കോഴിക്കോട് മലയമ്മ സ്വദേശിനി കരിമ്പലങ്ങോട്ട് റുബീന (35) ആണ് കിഴക്കന്‍ സൗദിയിലെ ജുബൈലിലെ താമസസ്ഥലത്ത് മരിച്ചത്

കോഴിക്കോട്: മലയാളി യുവതി സൗദിയില്‍ ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു. കോഴിക്കോട് മലയമ്മ സ്വദേശിനി കരിമ്പലങ്ങോട്ട് റുബീന (35) ആണ് കിഴക്കന്‍ സൗദിയിലെ ജുബൈലിലെ താമസസ്ഥലത്ത് മരിച്ചത്. കുട്ടികളെ സ്‌കൂളില്‍ അയച്ച ശേഷം വീട്ടില്‍ വിശ്രമിക്കുമ്പോള്‍ ഹൃദയാഘാതം ഉണ്ടാവുകയായിരുന്നു എന്നാണ് ലഭിക്കുന്ന വിവരം.

ഇന്നലെ മകന്‍ വീട്ടില്‍ എത്തി വിളിച്ചപ്പോള്‍ പ്രതികരണം ഇല്ലാത്തതിനെ തുടര്‍ന്ന് വാതില്‍ തുറന്ന് നോക്കിയപ്പോഴാണ് റുബീനയെ മരിച്ച നിലയില്‍ കണ്ടത്. എസ് എം എച്ച് കമ്പനി ജീവനക്കാരനായ ആര്‍ ഇ സി മുക്കം മുത്താലം സ്വദേശി അബ്ദുല്‍ മജീദാണ് റുബീനയുടെ ഭര്‍ത്താവ്. മക്കള്‍: അംജദ് അബ്ദുല്‍ മജീദ് (ഇന്ത്യന്‍ സ്‌ക്കൂള്‍ ജുബൈല്‍), അയാന്‍ അബ്ദുല്‍ മജീദ് (പ്രൈവറ്റ് സ്‌കൂള്‍). മൃതദേഹം ജുബൈല്‍ ജനറല്‍ ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം

അതിനിടെ ഒമാനിൽ നിന്നും പുറത്തുവന്ന മറ്റൊരു വാർത്ത ദോഫാര്‍ ഗവര്‍ണറേറ്റിൽ മസ്‌യൂന വിലയത്തിലുള്ള ഒരു മാന്‍ഹോളില്‍ വീണ് ചികിത്സയിലായിരുന്ന മലയാളി നഴ്‌സ് മരിച്ചു. ഗുരുതര പരുക്കുകളോടെ സുല്‍ത്താന്‍ ഖാബൂസ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിഞ്ഞിരുന്ന ലക്ഷ്മി വിജയകുമാര്‍ (34) ആണ് മരിച്ചത്. കോട്ടയം പാമ്പാടി സ്വദേശിനിയാണ് മരണപ്പെട്ട ലക്ഷ്മി. കഴിഞ്ഞ മെയ് 15നാണ് സലാലയില്‍ നിന്ന് 200 കിലോമീറ്റര്‍ അകലെ മസ്‌യൂനയില്‍ വെച്ച് ഇവര്‍ അപകടത്തില്‍ പെടുന്നത്. ഇവിടെ ആരോഗ്യ മന്ത്രായത്തില്‍ സ്റ്റാഫ് നഴ്‌സായ ലക്ഷ്മി താമസ സ്ഥലത്ത് നിന്നും മാലിന്യം കളയുന്നതിനായി ബലദിയ വേസ്റ്റ് ബിന്നിന് അരികിലേക്ക് പോകുന്നതിനിടെ കാല്‍ തെന്നി മാന്‍ഹോളിലേക്ക് വീഴുകയായിരുന്നു. ഇവരെ ഉടന്‍ തന്നെ മസ്‌യൂനയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചുവെങ്കിലും ആരോഗ്യനില ഗുരുതരമായതിനാല്‍ പിന്നീട് സുല്‍ത്താന്‍ ഖാബൂസ് യൂനിവേഴ്‌സിറ്റി ആശുപത്രിയിലേക്ക് മാറ്റി. ഇവിടെ വെന്റിലേറ്ററില്‍ തുടരവെയാണ് മരണം സംഭവിച്ചത്. സംഭവമറിഞ്ഞ് ഭര്‍ത്താവും ഏക കുട്ടിയും സലാലയില്‍ എത്തിയിട്ടുണ്ട്. സുല്‍ത്താന്‍ ഖാബൂസ് ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം തുടര്‍ നടപടികള്‍ക്ക് ശേഷം നാട്ടിലേക്ക് കൊണ്ടുപോകുമെന്ന് ബന്ധപ്പെട്ടവര്‍ അറിയിച്ചു.