Asianet News MalayalamAsianet News Malayalam

മലേഷ്യയിലെ 'പൊള്ളി'പ്പിടഞ്ഞ നാളുകള്‍ വിവരിച്ച് ഹരിദാസ്, നോവ് നെഞ്ചേറ്റി വിങ്ങിപ്പൊട്ടി കുടുംബം

തലയിലും ശരീരത്തിലും തടികഷ്ണം കൊണ്ട് തല്ലിയശേഷമാണ് പഴുപ്പിച്ച ഇരുമ്പ് കമ്പികൊണ്ട്  ശരീരം മുഴുവൻ പൊളളിച്ചതെന്നും ഹരിദാസ്...

Malaysian malayali reaches home and shares his experience
Author
Alappuzha, First Published Mar 4, 2020, 11:28 PM IST

ആലപ്പുഴ: മലേഷ്യയിൽ തൊഴിലുടമയുടെ ക്രൂര മർദ്ദനത്തിന് ഇരയായ ഹരിദാസ് തനിക്ക് നേരെയുണ്ടായ ക്രൂരതകള്‍ ഓരോന്നായി വിശദീകരിച്ചപ്പോൾ വിങ്ങിപ്പൊട്ടി കുടുംബവും ഗ്രാമവാസികളും. പഴുപ്പിച്ച ഇരുമ്പ് കമ്പി ഉപയോഗിച്ചാണ് തമിഴ്‌നാട് സ്വദേശിയായ തൊഴിലുടമ ശരീരം മുഴുവൻ പൊളളിച്ചതെന്നും കഴിഞ്ഞ 28 മുതലാണ് ക്രൂര പീഡനത്തിനിരയായതെന്നും ഹരിദാസ് പറഞ്ഞു. 

ഹരിപ്പാട് പിലാപ്പുഴയിലെ വീട്ടിൽ തിരിച്ചെത്തിയ ശേഷം മാധ്യമ പ്രവർത്തകരുടെ സാന്നിധ്യത്തിലാണ് ഹരിദാസ് തന്‍റെ പീഡനകഥ തുറന്നു പറഞ്ഞത്. ഒരു മാസത്തിലധികം നീണ്ട പീഡനങ്ങൾക്കും ദുരിതങ്ങൾക്കുമൊടുവിലാണ് ഹരിദാസ് മലേഷ്യയിൽ നിന്ന് നാട്ടിൽ തിരിച്ചെത്തിയത്. കഴിഞ്ഞ ജനുവരി 28 നാണ് തൊഴിലുടമ ഹരിദാസിനേയും സഹപ്രവർത്തകനായ ഉത്തരേന്ത്യൻ സ്വദേശിയേയും കള്ളക്കേസിൽ കുടുക്കാൻ ശ്രമം നടത്തിയത്. 

Malaysian malayali reaches home and shares his experience

പണം മോഷ്ടിച്ചെന്ന് സമ്മതിക്കണമെന്ന് പറഞ്ഞായിരുന്നു ക്രൂര മർദനം. തലയിലും ശരീരത്തിലും തടികഷ്ണം കൊണ്ട്  തല്ലിയശേഷമാണ് പഴുപ്പിച്ച ഇരുമ്പ് കമ്പികൊണ്ട്  ശരീരം മുഴുവൻ പൊളളിച്ചതെന്നും ഹരിദാസ് പറഞ്ഞു. മലേഷ്യയിൽ നിന്ന് ചെന്നൈയിലെത്തിയ ഹരിദാസ് ഇന്നലെ പുലർച്ചയാണ് പിലാപ്പുഴയിലെ  വീട്ടിലെത്തിയത്. തുടർന്ന് ചികിത്സയ്ക്കായി ഹരിപ്പാട്ടെ സ്വകാര്യ ആശുപത്രിയിലും പിന്നീട് വണ്ടാനം മെഡിക്കൽ കോളജിലും പ്രവേശിപ്പിച്ചു. 

ആന്തരികാവയവങ്ങൾക്ക് ക്ഷതം ഏറ്റിട്ടുണ്ടെന്നും രണ്ട് ആഴ്ചത്തെ പരിപൂർണ്ണ വിശ്രമം വേണമെന്നും ഡോക്ടര്‍മാർ പറഞ്ഞു. ശാരീരിക അവശതകളിൽ കഴിയുമ്പോഴും ദുരിത ജീവിതത്തിൽ നിന്ന് രക്ഷകരായ മലേഷ്യൻ മലയാളി സംഘടനകളോടും സംസ്ഥാന സർക്കാരിനോടുമുള്ള നന്ദി പറയുകയാണ് ഹരിദാസ്.

Follow Us:
Download App:
  • android
  • ios