വൈകുന്നേരം 4.27-ഓടെ കറുത്ത പൾസർ ബൈക്കിലെത്തിയ രണ്ടുപേർ 750 രൂപയുടെ പെട്രോൾ ആവശ്യപ്പെടുകയായിരുന്നു. ജീവനക്കാരൻ പെട്രോൾ അടിച്ചു
കാട്ടാക്കട:തിരുവനന്തപുരം കാട്ടാക്കടയ്ക്ക് സമീപം നമ്പർ പ്ലേറ്റില്ലാത്ത ബൈക്കിലെത്തി യുവാക്കൾ പെട്രോൾ നിറച്ച് പണം നൽകാതെ മുങ്ങിയതായി പരാതി. കള്ളിക്കാട് പ്രവർത്തിക്കുന്ന പെട്രോൾ പമ്പിലായിരുന്നു ഇന്നലെ സംഭവം നടന്നത്. വൈകുന്നേരം 4.27-ഓടെ കറുത്ത പൾസർ ബൈക്കിലെത്തിയ രണ്ടുപേർ 750 രൂപയുടെ പെട്രോൾ ആവശ്യപ്പെടുകയായിരുന്നു. ജീവനക്കാരൻ പെട്രോൾ അടിച്ചു, എന്നാൽ ഇവർ പണം നൽകാതെ അതിവേഗത്തിൽ സ്ഥലത്തുനിന്ന് പോകുകയായിരുന്നുവെന്നാണ് പരാതി. സിസിടിവി ദ്യശ്യം പരിശോധിച്ചെങ്കിലും ഇവർ സഞ്ചരിച്ച പൾസർ ബൈക്കിന്റെ മുന്നിലും പിന്നിലും രജിസ്ട്രേഷൻ നമ്പർ പ്ലേറ്റുകൾ ഉണ്ടായിരുന്നില്ലെന്നും അധികൃതർ വ്യക്തമാക്കി.

പൊലീസിൽ പരാതി നൽകിയതോടെ ഇവരെ കണ്ടെത്താൻ ശ്രമവും തുടങ്ങി. സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ച് ഇവരെ തിരിച്ചറിയാനുള്ള നടപടികൾ പൊലീസ് ആരംഭിച്ചിട്ടുണ്ട്. ജീവനക്കാരനെ കബളിപ്പിച്ച് കടന്ന ഇവരെക്കുറിച്ച് വിവരം ലഭിക്കുന്നവർ നെയ്യാർഡാം പൊലീസിൽ അറിയിക്കണമെന്ന് പമ്പ് അധികൃതർ പറയുന്നു.


