മുക്കുപണ്ടം പണയം വെച്ച് പണം തട്ടിയെടുക്കാന്‍ ശ്രമിച്ച സംഭവത്തില്‍ ഒരാള്‍ പിടിയില്‍. മറ്റൊരാള്‍ ഓടി രക്ഷപ്പെട്ടു
തൃശൂര്‍: മുക്കുപണ്ടം പണയം വെച്ച് പണം തട്ടിയെടുക്കാന്‍ ശ്രമിച്ച സംഭവത്തില്‍ ഒരാള്‍ പിടിയില്‍. മറ്റൊരാള്‍ ഓടി രക്ഷപ്പെട്ടു. അഖില്‍ (27) ആണ് അറസ്റ്റിലായത്. ഏങ്ങണ്ടിയൂര്‍ ആയിരംകണ്ണി ക്ഷേത്രത്തിന് സമീപം അക്ഷയ ഫൈനാന്‍സിയേഴ്‌സ് എന്ന സ്ഥാപനത്തിലാണ് മുക്കുപണ്ടം പണയം വയ്ക്കാന്‍ ശ്രമിച്ചത്. അഖിലും വാടാനപ്പള്ളി പോലീസ് സ്റ്റേഷന്‍ പരിധിയിലെ റൗഡിയുമായ തൃത്തല്ലൂര്‍ സ്വദേശി രഘു (41) വും ചേര്‍ന്ന് ആസൂത്രിതമായി അക്ഷയ ഫൈനാന്‍സിലെത്തി 7.8 ഗ്രാം തൂക്കം വരുന്ന വളകള്‍ യഥാര്‍ത്ഥ സ്വര്‍ണ്ണമാണെന്ന് ധരിപ്പിച്ചു പണയം വയ്ക്കാന്‍ ശ്രമിക്കുകയായിരുന്നു. 76,000 രൂപ തട്ടിയെടുക്കാനായിരുന്നു ഇവരുടെ ശ്രമം.
സ്ഥാപനത്തിന്‍റെ പാര്‍ട്ണറും ഗോള്‍ഡ് അപ്രൈസറുമായ ഏങ്ങണ്ടിയൂര്‍ അഞ്ചാംകല്ല് സ്വദേശി മാട്ടുമ്മല്‍ വീട്ടില്‍ സത്യകാമന്‍ (56) ആഭരണങ്ങള്‍ പരിശോധിച്ചപ്പോള്‍ സംശയം തോന്നുകയും മുക്കുപണ്ടമാണെന്ന് ഉറപ്പിച്ചു പറയുകയും ചെയ്തു. ഇതോടെ ഒന്നാം പ്രതി രഘു സ്ഥാപനത്തില്‍നിന്നും ഓടി രക്ഷപ്പെടുകയായിരുന്നു. എന്നാല്‍ രണ്ടാം പ്രതിയായ അഖിലിനെ ഫിനാന്‍സ് ഉടമയും ജീവനക്കാരും ചേര്‍ന്ന് തടഞ്ഞുവയ്ക്കുകയും പോലീസില്‍ വിവരമറിയിക്കുകയുമായിരുന്നു. രഘുവിനെ പിടികൂടുന്നതിനായി ഊര്‍ജ്ജിത അന്വേഷണം നടന്ന് വരികയാണെന്ന് പോലീസ് പറഞ്ഞു.
അഖില്‍ നെടുപുഴ, ഒല്ലൂര്‍ പോലീസ് സ്റ്റേഷന്‍ പരിധികളിലായി മദ്യലഹരിയില്‍ മനുഷ്യജീവന് അപകടം വരത്തക്ക വിധം വാഹനമോടിച്ച കേസ്സിലും ലഹരിക്കടിമപ്പെട്ട് പൊതുജനങ്ങളെ ശല്യം ചെയ്ത കേസ്സിലും അടക്കം അഞ്ച് ക്രിമിനല്‍ക്കേസുകളില്‍ പ്രതിയാണ്. വാടാനപ്പള്ളി പോലീസ് സ്റ്റേഷന്‍ എസ്.ഐ.ഗോകുല്‍, ജി.എസ്.ഐ മാരായ രഘുനാഥ്, മുഹമ്മദ് റാഫി, അരുണ്‍, ജി.എസ്, സി.പി.ഒ മഹേഷ്, സി.പി.ഒ മാരായ സുജിത്ത്, റിഷാദ് എന്നിവരാണ് അന്വേഷണ സംഘത്തിലുള്ളത്.



