സിപ്പ് ലൈനിൽ സ്ത്രീയും കുട്ടിയും അപകടത്തിൽപ്പെടുന്ന വ്യാജ എഐ വീഡിയോ നിർമ്മിച്ച് പ്രചരിപ്പിച്ചതിന് 29-കാരനെ വയനാട് സൈബർ പോലീസ് അറസ്റ്റ് ചെയ്തു. 'Ashkar Ali Reacts' എന്ന സോഷ്യൽ മീഡിയ വീഡിയോ പൊതുജനങ്ങളിൽ വലിയ ആശങ്ക സൃഷ്ടിച്ചിരുന്നു.
ആലപ്പുഴ: ഒരു സ്ത്രീയും കുട്ടിയും സിപ്പ് ലൈനിൽ അപകടത്തിൽപ്പെടുന്നതിൻ്റെ വ്യാജ എഐ വീഡിയോ നിർമ്മിക്കുകയും പ്രചരിപ്പിക്കുകയും ചെയ്ത കേസിൽ 29കാരൻ പിടിയിൽ തിങ്കളാഴ്ച വൈകീട്ടോടെ ഇന്‍സ്പെക്ടര്‍ എസ്എച്ച്ഒ ഷജു ജോസഫിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം ആലപ്പുഴ ജില്ലയിലെ തിരുവമ്പാടി, തൈവേലിക്കം വീട്ടിൽ കെ അഷ്കറിനെയാണ് (29) അറസ്റ്റ് ചെയ്തത്.
ഒരു യുവതിയും കുട്ടിയും സിപ്ലൈനില്‍ കയറുന്നതും അവര്‍ അപകടത്തില്‍പ്പെടുന്നതുമായ ദൃശ്യങ്ങളാണ് എ.ഐ പ്രോംറ്റ് ഉപയോഗിച്ച് ഇയാള്‍ കൃത്രിമമായി നിര്‍മിച്ചിരുന്നത്. ഭീതി പടര്‍ത്തുന്ന തരത്തിലുള്ള ഈ വീഡിയോ വയനാട്ടില്‍ സംഭവിച്ചത് എന്ന തരത്തില്‍ സാമൂഹിക മാധ്യമങ്ങള്‍ വഴി വ്യാപകമായി പ്രചരിപ്പിക്കുകയായിരുന്നു. വയനാട്ടിലെ ടൂറിസം മേഖലയെ ദോഷകരമായി ബാധിക്കുന്ന തരത്തിലുള്ള വീഡിയോ ഇയാളുടെ 'അഷ്‌ക്കറലി റിയാക്ടസ്' എന്ന അക്കൗണ്ടിലൂടെ പ്രചരിപ്പിക്കുകയായിരുന്നു. കുഞ്ഞിനെ എടുത്ത് ഒരമ്മ സിപ്പ് ലൈനിൽ കയറാൻ നിൽക്കുന്നു, പെട്ടെന്ന്... എന്ന് തുടങ്ങി പല കുറിപ്പുകളോടെ വീഡിയോ പ്രചരിച്ചു.
വീഡിയോ വലിയ രീതിയില്‍ വൈറലായതോടെ ഒക്ടോബര്‍ 30-ന് സൈബര്‍ പോലീസ് എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്യുകയും അന്വേഷണം ആരംഭിക്കുകയുമായിരുന്നു. സബ് ഇന്‍സ്പെക്ടര്‍ മുസ്തഫ, സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍ നജീബ്, സിവില്‍ പോലീസ് ഓഫീസര്‍ മുസ്ലിഹ് എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്ന മറ്റു ഉദ്യോഗസ്ഥര്‍.
അഷ്കറിനെതിരെ വധശ്രമം, ആക്രമണം, മയക്കുമരുന്ന് സംബന്ധമായ കേസുകൾ ഉൾപ്പെടെ നിരവധി ക്രിമിനൽ കേസുകൾ നിലവിലുണ്ടെന്ന് പൊലീസ് അറിയിച്ചു. ഇത്തരം വിദ്വേഷം വളർത്തുന്നതോ ആയ ഇത്തരം തെറ്റിദ്ധാരണാജനകമായ എഐ വീഡിയോകൾ നിർമ്മിക്കുകയും പ്രചരിപ്പിക്കുകയും ചെയ്യുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് വയനാട് ജില്ലാ പോലീസ് മേധാവി മുന്നറിയിപ്പ് നൽകി.


