ആശുപത്രിയിൽ ബഹളം വെക്കുകയും ജീവനക്കാരെ കൈയ്യേറ്റം ചെയ്യാനും വിജിൻ ശ്രമിച്ചു. പൊലീസ് ഉടൻ തന്നെ സ്ഥലത്തെത്തി പ്രതിയെ പിടികൂടി
കൊല്ലം: ചടയമംഗലം കുടുംബാരോഗ്യ കേന്ദ്രത്തിലെ ഡോക്ടറെയും ജീവനക്കാരെയും കൈയേറ്റം ചെയ്യാൻ ശ്രമം. സംഭവത്തിൽ ആയൂർ സ്വദേശി വിജിനെ ചടയമംഗലം പൊലീസ് അറസ്റ്റ് ചെയ്തു. ഇന്നലെ വൈകീട്ടാണ് സംഭവം നടന്നത്. കാലിലേറ്റ പരിക്കിന് ചികിത്സ തേടിയാണ് വിജിൻ ആശുപത്രിയിൽ എത്തിയത്. മദ്യലഹരിയിലായിരുന്നു പ്രതി. ആശുപത്രിയിൽ ബഹളം വെക്കുകയും ജീവനക്കാരെ കൈയ്യേറ്റം ചെയ്യാനും വിജിൻ ശ്രമിച്ചു. പൊലീസ് ഉടൻ തന്നെ സ്ഥലത്തെത്തി പ്രതിയെ പിടികൂടി. ഈ സമയത്ത് പൊലീസുകാരെയും വിജിൻ അസഭ്യം പറഞ്ഞു.
ഇന്നലെ വൈകിട്ടാണ് വിജിൻ ചടയമംഗലത്തെ ആശുപത്രിയിൽ എത്തിയത്. ചികിത്സ തുടങ്ങും മുമ്പേ ഡോക്ടറെ അസഭ്യം പറഞ്ഞു. പിന്നാലെ വനിതാ ജീവനക്കാരെയടക്കം കയ്യേറ്റം ചെയ്യാൻ ശ്രമിക്കുയായിരുന്നു. മദ്യലഹരിയിലായിരുന്നു പ്രതിയെന്ന് ആരോഗ്യപ്രവർത്തകർ പറഞ്ഞു. ജീവനക്കാർ അറിയിച്ചതിനെ തുടർന്ന് ചടയമംഗലം പോലീസെത്തി വിജിനെ അറസ്റ്റ് ചെയ്തു. എന്നാൽ ലോക്കപ്പിനുള്ളിലും ഇയാൾ അസഭ്യ വർഷം തുടർന്നു. ഡോക്ടർമാരുടെ ഡ്യൂട്ടി തടസ്സപ്പെടുത്തിയതിനും പൊതുമുതൽ നശിപ്പിച്ചതിനുമാണ് ഇയാൾക്കെതിരെ കേസെടുത്തിരിക്കുന്നത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്തു.
