തൃശൂരിൽ വധശ്രമക്കേസിലെ പ്രതിക്ക് വിദേശത്തേക്ക് കടക്കാൻ സഹായം ചെയ്തയാളെ പൊലീസ് അറസ്റ്റ് ചെയ്തു. മുജീബ് റഹ്മാൻ എന്നയാളെ വടക്കേക്കാട് പോലീസാണ് അറസ്റ്റ് ചെയ്തത്. 

തൃശൂര്‍: വധശ്രമ കേസിലെ പ്രതിക്ക് വിദേശത്തേക്ക് കടക്കാന്‍ സഹായം ചെയ്ത സംഭവത്തില്‍ ഒരാള്‍ അറസ്റ്റില്‍. അണ്ടത്തോട് ബീച്ച് റോഡില്‍ കൊപ്പര വീട്ടില്‍ മുജീബ് റഹ്മാന്‍ (52) നെയാണ് വടക്കേക്കാട് എസ്.എച്ച്.ഒ. എം.കെ. രമേശിന്റെ നേതൃത്വത്തിലുള്ള പോലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ സെപ്റ്റംബര്‍ നാലിന് രാത്രി മന്ദലാംകുന്ന് സെന്ററില്‍ യുവാവിന് കുത്തേറ്റ സംഭവത്തില്‍ മൂന്ന് പേര്‍ക്കെതിരേ വടക്കേക്കാട് പോലീസ് വധശ്രമത്തിന് കേസെടുത്തിരുന്നു. സംഭവ ശേഷം പ്രതികള്‍ ഒളിവില്‍ കഴിയുകയായിരുന്നു. ഈ കേസിലെ രണ്ടാം പ്രതിയായ മന്ദലാംകുന്ന് സ്വദേശി മജീദിനെ ഒളിവില്‍ പോകാന്‍ ടിക്കറ്റ് എടുത്ത് കൊടുക്കുകയും കഴിഞ്ഞ ഏഴാം തിയ്യതി ബാംഗ്ലൂര്‍ വഴി ഖത്തറിലേക്ക് പോകുന്നതിനുള്ള സഹായങ്ങള്‍ ചെയ്ത സംഭവത്തിലാണ് കേസിലെ നാലാം പ്രതിയാക്കി മുജീബിനെ അറസ്റ്റ് ചെയ്തത്. 

അടുത്തിടെ അണ്ടത്തോട് ബീച്ചില്‍ കടല്‍ഭിത്തി നിര്‍മ്മാണത്തിന് കരിങ്കല്‍ കൊണ്ടുവന്ന ലോറി തടയുകയും കുന്നംകുളം ഇറിഗേഷന്‍ സെക്ഷന്‍ ഓഫീസിലെ ഓവര്‍സീയറെ തടഞ്ഞു കയ്യേറ്റം ചെയ്ത സംഭവത്തിലും മുജീബ് ഒന്നാം പ്രതിയാണെന്ന് പോലീസ് പറഞ്ഞു.