വയോധികയെ കൊലപ്പെടുത്തിയശേഷം ജിനേഷ് ആത്മഹത്യ ചെയ്തതാണോ അതോ പുറത്തുനിന്നുള്ളവരുടെ ഇടപെടല്‍ ഉണ്ടായിട്ടുണ്ടോ എന്ന കാര്യത്തില്‍ ഇസ്രയേല്‍ പൊലീസിന്റെ അന്വേഷണം നടക്കുകയാണ്.
സുല്‍ത്താന്‍ബത്തേരി: ഒരു മാസം മുമ്പ് ഇസ്രയേലില്‍ കെയര്‍ ഗിവര്‍ ജോലിക്കായി പോയ യുവാവിനെ താമസസ്ഥലത്ത് മരിച്ചനിലയില്‍ കണ്ടെത്തി. ബത്തേരി പഴുപ്പത്തൂര്‍ കൈവട്ടമൂല സ്വദേശിയും കോളിയാടിയില്‍ താമസക്കാരനുമായ പെലക്കുത്ത് ജിനേഷ് പി. സുകുമാരന്‍ (38) ആണ് മരിച്ചത്. ജിനേഷ് ജോലിചെയ്യുന്ന വീട്ടിലെ എണ്‍പതുകാരിയെ കുത്തേറ്റ മരിച്ചനിലയിലും കണ്ടെത്തിയിട്ടുണ്ട്. വെള്ളിയാഴ്ച ഉച്ചയോടെയായിരുന്നു സംഭവം. എണ്‍പതുകാരി മരിച്ചു കിടന്നതിന്റെ സമീപത്തെ മുറിയില്‍ തൂങ്ങിമരിച്ച നിലയിലായിരുന്നു ജിനേഷിനെ കണ്ടത്.
വയോധികയെ കൊലപ്പെടുത്തിയശേഷം ജിനേഷ് ആത്മഹത്യ ചെയ്തതാണോ അതോ പുറത്തുനിന്നുള്ളവരുടെ ഇടപെടല്‍ ഉണ്ടായിട്ടുണ്ടോ എന്ന കാര്യത്തില്‍ ഇസ്രയേല്‍ പൊലീസിന്റെ അന്വേഷണം നടക്കുകയാണ്. കൊല്ലപ്പെട്ടതെന്ന് കരുതുന്ന വയോധികയുടെ കിടപ്പുരോഗിയായ ഭര്‍ത്താവിനെ പരിചരിക്കുന്ന ജോലിയായിരുന്നു ജിനേഷിന്. വയനാട്ടില്‍ മെഡിക്കല്‍ റെപ്രസന്റേറ്റീവായി ജോലിചെയ്തിരുന്ന ജിനേഷ് രണ്ടുവര്‍ഷം മുന്‍പാണ് കോളിയാടി തവനിക്കടുത്ത് വീടുവെച്ച് താമസം തുടങ്ങിയത്.
ഇവിടെ ഇംഗ്ലീഷ് മരുന്നിന്റെ ബിസിനസ് പാര്‍ട്ണര്‍ഷിപ്പില്‍ നടത്തിയിരുന്നു. ജിനേഷിന്റെ അമ്മ രാധ രണ്ടുമാസം മുന്‍പാണ് ഗള്‍ഫിലെ ഒരു മലയാളി കുടുംബത്തില്‍ കുട്ടികളെ നോക്കുന്ന ജോലിക്കായി പോയത്. അച്ഛന്‍: പരേതനായ സുകുമാരന്‍. ഭാര്യ: രേഷ്മ. മകള്‍: ആരാധ്യ. സഹോദരി: ജിനിത.
