വർക്കല അയിരൂരിൽ വഴിത്തർക്കത്തെ തുടർന്ന് വീട്ടമ്മയെയും കുടുംബത്തെയും ആക്രമിച്ച കേസിലെ പ്രതിയായ രാജേഷിനെ പൊലീസ് അറസ്റ്റ് ചെയ്തു. രാജേഷും അയൽവാസിയായ രമാഭായിയും തമ്മിലുള്ള തർക്കമാണ് ആക്രമണത്തിൽ കലാശിച്ചത്, സംഭവത്തിൽ രമാഭായിക്കും കുടുംബാംഗങ്ങൾക്കും പരിക്കേറ്റു.

തിരുവനന്തപുരം: വർക്കല അയിരൂരിൽ വീട്ടമ്മയെയും കുടുംബത്തെയും ആക്രമിക്കാൻ ശ്രമിച്ച കേസിലെ പ്രതി അറസ്റ്റിൽ.ഹരിഹരപുരം കെടാകുളം കല്ലുവിള വീട്ടിൽ രാജേഷാണ് (48) അറസ്റ്റിലായത്. ഏപ്രിൽ ആറിനായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത് .കെടാകുളംസ്വപ്നനിവാസിൽ രമാഭായി( 65),മകൾ സ്വപ്ന,രമാബായിയുടെ സഹോദരി ഗിരിജ എന്നിവരുടെ പരാതിയിലാണ് അറസ്റ്റ്.രാജേഷും രമാഭായിയും തമ്മിൽ വഴിത്തർക്കമുണ്ടായിരുന്നു. ഇവരുടെ വീട്ടിലേക്കുള്ള വഴിയിൽ രാജേഷ് പതിവായി കരിങ്കല്ല് കൊണ്ടിട്ട് വാഹനം വരുന്നതിന് തടസമുണ്ടാക്കിയിരുന്നതായും കുടുംബം പറയുന്നു.

തിങ്കളാഴ്ച രാത്രി എട്ടുമണിയോടെ രമാഭായിയുടെ ഭർത്താവ്, വീട്ടിലേക്കുള്ള വഴിയിൽ വന്നിറങ്ങിയിരുന്നു. ഇതിന് പിന്നാലെ രാജേഷ് അസഭ്യം വിളിക്കുകയും മോശമായി പെരുമാറുകയും ചെയ്തു. ഇത് ചോദ്യം ചെയ്ത രമാഭായിയെയും കുടുംബത്തെയും രാജേഷും മകൻ മുത്തുവും ചേർന്ന് ആക്രമിച്ചെന്നായിരുന്നു പരാതി. പിന്നാലെ രാജേഷ് രമാഭായിയെ നിലത്ത് തള്ളിയിടുകയും കല്ലുകൊണ്ട് തലയ്ക്കിടിച്ച് പരിക്കേൽപ്പിച്ചെന്ന് പരാതിയിൽ പറയുന്നു. ഇതു തടയാനെത്തിയ രമാഭായിയുടെ മകൾക്കും സഹോദരിക്കും ആക്രമണത്തിൽ പരിക്കേറ്റു. തലയ്ക്ക് ഗുരുതര പരിക്കേറ്റ രമാഭായി ആശുപത്രിയിൽ ചികിത്സ തേടി. ഒപ്പമുണ്ടായിരുന്ന ബന്ധുക്കൾക്ക് തലയ്ക്കും കണ്ണിനും പരിക്കേറ്റെന്നും പരാതിയിൽ പറയുന്നു. അയിരൂർ പൊലീസ് അറസ്റ്റ് ചെയ്ത ഇയാളെ കോടതിയിൽ ഹാജരാക്കി.