്തിലും ഇയാളുടെ പങ്ക് വ്യക്തമായിട്ടുണ്ട്. മാട്രിമോണിയൽ വെബ്സൈറ്റിലൂടെ യുവതിയെന്ന വ്യാജേന പരിചയപ്പെട്ട് ‘ഭാവി വധു’വായി നടിച്ചായിരുന്നു തട്ടിപ്പ്. വിവാഹ ശേഷമുള്ള സാമ്പത്തിക സുരക്ഷയ്ക്കായി നിക്ഷേപം നടത്തണമെന്ന് പറഞ്ഞ് ട്രേഡിംഗിലേക്ക് പ്രേരിപ്പിച്ച ശേഷമാണ് പണം കൈക്കലാക്കിയത്.
സാമൂഹികമാധ്യമങ്ങളിലെ ഓഹരി നിക്ഷേപ പരസ്യങ്ങളും പണം വിദേശത്തേക്ക് എത്തിക്കാൻ സഹായിക്കുന്ന ലോൺ ആപ്പുകളുമായിരുന്നു നേരത്തെ സംഘത്തിന്റെ പ്രധാന ആയുധങ്ങൾ. എന്നാൽ സുരക്ഷാ മുന്നറിയിപ്പുകൾ വ്യാപകമായതോടെ ഇത്തരം മാർഗങ്ങളിലൂടെ ഇരകളെ കണ്ടെത്തുന്നത് പ്രയാസമായി. ഇതോടെയാണ് സംഘം മാട്രിമോണിയൽ പ്ലാറ്റ്ഫോമുകളിലേക്ക് ശ്രദ്ധ തിരിച്ചത്.
സ്ത്രീകളുടെയും പുരുഷൻമാരുടെയും പേരുകളിൽ വ്യാജ അക്കൗണ്ടുകൾ സൃഷ്ടിച്ച് ആളുകളുമായി സൗഹൃദം സ്ഥാപിക്കും. പിന്നീട് ഭാവി ജീവിതത്തിനായുള്ള സമ്പാദ്യമെന്ന പേരിൽ ട്രേഡിങ്ങിലോ നിക്ഷേപ പദ്ധതികളിലോ പങ്കാളികളാക്കാൻ ശ്രമിക്കും. വിശ്വാസ ബന്ധവും ഉയർന്ന ലാഭവാഗ്ദാനവും പലരെയും തട്ടിപ്പിന് ഇരയാക്കുന്നുവെന്നാണ് അന്വേഷണ സംഘത്തിന്റെ വിലയിരുത്തൽ. തട്ടിപ്പിലൂടെ ലഭിക്കുന്ന പണം ആദ്യം വിവിധ അക്കൗണ്ടുകളിലേക്ക് എത്തിക്കുകയും പിന്നീട് നാട്ടിൽ കുഴൽപ്പണമായി വിതരണം ചെയ്യുകയും ചെയ്യുന്നതാണ് രീതി. തുടർന്ന് ഈ തുക ക്രിപ്റ്റോ കറൻസിയായി മാറ്റി വിവിധ എക്സ്ചേഞ്ചുകൾ വഴി കൈമാറ്റം ചെയ്യുന്നതായും അന്വേഷണത്തിൽ വ്യക്തമായിട്ടുണ്ട്.


