സ്വകാര്യ സ്ഥാപനത്തിൽ വർക്കിങ് പാർട്ണർ ആക്കാമെന്ന് വിശ്വസിപ്പിച്ച് 22 ലക്ഷം രൂപ തട്ടിയെടുത്ത കേസിൽ മലപ്പുറം സ്വദേശി അറസ്റ്റിൽ. പണം തിരികെ നൽകാമെന്ന് പറഞ്ഞ് നൽകിയ ചെക്കുകൾ മടങ്ങിയതോടെയാണ് വാടാനപ്പള്ളി പൊലീസ് പ്രതിയായ മുഹമ്മദ് ജാബിറിനെ പിടികൂടിയത്.
തൃശൂർ: സ്വകാര്യ സ്ഥാപനത്തിൽ വർക്കിങ് പാർട്ണർ ആക്കാമെന്ന് പറഞ്ഞ് വിശ്വസിപ്പിച്ച് 22 ലക്ഷം രൂപ കൈപ്പറ്റി തട്ടിപ്പ് നടത്തിയ കേസിൽ മലപ്പുറം സ്വദേശിയായ യുവാവിനെ അറസ്റ്റ് ചെയ്തു. തളിക്കുളം അറക്കൽ ഷറഫുദ്ദീൻ്റെ പരാതിയിൽ കൊണ്ടോട്ടി ചെറുകാട് സ്വദേശി കോട്ടംപറമ്പത്ത് വീട്ടിൽ മുഹമ്മദ് ജാബിർ (37) ആണ് അറസ്റ്റിലായത്. വിദേശത്തായിരുന്ന ഷറഫുദ്ദീൻ 2018 ൽ നാട്ടിലെത്തിയപ്പോൾ കാളത്തോടുള്ള സുഹൃത്ത് വഴി പരിചയപ്പെട്ട മുഹമ്മദ് ജാബിർ ഇരുപത്തിയഞ്ച് ലക്ഷം രൂപ നൽകിയാൽ ഒമാനിയോ ഇന്റർനാഷ്ണൽ എന്ന സ്ഥാപനത്തിലെ വർക്കിങ് പാർട്ണർ ആക്കാമെന്നും മൂന്ന് മാസം കൂടുമ്പോൾ കണക്ക് നോക്കി ലാഭത്തിന്റെ 20 ശതമാനം നൽകാമെന്നും പറഞ്ഞ് വിശ്വസിപ്പിച്ചാണ് തട്ടിപ്പ് നടത്തിയത്.
വാഗ്ദാനം പാലിച്ചില്ല
2022 ഒക്ടോബർ 11 നും 25 നും അഞ്ച് ലക്ഷം രൂപ വീതം ബാങ്ക് അക്കൗണ്ട് മുഖേനയാണ് വാങ്ങിച്ചത്. അതിന് ശേഷം ഒരു മാസം കഴിഞ്ഞ് തൃശൂർ എം ജി റോഡിലുള്ള ഒമാനിയോ ഇന്റർനാഷണൽ ഓഫീസിൽ വച്ച് പന്ത്രണ്ട് ലക്ഷം രൂപ നേരിട്ടും കൈപ്പറ്റി. ആകെ ഇരുപത്തിരണ്ട് ലക്ഷം രൂപ വാങ്ങിയെങ്കിലും മൂന്ന് മാസത്തിന് ശേഷം അന്വേഷിച്ചപ്പോൾ വർക്കിങ് പാർട്ണർ ആക്കിയിട്ടില്ലായെന്നും മൂന്ന് മാസത്തിന് ശേഷം കാര്യങ്ങൾ ശരിയാക്കാമെന്നുമായിരുന്നു മറുപടി. എന്നാൽ പിന്നീടും ഇത് ശരിയാക്കാത്തതിനെ തുടർന്ന് ഷറഫുദ്ദീൻ, തൃശൂർ പൊലീസ് കമ്മീഷണർക്കും ഈസ്റ്റ് പൊലീസ് സ്റ്റേഷനിലും പരാതി നൽകി. തുടർന്ന് ഇരുവരേയും വിളിച്ച് പൊലീസ് സംസാരിച്ചു. പണം തിരികെ കൊടുക്കാമെന്ന് പറഞ്ഞെങ്കിലും നൽകിയില്ല.
ചെക്ക് നൽകി, അക്കൗണ്ടിൽ പണമില്ല
2023 ജൂണിൽ പണം തിരികെ നൽകാമെന്ന് കരാർ എഴുതുകയും പാലക്കാട് ബ്രാഞ്ചിലുള്ള ബാങ്കിന്റെ 10 ലക്ഷം, 12 ലക്ഷം എന്നിങ്ങനെയുള്ള രണ്ട് ചെക്കുകൾ മുഹമ്മദ് ജാബിർ, ഷറഫുദ്ദീന് നൽകുകയും ചെയ്തു. എന്നാൽ ബാങ്കിൽ എത്തിയപ്പോൾ അക്കൗണ്ടിൽ പണമില്ല എന്ന അറിയിപ്പാണ് ലഭിച്ചത്. ഇതേ തുടർന്ന് വാടാനപ്പള്ളി പൊലീസ് സ്റ്റേഷനിൽ പരാതി നൽകി കേസെടുക്കുകയായിരുന്നു. തൃശൂർ റൂറൽ ജില്ലാ പൊലീസ് മേധാവി ബി കൃഷ്ണകുമാറിന്‍റെ നേതൃത്വത്തിൽ വാടാനപ്പള്ളി പൊലീസ് ഇൻസ്പെക്ടർ ഷൈജു എൻ ബി, ജൂനിയർ എസ് ഐ സുബിൻ പി ബെന്നി, ജി എസ് സി പി ഒ മഹേഷ്, സി പി ഒ അമൽ എന്നിവരാണ് കേസ് അന്വേഷിക്കുന്നത്.


