കൊല്ലം അഞ്ചൽ സ്വദേശിനിയായ കാർത്തികയെ ബംഗളൂരുവിലെ ഫ്ലാറ്റിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ദുരൂഹതയേറുന്നു. ഭർത്താവ് നിഖിലിനെതിരെ ഗുരുതര ആരോപണങ്ങളുമായി കാർത്തികയുടെ കുടുംബം രംഗത്തെത്തി, ബംഗളൂരു പൊലീസിന്‍റെ അന്വേഷണം കാര്യക്ഷമമല്ലെന്ന് ആരോപിച്ച് മുഖ്യമന്ത്രിക്കും ഡിജിപിക്കും പരാതി നൽകി.
കൊല്ലം: കൊല്ലം അഞ്ചല്‍ സ്വദേശിനിയായ യുവതിയെ ബംഗളൂരുവിലെ ഫ്ലാറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തിയതില്‍ ദുരൂരൂഹത ആരോപിച്ച് കുടുംബം. മരിച്ച കാര്‍ത്തികയുടെ ഭര്‍ത്താവ് നിഖിലിനെതിരെയാണ് മാതാപിതാക്കൾ ആരോപണം ഉന്നയിക്കുന്നത്. സംഭവത്തില്‍ കാര്‍ത്തികയുടെ കുടുംബം മുഖ്യമന്ത്രിക്കും ഡിജിപിക്കും പരാതി നല്‍കി.
ഫെബ്രുവരി 20നാണ് ബംഗളൂരുവിലെ ഫ്ലാറ്റില്‍ അഞ്ചല്‍ സ്വദേശിനിയായ കാര്‍ത്തികയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. ഭര്‍ത്താവ് നിഖിലിനും നാല് വയസുള്ള മകള്‍ക്കും ഒപ്പമായിരുന്നു കാര്‍ത്തികയുടെ താമസം. സംഭവ ദിവസം അമ്മ ഇന്ദിര കുമാരിയുമായി കാര്‍ത്തിക ഫോണില്‍ സംസാരിച്ചിരുന്നു. കാര്‍ത്തിക ജോലി കഴിഞ്ഞ് ഫ്ലാറ്റിലേക്ക് എത്തുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. അതിന് പിന്നാലെയാണ് മരണം. മൃതദേഹം കണ്ടെത്തിയ കുളിമുറിയുടെ വാതില്‍ തുറന്നുകിടന്ന നിലയിലായിരുന്നു. മരണം നടന്ന സമയത്ത് നിഖില്‍ ഫ്ലാറ്റിന് സമീപത്ത് ഉണ്ടായിരുന്നുവെന്നാണ് കാര്‍ത്തികയുടെ കുടുംബം ആരോപിക്കുന്നത്.
എട്ട് വര്‍ഷം മുന്‍പായിരുന്നു പട്ടം സ്വദേശിയായ നിഖിലിന്‍റെയും കാര്‍ത്തികയുടെയും വിവാഹം. ഐടി മേഖലയില്‍ ജോലി ചെയ്യുന്നയാളാണ് നിഖില്‍. ജോലിയുടെ ഭാഗമായി നിഖില്‍ മെക്‌സികോയില്‍ പോയി വന്ന ശേഷം മകളുമായി അകന്നെന്ന് കുടുംബം പറയുന്നു. കുടുംബ പ്രശ്നങ്ങള്‍ ദിവസങ്ങള്‍ ചെല്ലുംതോറും വഷളായി. പ്രശ്‌നങ്ങള്‍ പരിഹരിക്കണമെന്ന് കാര്‍ത്തിക ആവശ്യപ്പെടുന്ന വാട്‌സ്ആപ്പ് സന്ദേശം കുടുംബത്തിന്‍റെ പക്കലുണ്ട്. ബംഗളൂരു പൊലീസ് മകളുടെ മരണത്തില്‍ കാര്യക്ഷമമായ അന്വേഷണം നടത്തുന്നില്ലെന്ന് കുടുംബം പറയുന്നു. മുഖ്യമന്ത്രി പിണറായി വിജയനും സംസ്ഥാന പൊലീസ് മേധാവിക്കും മാതാപിതാക്കള്‍ പരാതി നല്‍കിയിട്ടുണ്ട്.

