വിതുര ചന്തമുക്ക് ജങ്ഷനില്‍ ഇവര്‍ നടത്തിയിരുന്ന ബേക്കറിയുടെ മറവിലാണ് കഞ്ചാവ്, പാന്‍പരാഗ് എന്നിവ ഉള്‍പ്പടെയുള്ള ലഹരിവസ്തുക്കള്‍ വില്‍പ്പന നടത്തിയിരുന്നത്.

തിരുവനന്തപുരം: ബേക്കറിയുടെ മറവിൽ സ്‌കൂളുകള്‍ കേന്ദ്രീകരിച്ച് വിദ്യാര്‍ഥികള്‍ക്ക് കഞ്ചാവും ലഹരിവസ്തുക്കളും (Drugs) വില്‍പ്പന നടത്തുന്ന സംഘത്തിലെ പ്രധാനി പിടിയില്‍ (Arrest). വിതുര മുളയ്‌ക്കോട്ടുകര ആസിയ മന്‍സിലില്‍ ദിലീപാ(43)ണ് പിടിയിലായത്. ഇയാള്‍ക്കൊപ്പമുണ്ടായിരുന്ന മുളയ്‌ക്കോട്ടുകര താഹിറ മന്‍സിലില്‍ ഷഫീക്ക് ഓടി രക്ഷപ്പെട്ടു. 

വിതുര ചന്തമുക്ക് ജങ്ഷനില്‍ ഇവര്‍ നടത്തിയിരുന്ന ബേക്കറിയുടെ മറവിലാണ് കഞ്ചാവ്, പാന്‍പരാഗ് എന്നിവ ഉള്‍പ്പടെയുള്ള ലഹരിവസ്തുക്കള്‍ വില്‍പ്പന നടത്തിയിരുന്നത്. വിതുര, തൊളിക്കോട് പഞ്ചായത്തുകളിലെ സ്‌കൂളുകളുടെ പരിസരത്താണ് ഇവരുടെ കച്ചവടം എന്ന് പൊലീസ് പറയുന്നു. ബേക്കറിയില്‍ പൊലീസ് നടത്തിയ പരിശോധനയില്‍ 100 കവര്‍ പാന്‍പരാഗ് പിടിച്ചെടുത്തിരുന്നു. 

തുടര്‍ന്ന് പ്രതികളുടെ വീടുകളില്‍ നടന്ന പരിശോധനയില്‍ 200 ഗ്രാം കഞ്ചാവും 250 കവര്‍ പാന്‍മസാലയും പിടിച്ചെടുത്തു. ഇതിനിടയിലാണ് ഒന്നാംപ്രതി ഷെഫീക്ക് ഓടി രക്ഷപ്പെട്ടത്. രണ്ടാം പ്രതി ദിലീപിനെ റിമാന്‍ഡു ചെയ്തു. സി.ഐ. എസ്.ശ്രീജിത്ത്, എസ്.ഐ.മാരായ എസ്.എല്‍.സുധീഷ്, ബാബുരാജ്, എ.എസ്.ഐ.മാരായ പദ്മരാജ്, സജികുമാര്‍ എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിശോധനയും അറസ്റ്റും.